Tomato Fever: കേരളത്തിൽ തക്കാളി പനി; ലക്ഷണങ്ങളും പ്രതിരോധവും, അറിയേണ്ടതെല്ലാം
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ ബാധിക്കുന്ന അപൂർവമായ വൈറൽ അണുബാധയാണ് തക്കാളിപ്പനി. തക്കാളിപ്പനി വൈറൽ പനിയാണോ അതോ ചിക്കുൻഗുനിയയുടെയോ ഡെങ്കിപ്പനിയുടെയോ അനന്തരഫലമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കാസർകോട് ഷിഗെല്ല ബാക്ടീരിയ സാന്നിധ്യമുള്ള ഷവർമ കഴിച്ച് പെൺകുട്ടി മരിക്കാനിടയായ സംഭവത്തിന് പിന്നാലെ കാസർകോടും മലപ്പുറത്തുമായി നിരവധി പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് പുതിയ വൈറസ് കണ്ടെത്തിയിരിക്കുകയാണ്. തക്കാളി പനിയാണ് സംസ്ഥാനത്ത് പുതിയതായി കണ്ടെത്തിയിരിക്കുന്നത്. 82 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. കേസുകളുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
അഞ്ച് വയസിൽ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത് എന്നതിനാൽ കേരള ആരോഗ്യവകുപ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. 82 കേസുകളും കൊല്ലം നഗരത്തിലാണ് റിപ്പോർട്ട് ചെയ്തത്. സ്ഥിരീകരിച്ച എല്ലാ കേസുകളും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളായതാണ് ആശങ്ക ഉയർത്തുന്നത്. രോഗത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്.
സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ആര്യങ്കാവ്, അഞ്ചൽ, നെടുവത്തൂർ എന്നിവിടങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പനിബാധിതരുടെ എണ്ണം കൂടിയതോടെ പ്രദേശങ്ങളിലെ അങ്കണവാടികൾ അടച്ചിട്ടിരിക്കുകയാണ്. അതേസമയം, ഗ്രാമങ്ങളിൽ അധികൃതർ ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.
എന്താണ് 'തക്കാളി പനി'?
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ ബാധിക്കുന്ന അപൂർവമായ വൈറൽ അണുബാധയാണ് തക്കാളിപ്പനി. തക്കാളിപ്പനി വൈറൽ പനിയാണോ അതോ ചിക്കുൻഗുനിയയുടെയോ ഡെങ്കിപ്പനിയുടെയോ അനന്തരഫലമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൂടുതലും രോഗം ബാധിച്ച കുട്ടികൾക്ക് ചൊറിച്ചിൽ, നിർജ്ജലീകരണം തുടങ്ങിയവ അനുഭവപ്പെടുന്നു. ഇത് ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകൾ ഉണ്ടാകാൻ കാരണമാകുന്നു. ഈ കുമിളകൾ സാധാരണയായി വൃത്താകൃതിയിലും ചുവപ്പ് നിറത്തിലും കാണപ്പെടുന്നതിനാലാണ് തക്കാളിപ്പനി എന്ന പേര് ലഭിച്ചത്.
കൊല്ലത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമേ ഇത്തരത്തിലുള്ള പനി കണ്ടെത്തിയിട്ടുള്ളൂ. എന്നാൽ ഇത് മറ്റ് പ്രദേശങ്ങളിലേക്കും പടരാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
തക്കാളി പനിയുടെ ലക്ഷണങ്ങൾ
തിണർപ്പ്, സ്കിൻ ഇറിട്ടേഷൻ, നിർജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ഇത് ബാധിച്ച കുട്ടികൾക്ക് ഏകദേശം തക്കാളിയുടെ വലിപ്പമുള്ള ചുവന്ന നിറത്തിലുള്ള കുമിളകൾ ഉണ്ടാകുന്നു.
കടുത്ത പനി, ശരീരവേദന, സന്ധിവീക്കം, ക്ഷീണം എന്നിവയാണ് മറ്റ് ചില ലക്ഷണങ്ങൾ.
കൂടാതെ, രോഗം ബാധിച്ച കുട്ടിക്ക് നിർജ്ജലീകരണം കാരണം വായിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
കൈകൾ, കാൽമുട്ടുകൾ, നിതംബം എന്നിവയുടെ നിറവ്യത്യാസം മറ്റ് ചില ലക്ഷണങ്ങളാണ്.
ചൊറിഞ്ഞ് പൊട്ടുന്ന തിണർപ്പിൽ നിന്ന് വിരകൾ പുറത്തുവരുന്നതായും ചിലർ പറയാറുണ്ട്.
പ്രതിരോധ നടപടികൾ
നിങ്ങളുടെ കുട്ടിക്ക് തക്കാളി പനിയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുക.
രോഗം ബാധിച്ച കുട്ടികളെ ധാരാളം തിളപ്പിച്ചാറ്റിയ വെള്ളം കുടിപ്പിച്ച് അവരുടെ ശരീരത്തിൽ ജലാംശം നിലനിർത്തണം.
കുമിളകൾ ചൊറിഞ്ഞ് പൊട്ടിക്കാൻ പാടില്ല.
ശരിയായ ശുചിത്വം പാലിക്കുക.
ചൂടുവെള്ളം ഉപയോഗിച്ച് കുളിക്കുക.
രോഗം ബാധിച്ച വ്യക്തിയുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക.
പനിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ ശരിയായ വിശ്രമം എടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...