KSRTC | 700 രൂപയ്ക്ക് കെഎസ്ആർടിസിയുടെ കിടിലൻ ടൂർ പാക്കേജ്
പത്തനംതിട്ടയിൽ നിന്ന് ഗവി, വണ്ടിപ്പെരിയാർ, പരുന്തുംപാറ വഴി വാഗമണ്ണിലേക്കാണ് കെഎസ്ആർടിസി യാത്ര ഒരുക്കുന്നത്
പത്തനംതിട്ട: വെറും 700 രൂപക്ക് പത്തനംതിട്ടയിൽ നിന്നൊരു അടിപൊളി ടൂർ പാക്കേജ്. പത്തനംതിട്ടയിൽ നിന്ന് ഗവി, വണ്ടിപ്പെരിയാർ, പരുന്തുംപാറ വഴി വാഗമണ്ണിലേക്കാണ് കെഎസ്ആർടിസി യാത്ര ഒരുക്കുന്നത്. അടുത്തയാഴ്ചയാണ് സർവീസ് ആരംഭിക്കുന്നത്.
36 സീറ്റുള്ള ഓർഡിനറി ബസിലാകും യാത്ര. രാവിലെ ആറ് മണിക്ക് പുറപ്പെടുന്ന ബസ് രാത്രിയോടെ പത്തനംതിട്ടയിൽ തിരിച്ചെത്തും. ഗവി-വണ്ടിപ്പെരിയാർ-പരുന്തുംപാറ- വാഗമൺ വരെ ഏകദേശം 160 കിലോ മീറ്റര്‍ ദൂരമുള്ള ടൂറിസം പാക്കേജിന് വനമേഖലയിലൂടെ യാത്ര ചെയ്യേണ്ടി വരുമ്പോൾ വനംവകുപ്പിന് അടയ്‌ക്കേണ്ട 100 രൂപയുടെ പാസ് അടക്കം 700 രൂപയാണ് ഒരാളിൽ നിന്ന് ഈടാക്കുന്നത്.
യാത്രക്കാർ ആവശ്യപ്പെടുന്ന പോയിന്റിൽ ബസ് നിർത്തി കാഴ്ചകൾ കാണാൻ അവസരം നൽകും. വാഗമണ്ണിൽ നിന്ന് മുണ്ടക്കയം വഴിയാകും മടക്കയാത്ര. ദൂരസ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പത്തനംതിട്ടയിൽ തങ്ങി പുലർച്ചെ യാത്ര തുടങ്ങുന്നതിന് കെഎസ്ആർടിസി ടെർമിനലിൽ തന്നെ താമസമൊരുക്കാനും കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്. ഇതിനായി 150 കിടക്കകളാണ് ക്രമീകരിക്കുന്നത്.
ടെര്‍മിനലിന്‍റെ ഒന്നാം നിലയിൽ ഇതിനുള്ള നിർമാണ പ്രവർത്തനങ്ങൾ ഉടനെ തുടങ്ങും. കിടക്കയ്ക്ക് മിതമായ ഫീസ് ഈടാക്കും. ഒന്നര മാസത്തിനുള്ളിൽ ഈ സംവിധാനമൊരുക്കും. കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ കഫെ ആരംഭിക്കാനും അനുമതി ലഭിച്ചിട്ടുണ്ട്. ടെര്‍മിനലിന് സമീപം ഷോപ്പിങ് കോംപ്ലകിസിനോട് ചേര്‍ന്ന് പേ ആന്‍ഡ് പാര്‍ക്ക് സംവിധാനവും ഒരുക്കുന്നുണ്ട്.
വിനോദസഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഓൺലൈൻ ബുക്കിങ് സംവിധാനവും ഉടന്‍ സജ്ജീകരിക്കും. നിലവിലുള്ള പത്തനംതിട്ട - ഗവി-കുമളി ഓർഡിനറി യാത്രാ സർവീസിന് പുറമേയാണ് പുതിയ ട്രിപ്പ്. മൂന്ന് മുതൽ അഞ്ച് വരെ ബസുകൾ പുതിയ സര്‍വീസിന് അനുവദിക്കാനാണ് ആലോചന. ആവശ്യമനുസരിച്ചാകും ഈ ക്രമീകരണം. വനംവകുപ്പിന്റെ അനുമതി കൂടി ലഭിച്ചാല്‍ ടൂർ പാക്കേജ് സർവീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...