നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ട്, അക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ ആവര്‍ത്തിച്ച് ഡബ്ലിയുസിസി
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിചാര നടപടികള്‍ തുടങ്ങിയ സാഹചര്യത്തില്‍ സഹപ്രവര്‍ത്തകയ്ക്ക് പിന്തുണ ആവര്‍ത്തിച്ച് വിമന്‍ ഇന്‍ സിനിമ ക്ളക്ടീവ് (ഡബ്ലിയുസിസി).
ആരാണ് പ്രതിയെന്നും അവർക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നിയമ വ്യവസ്ഥയുമാണ്. കോടതിയുടെ എന്തു തീരുമാനവും നീതി പൂർവ്വകമായിരിക്കുമെന്നും സഹപ്രവർത്തകക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഡബ്ലിയുസിസി ഫെയ്സ്ബുക്കില്‍ കുറിച്ചു.
അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നു പോയ വേദനകളെയും കുറിച്ച് തുറന്നു പറയാനും പരാതി നല്കാനും തയ്യാറായ അവള്‍ക്കൊപ്പമാണ് സിനിമയിലെ സ്ത്രീകൂട്ടായ്മയെന്ന് വ്യക്തമാക്കുന്നതാണ് ഡബ്ലിയുസിസിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.
വിചാരണ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കേസിലെ പ്രധാന പ്രതികളിലൊരാളായ നടന്‍ ദിലീപ് കോടതിയില്‍ ഹാജരായിരുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക. അതേസമയം വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന് അക്രമിക്കപ്പെട്ട നടി ആവശ്യപ്പെട്ടു. കൂടാതെ വനിതാ ജഡ്ജി വേണമെന്നും രഹസ്യ വിചാരണ വേണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ കോടതിയുടെ പരിഗണനയിലാണ്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് തൃശ്ശൂരില്‍ നിന്ന് സിനിമയുടെ ഡബിംഗിനായി കൊച്ചിയിലേക്ക് വരുന്നതിനിടെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വച്ച് നടി ആക്രമിക്കപ്പെട്ടത്.