കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴ കേരളത്തെ വലച്ചെങ്കിലും അത്യപൂര്‍വമായ രണ്ട് കാഴ്ചകള്‍ പ്രകൃതി മലയാളികള്‍ക്കായൊരുക്കി. മാനുഷിക ഇടപെടല്‍ മൂലം മെലിഞ്ഞില്ലാതായിക്കൊണ്ടിരിക്കുന്ന ഭാരതപ്പുഴ നിറഞ്ഞുകവിഞ്ഞാഴുകി...  ചാലക്കുടി പുഴയിലെ അതിരിപ്പിള്ളി വെള്ളച്ചാട്ടം മുഴുവന്‍ വന്യതയോടെ അനാവൃതമായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

മഴലഭ്യതക്കുറവും,മണലെടുപ്പും മൂലം മൃതപ്രായത്തിലായിരുന്നു ഭാരതപ്പുഴ. എത്ര വലിയ മഴ പെയ്താലാകും ഭാരതപ്പുഴയുടെ നീരൊഴുക്ക് തിരികെയെത്തുകയെന്ന് പ്രകൃതി സ്നേഹികള്‍ ആശങ്കപ്പെട്ടു തുടങ്ങിയിട്ട് നാളേറെയായി. പുഴയുടെ നീരൊഴുക്ക് തിരികെ എത്തിക്കാന്‍ നിരവധി പദ്ധതികളും ആവിഷ്കരിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. ഒടുവില്‍ കാലം തെറ്റി വന്ന മഴ തന്നെ വേണ്ടി വന്നു ഭാരതപ്പുഴയുടെ വരണ്ട മണല്‍പ്പാടങ്ങളെ വെള്ളത്തില്‍ ആറാടിക്കാന്‍. അത്യാഹ്ലാദത്തോടെയാണ് ഈ കാഴ്ച മലയാളികള്‍ സ്വീകരിച്ചത്. 



അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല. ഒന്നോ മൂന്നോ അടരുകളുള്ള ജലപാതമായാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അതിരപ്പിള്ളി വെള്ളച്ചാട്ടത്തെ സഞ്ചാരികളെല്ലാം കണ്ടിട്ടുള്ളത്. വെള്ളച്ചാട്ടത്തിന് മുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ടുകള്‍ മൂലം വളരെ കുറച്ചു വെള്ളം മാത്രമേ അതിരിപ്പിള്ളി വെള്ളച്ചാട്ടത്തില്‍ എത്തുന്നുള്ളൂ. അതുകൊണ്ടായിരുന്നു വെള്ളച്ചാട്ടത്തിന്‍റെ സ്വാഭാവിക മനോഹാരിത നഷ്ടമായത്. എന്നാല്‍ ഇത്തവണത്തെ മഴയില്‍ ചാലക്കുടിപ്പുഴ നിറഞ്ഞൊഴുകുകയും അതിരപ്പിള്ളി വെള്ളച്ചാട്ടം അതിന്‍റെ മുഴുവന്‍ വന്യതയോടും സൗന്ദര്യത്തോടും കൂടെ സഞ്ചാരികള്‍ക്ക് മുന്നില്‍ പുനര്‍ജനിക്കുകയും ചെയ്തു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു മുകളില്‍ അണക്കെട്ട് പണിയുമെന്ന നിര്‍ബന്ധ ബുദ്ധിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് അത്യപൂര്‍വമായ കാഴ്ച പ്രകൃതിയൊരുക്കിയത്.