ഇടുക്കി: വിഷു ഈസ്റ്റർ അവധി ആഘോഷിക്കാൻ  ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തി. ജില്ലയ്ക്ക് അകത്തു നിന്നും പുറത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് സഞ്ചാരികളാണ് കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലേക്ക് എത്തിയത്.  പകൽച്ചൂട് വർധിക്കുക കൂടി ചെയ്തതോടെ സായാഹ്നങ്ങൾ ചെലവിടാൻ ഒട്ടേറെ കുടുംബങ്ങളാണ് ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വൈകുന്നേരം പെയ്യുന്ന വേനൽ മഴ സഞ്ചാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിലും അതൊന്നും സന്ദർശക പ്രവാഹത്തിന് തടസമാകുന്നില്ല. മാസങ്ങളായി നിയന്ത്രണങ്ങൾ നില നിന്ന ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ഇതൊന്നുമില്ലാതെ സഞ്ചാരികളെ സ്വാഗതം ചെയ്യുമ്പോൾ അന്യ സംസ്ഥാനത്തുനിന്നുൾപ്പെടെ സന്ദർശകരുടെ വലിയ വരവു പ്രകടമാണ്.


രാമക്കൽമേട്, മലങ്കര ഡാം, തൊമ്മൻകുത്ത്, ആനയാടിക്കുത്ത്, കാൽവരിമൗണ്ട്, അഞ്ചുരുളി, കുട്ടിക്കാനം, പാഞ്ചാലിമേട്, പരുന്തുംപാറ,  തുടങ്ങി വിവിധ മേഖലകളിൽ വലിയ തിരക്കനുഭവപ്പെട്ടു. മൂന്നാർ മഞ്ഞിലമർന്നതോടെ ഇവിടെ തണുപ്പാസ്വദിക്കാനായാണ് ഒട്ടേറെ പേർ എത്തുന്നത്. സന്ദർശകരുടെ എണ്ണം കൂടിയതോടെ ചെറുകിട വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം തന്നെ ഉത്സവ പ്രതീതിയാണ്.