Trinamool in Kerala | രാഷ്ട്രീയം പറഞ്ഞ് കേരളത്തിലെ തൃണമൂല്‍ കോണ്‍ഗ്രസും; ലക്ഷ്യം കോണ്‍ഗ്രസ് തന്നെയെന്ന് വ്യക്തം, രാഹുലിന് വിമര്‍ശനം
കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് തന്നെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ രാഷ്ട്രീയം പറഞ്ഞുതുടങ്ങുന്നത്. രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശങ്ങള്‍ തന്നെയാണ് വിമര്‍ശനത്തിന് വഴിവച്ചതും
കോഴിക്കോട്: ദേശീയ തലത്തില്‍ ഒരു ബദല്‍ രാഷ്ട്രീയ നീക്കത്തിനുള്ള ഒരുക്കത്തിലാണ് മമത ബാനര്‍ജി. പശ്ചിമ ബംഗാളിന് പുറത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും തെക്കേ ഇന്ത്യയിലും എല്ലാം സാന്നിധ്യമുറപ്പിക്കാനുള്ള മമത ബാനര്‍ജിയുടെ നീക്കങ്ങള്‍ ദേശീയ രാഷ്ട്രീയം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ഇതിനിടയില്‍, ബിജെപിയ്‌ക്കെതിരെയുള്ള സഖ്യത്തിലേക്ക് ചേരാന്‍ കോണ്‍ഗ്രസിനെ ക്ഷണിക്കുക വരെ ചെയ്തു മമത ബാനര്‍ജി.
പശ്ചിമ ബംഗാളിന് പുറത്ത് കോണ്‍ഗ്രസിലെ പ്രമുഖരെ അടര്‍ത്തിയെടുത്തുകൊണ്ടാണ് തൃണമൂല്‍ മുന്നേറുന്നത്. കേരളത്തിലും അത്തരത്തില്‍ ചില നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട് എന്നാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ നേരത്തേ തന്നെ സംസ്ഥാന കമ്മിറ്റി ഉണ്ടായിരുന്നെങ്കിലും, പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നില്ല. പുതിയ സാഹചര്യത്തില്‍ കേരളത്തിലെ നീക്കങ്ങളുടെ ചുമതല വഹിക്കുന്നത് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് തന്നെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ രാഷ്ട്രീയം പറഞ്ഞുതുടങ്ങുന്നത്. രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശങ്ങള്‍ തന്നെയാണ് വിമര്‍ശനത്തിന് വഴിവച്ചതും. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുത്വയ്ക്ക് പ്രസക്തിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. തീവ്ര ഹിന്ദുത്വ സംഘപരിവാര്‍ രാഷ്ട്രീയത്തെ തോല്‍പിക്കാന്‍, മൃദുഹിന്ദുത്വ കോണ്‍ഗ്രസ് നിലപാടുകള്‍ക്കാവില്ല എന്നാണ് കേരളത്തിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന കണ്‍വീനര്‍ സി ജി ഉണ്ണി പ്രതികരിച്ചത്.
'രാജ്യത്തെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളെ അങ്ങേയറ്റം നിരാശപ്പെടുത്തുന്നതാണ്. തീവ്ര ഹിന്ദുത്വ സംഘപരിവാര്‍ രാഷ്ട്രീയത്തെ, മൃദു ഹിന്ദുത്വ നിലപാടുകള്‍ കൊണ്ട് നേരിടാന്‍ കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്. വര്‍ഗീയതയും വിദ്വേഷവും വെറുപ്പും വമിപ്പിച്ചു ഹിന്ദു രാജ്യമെന്ന ആര്‍എസ്എസ് ലക്ഷ്യത്തിന്, 'മതേതര ജനാധിപത്യ മൂല്യങ്ങളാണ് പ്രതിവിധി' എന്ന ഉജ്ജ്വലമായ മുദ്രാവാക്യമുയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് ഉറപ്പിച്ചു പറയാം.'- സി ജി ഉണ്ണി ഫേസ്ബുക്കില്‍ കുറിച്ചു.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ പുച്ഛിച്ചുതള്ളുന്ന സമീപനം ആണ് അടുത്തിടെയാണ് മമത ബാനര്‍ജി സ്വീകരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് അധികനാള്‍ ആയിട്ടില്ല. ഒരാള്‍ ഒന്നും ചെയ്യാതെ പകുതി സമയം വിദേശത്താണെങ്കില്‍ പിന്നെ എങ്ങനെ രാഷ്ട്രീയത്തില്‍ പ്രവേശിക്കും എന്നാണ് മമത അന്ന് ചോദിച്ചത്. ഇപ്പോഴിതാ, ഗോവയില്‍ ബിജെപിയ്‌ക്കെതിരെയുള്ള പ്രതിപക്ഷ സഖ്യത്തിലേക്ക് കോണ്‍ഗ്രസ് വരുന്നോ എന്ന് കൂടി ചോദിച്ചിരിക്കുകയാണ് മമത.
കേരളത്തില്‍, കോണ്‍ഗ്രസിലേയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലേയും അസംതൃപ്തരെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇത്തരത്തിലുള്ള പല നേതാക്കളുമായും പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു എന്നാണ് വിവരം. ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത്. ഇതിനിടെ 'വൺഇന്ത്യ വൺപെൻഷൻ' സംഘടന കേരളത്തിലെ തൃണമൂൽ കോൺഗ്രസിൽ ലയിച്ചേക്കുമെന്നുള്ള സൂചനകളും ലഭിക്കുന്നുണ്ട്. ദില്ലി കേന്ദ്രീകരിച്ചാണ് ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത് എന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...