ചെന്നൈ മെയിലിനു മുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണു: കോട്ടയം എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതത്തിൽ തടസം
ട്രെയിന്റെ എൻജിൻ ഭാഗത്താണ് വൈദ്യുതി ലൈൻ കുടുങ്ങി കിടന്നത്
കോട്ടയം: കോട്ടയം ഏറ്റുമാനൂരിനു സമീപം കോതനല്ലൂരിൽ ചെന്നൈ മെയിൽ കടന്നു പോകുന്നതിനിടെ ട്രെയിനിനു മുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണു. ദുരന്തം ഒഴിവായത് തല നാരിഴയ്ക്ക്. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു ചെന്നൈ - തിരുവനന്തപുരം മെയിലിനു മുകളിലാണ് വൈദ്യുതി ലൈൻ പൊട്ടിവീണതെന്നാണ് ലഭിക്കുന്ന വിവരം. ഇതേ തുടർന്നു കോട്ടയം - എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം താറുമാറായിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. തൃശൂരിൽ ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നു ട്രെയിൻ ഗതാഗതം ഏറെ സ്തംഭനം നേരിടുകയാണ്. ഇതിനിടെയാണ് ഇപ്പോൾ കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന ചെന്നൈ മെയിലിനു മുകളിൽ വൈദ്യുതി ലൈൻ പൊട്ടി വീഴുകയായിരുന്നു.
ട്രെയിന്റെ എൻജിൻ ഭാഗത്ത് കുടുങ്ങിയ വൈദ്യുതി ലൈൻ പൊട്ടി വീണു. തുടർന്ന്, ഇത് വലിച്ചുകൊണ്ട് ട്രെയിൻ മീറ്ററുകളോളം മുന്നോട്ട് നീങ്ങുകയായിരുന്നു. ഇതേ തുടർന്നു ട്രെയിന്റെ എൻജിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കോട്ടയത്തു നിന്നുള്ള റെയിൽവേ സ്‌റ്റേഷൻ മാനേജരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നുള്ള എൻജിനീയറിംങ് സംഘവും അൽപ സമയത്തിനകം സ്ഥലത്ത് എത്തും.
തുടർന്ന്, ട്രെയിനിൽ ഡീസൽ എൻജിൻ ഘടിപ്പിച്ച് യാത്ര തുടരുന്നതിനാണ് നീക്കം നടക്കുന്നത്. വൈദ്യുതി ലൈൻ പൊട്ടി വീണെങ്കിലും തീ പിടിക്കാഞ്ഞതും, വൈദ്യുതി പ്രവഹിക്കാതിരുന്നതും അപകടം ഒഴിവാക്കിയിട്ടുണ്ട്.കുറുപ്പുംതറയ്ക്ക് സമീപം കോതനല്ലൂരിൽ റെയിൽവേ ഇലക്ട്രിക് ലൈൻ പൊട്ടി വീണത് ശരിയാക്കാൻ നാല് മണിക്കൂർ വേണമെന്നാണ് റെയിൽവേ പറയുന്നത് . ഈ തകരാർ പരിഹരിച്ച ശേഷം മാത്രമേ ട്രെയിൻ ഗതാഗതം പൂർവ സ്ഥിതിയിലാക്കാൻ സാധിക്കു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...