Tomato Fever: രാജ്യത്ത് 82 തക്കാളിപ്പനി കേസുകൾ; കേരളത്തിൽ അതീവ ജാഗ്രത
അഞ്ചൽ, ആര്യങ്കാവ്, നെടുവത്തൂർ എന്നീ പ്രദേശങ്ങളിലാണ് തക്കാളിപ്പനി കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
രാജ്യത്ത് കോവിഡ് നാലാം തരംഗത്തിനെതിരെയും മങ്കിപോക്സ് കേസുകളുടെ വർധനവിനെതിരെയും പോരാടുന്നതിനിടെ തക്കാളിപ്പനി കേസുകൾ വർധിക്കുന്നത് ആശങ്കയിലാക്കുന്നു. ഇന്ത്യയും കേരള സംസ്ഥാനവും കടുത്ത ജാഗ്രതയിലാണ്. മെയ് ആറിനാണ് കേരളത്തിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് ആകെ 82 തക്കാളിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിലാണ് തക്കാളിപ്പനി കണ്ടുവരുന്നത്.
അഞ്ചൽ, ആര്യങ്കാവ്, നെടുവത്തൂർ എന്നീ പ്രദേശങ്ങളിലാണ് തക്കാളിപ്പനി കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തിൽ രോഗം സ്ഥിരീകരിച്ചതോടെ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പനി ബാധിച്ച കുട്ടികളിൽ തിണർപ്പ്, ചുവന്ന കുമിളകൾ, നിർജ്ജലീകരണം എന്നിവ സാധാരണമാണ്. തക്കാളിപ്പനി വരുമ്പോൾ ക്ഷീണം, സന്ധി വേദന, വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, ചുമ, തുമ്മൽ, മൂക്കൊലിപ്പ്, കടുത്ത പനി, ശരീരവേദന എന്നിവയും ഉണ്ടാകാറുണ്ട്. ചില കേസുകളിൽ ഇവ കാലുകളിലെയും കൈകളിലെയും നിറ വ്യത്യാസത്തിനും കാരണമാകാറുണ്ട്.
ഈ രോഗത്തിന് പ്രത്യേകിച്ച് മരുന്നുകളില്ല. കുട്ടികൾക്ക് നല്ല ഭക്ഷണവും വിശ്രമവും നൽകുക. രോഗ ബാധിതരായ കുട്ടികളുടെ ചർമ്മത്തിൽ ചുവന്ന നിറമുള്ളതും തക്കാളിയോട് സാമ്യമുള്ളതുമായ വലിയ കുമിളകൾ കാണപ്പെടുന്നതിനാലാണ് തക്കാളി പനി എന്ന് വിളിക്കുന്നത്. രോഗത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത് ഏതെങ്കിലും തരത്തിലുള്ള വൈറസാണോ അതോ ചിക്കുൻഗുനിയയുടെ അനന്തര ഫലമാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ രോഗം കണ്ടുവരുന്നതിനാൽ കുട്ടികൾക്ക് ശരിയായ ശുചിത്വം ഉറപ്പാക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു. തക്കാളിപ്പനിയുടെ ലക്ഷണങ്ങൾ എന്തെങ്കിലും കമ്ടെത്തിയാൽ എത്രയും വേഗം ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. രോഗം ബാധിച്ചവർ കുമിളകൾ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കുകയും ശുചിത്വം പാലിക്കുകയും വേണം. നീർജ്ജലീകരണം ഉണ്ടാകാതെ നോക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...