അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചു
ആടിനായി പുല്ല് ശേഖരിച്ച് മടങ്ങും വഴിയാണ് നഞ്ചന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. നഞ്ചനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പാലക്കാട്: അട്ടപ്പാടി മുള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചു. പുതൂർ മുള്ളി സ്വദേശി നഞ്ചനാണ് (58) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ആടിനായി പുല്ല് വെട്ടി തിരിച്ചു വരുന്ന വഴിയാണ് നഞ്ചനെ കാട്ടാന ആക്രമിച്ചത്. ഭവാനി പുഴ തീരത്ത് വച്ച് കാട്ടാന പാഞ്ഞ് വന്ന് ആക്രമിക്കുകയായിരുന്നു. നഞ്ചന്റെ വിളിയും, ആനയുടെ ചിഹ്നം വിളിയും കേട്ടാണ് പ്രദേശവാസികളെത്തിയത്. പിന്നീട് ആനയെ കാട്ടിലേക്ക് ഓടിച്ചുവിട്ടു. ഗുരതരമായി പരിക്കേറ്റ നഞ്ചനെ കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നഞ്ചന്‍റെ ഇടതുവശത്തെ പത്ത് വാരിയെല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നുവെന്നാണ് വിവരം. ആന നെഞ്ചിൽ ചവിട്ടുകയായിരുന്നുവെന്നാണ് നിഗമനം.
അതേസമയം കഴിഞ്ഞ ദിവസം ഇരവികുളം ദേശീയോദ്യാനത്തിന് സമീപം അഞ്ചാം മൈലിൽ കാട്ടാനക്കൂട്ടമിറങ്ങിയത് ഭീതി പടർത്തിയിരുന്നു. തൊഴിലാളികൾ കൊളുന്തെടുക്കുന്നതിനിടെയാണ് ആറിലധികം കാട്ടാനകൾ എത്തിയത്. കാട്ടാനകളെ കണ്ട് പലരും ഭയന്നോടുകയും സമീപത്തെ തെയിലക്കാട്ടിൽ മറഞ്ഞിരിക്കുകയും ചെയ്തു. മണിക്കൂറുകളോളം നിലയുറപ്പിച്ച കാട്ടാന പിന്നീട് വൈകുന്നേരത്തോടെയാണ് കാടുകയറിയത്. ആദ്യമായാണ് ഇത്രയധികം കാട്ടാനക്കൂട്ടം മേഖലയിൽ എത്തുന്നത്. പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാന മേഖലയിൽ ഒറ്റതിരിഞ്ഞ് എത്തുന്നത് പതിവാണ്. പടയപ്പ സമീപത്തെ എസ്റ്റേറ്റുകളിലെത്തി അരി ഭക്ഷികുകയും വീടുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു.
Also Read: ഇരവികുളത്ത് കാട്ടാനക്കൂട്ടമിറങ്ങി; കാട്ടാനക്കൂട്ടമെത്തിയത് തൊഴിലാളികൾ കൊളുന്തെടുക്കുന്നതിനിടെ
ജനവാസ മേഖലയിലിറങ്ങി ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ഒറ്റയാന്‍ അരിക്കൊമ്പനെ മയക്ക് വെടി വെച്ച് പിടികൂടാന്‍ കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിംഗ് ഐഎഫ്എസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. വനം വകുപ്പ് വാച്ചര്‍ ശക്തിവേല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് മേഖലയില്‍ ഉയര്‍ന്നത്. തുടര്‍ന്ന് വനം മന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേരുകയും വയനാട്ടില്‍ നിന്നുള്ള പ്രത്യേക ആര്‍ആര്‍ടി സംഘത്തെ ജില്ലയിലേയ്ക്ക് അയക്കുകയും ചെയ്തു. വെറ്ററിനറി സര്‍ജന്‍ അരുണ്‍ സഖറിയാ നേരിട്ടെത്തി പഠനം നടത്തുകയും അരികൊമ്പനെ പിടികൂടുന്നതടക്കമുള്ള ശുപാര്‍ശ നല്‍കുകയും ചെയ്തു. തുടര്‍ന്ന് സിസിഎഫ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...