കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിയാക്കുന്നതില്‍ സംശയം പ്രകടിപ്പിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് അടൂര്‍ തന്‍റെ സംശയം ആരോപിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"നടക്കാന്‍ പാടില്ലാത്തതാണ് നടന്നത്. ഒരു സ്ത്രീയോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തത്. അത് ചെയ്ത, നമുക്കറിയാവുന്ന ഒരാളുണ്ട്. അയാളെപ്പറ്റിയല്ലാതെ മറ്റുള്ളവരെപ്പറ്റി നമുക്കറിഞ്ഞുകൂടാ. ഇപ്പോഴുള്ളതു മുഴുവന്‍ കഥയായിക്കൂടേ? ഈ കുറ്റകൃത്യം ചെയ്തയാള്‍ക്കറിയാം അക്രമത്തിനിരയായ നടിയും ആരോപണവിധേയനായ നടനുമായി ഇഷ്ടത്തിലല്ല, അതുകൊണ്ടുതന്നെ നടന്‍ അയാളുടെ സിനിമകളില്‍ നിന്ന് ഈ നടിയെ മാറ്റിയിരുന്നു. അത് ഉപയോഗപ്പെടുത്തി, ആ നടന്‍റെ പേര് ഇതിലുള്‍പ്പെടുത്താന്‍ വേണ്ടി ചെയ്തതായിക്കൂടേ? എനിക്ക് ബലമായ സംശയമുണ്ട്. അതാരും പറയുന്നില്ല. അവര്‍ക്കെല്ലാം അത് ഈ നടന്‍ ചെയ്യിപ്പിച്ചതാണെന്നു വരുത്തണം. വലിയൊരു അധോലോക നായകനെപ്പോലെയാണ് മാദ്ധ്യമങ്ങള്‍ ആ നടനെപ്പറ്റി എഴുതുന്നത്..." അടൂര്‍ പറയുന്നു.


ഇപ്പോള്‍ നടക്കുന്നത് ആള്‍ക്കൂട്ട വിചാരണയാണെന്നും അഭിമുഖത്തില്‍ അടൂര്‍ ആരോപിക്കുന്നു. അധോലോക നായകനോ കുറ്റവാളിയോ ചീത്തപ്രവണതക്കാരനോ അല്ല അയാളെന്നും; നിങ്ങളെല്ലാവരുംകൂടി എന്തിനാണ് അയാളെ ഇങ്ങനെയാക്കുന്നതെന്നും നിങ്ങള്‍ക്ക് അതിന്  എന്തധികാരമാണുള്ളതെന്നും അടൂര്‍ ചോദിക്കുന്നുണ്ട്. ഒരാള്‍ക്ക് നീതി കിട്ടാന്‍ ഈ രാജ്യത്ത് അവകാശമുണ്ട്. അതു നിഷേധിക്കാന്‍ നമ്മള്‍ക്കധികാരമില്ല. ഇപ്പോള്‍ നടക്കുന്നത് ആള്‍ക്കൂട്ട വിചാരണയാണ്. അതു തെറ്റാണ് എന്ന് അടൂര്‍ ആവര്‍ത്തിക്കുന്നു.