Boat Ride: മുന്നറിയിപ്പുകളും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് മത്സ്യബന്ധന ബോട്ടിൽ കുട്ടികളുമായി ഉല്ലാസ യാത്ര; വള്ളത്തിന്റെ ഉടമയ്ക്കെതിരെ നടപടി
Kerala Boat accidents: വള്ളത്തിന്റെ ഉടമ വിഴിഞ്ഞം സ്വദേശി യൂജിനാണ് പിഴയിട്ടത്. പത്ത് വയസിൽ താഴെ പ്രായമുള്ള മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും നാല് പുരുഷൻമാരും അടങ്ങിയ സംഘമാണ് ഉല്ലാസ യാത്ര നടത്തിയത്.
തിരുവനന്തപുരം: മുന്നറിയിപ്പുകളും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് മത്സ്യബന്ധന വള്ളത്തിൽ കടലിൽ ഉല്ലാസ യാത്ര. സ്ത്രീകളും കുട്ടികളുമായാണ് മത്സ്യബന്ധന ബോട്ടിൽ കടലിൽ കടലിൽ ഉല്ലാസ യാത്ര നടത്തിയത്. സംഭവത്തിൽ മത്സ്യബന്ധന വള്ളത്തിന്‍റെ ഉടമയ്ക്കെതിരെ നടപടി സ്വീകരിച്ചു.
വള്ളത്തിന്റെ ഉടമയ്ക്ക് ഫിഷറീസ് അധികൃതർ 25,000 രൂപ പിഴയിട്ടു. ഇക്കഴിഞ്ഞ 23ന് ആണ് സംഭവം. വിഴിഞ്ഞം നോമാൻസ് ലാൻഡിൽ നിന്ന് ഉല്ലാസ യാത്രയ്ക്ക് ഇറങ്ങിയ വള്ളത്തിന്റെ ഉടമ വിഴിഞ്ഞം സ്വദേശി യൂജിനാണ് പിഴയിട്ടത്. പത്ത് വയസിൽ താഴെ പ്രായമുള്ള മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും നാല് പുരുഷൻമാരും അടങ്ങിയ സംഘമാണ് മത്സ്യബന്ധ ബോട്ടിൽ ഉല്ലാസ യാത്ര നടത്തിയത്.
ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് യാത്ര നടത്തിയത്. ശക്തമായ തിരയിൽ ആടിയുലഞ്ഞ് അപകടകരമായ രീതിയിൽ സഞ്ചരിക്കുന്ന മത്സ്യബന്ധന ബോട്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതേ തുടർന്ന്, വിഴിഞ്ഞം തീരദേശ പോലീസിന്‍റെ പട്രോളിംഗ് സംഘം ബോട്ട് തടഞ്ഞു. വിഴിഞ്ഞം സ്വദേശി ജോയി, കടയ്ക്കുളം സ്വദേശി ടോണി എന്നിവർക്കെതിരെ കേസെടുത്തു.
തുടർ നടപടിക്കായി വള്ളം ഫിഷറീസ് വകുപ്പിന് കീഴിലെ മറൈൻ എൻഫോഴ്സ്മെന്‍റിലേക്ക് കൈമാറി. ശക്തമായ കാറ്റും കടൽ ക്ഷോഭവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പുറപ്പെടുവിച്ച സമയത്താണ് അനധികൃത ഉല്ലാസ യാത്ര നടത്തിയതെന്ന് കോസ്റ്റൽ പോലീസ് എസ് ഐ ഗിരീഷ് പറഞ്ഞു.
വള്ളം കസ്റ്റഡിയിലെടുത്ത ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടറാണ് ഉടമ പിഴയടക്കണമെന്ന് നിർദേശം നൽകിയത്. ഉടമ പിഴയടച്ചതിനെ തുടർന്ന് വള്ളം വിട്ട് നൽകാൻ നിർദ്ദേശം നൽകിയതായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...