തിരുവനന്തപുരം: പ്രധാനമന്ത്രിയെ കാണാന്‍ യുഡിഎഫ് സംഘത്തിന് അനുമതി നിഷേധിച്ചു. നടപടി പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയിട്ടും മറുപടി നല്‍കിയില്ല. ഇത് മോദിയുടെ തരം താണ രാഷ്ട്രീയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ദുരന്തം അറിയിക്കുന്നതിലുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ മുഖ്യ പ്രതിപക്ഷം ബിജെപിയല്ല, യുഡിഎഫാണെന്ന് ചെന്നിത്തല സർക്കാരിനെ ഓർമിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഖി ദുരിതമേഖല പ്രധാനമന്ത്രി സന്ദർശിക്കുന്നതുകൊണ്ടു മാത്രം കാര്യമില്ലെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി. മൽസ്യബന്ധന മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ 2,000 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ. ഓഖി വിഷയത്തിൽ പ്രതിപക്ഷത്തിന്‍റെ കാഴ്ചപ്പാടും ആവശ്യങ്ങളും പ്രധാനമന്ത്രിയെ അറിയിക്കാൻ എംഎൽഎ എന്ന നിലയിൽ വി.എസ്.ശിവകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത്രയുമധികം ആളുകൾ മരിച്ച ഓഖി ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഓഖിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിൽ വന്ന പാകപ്പിഴകളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും അതിന് കാരണക്കാരായവരെ അന്വേഷിച്ചു കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രാലയം വേണം. ദുരന്തത്തിൽ ഒട്ടേറെ മൽസ്യത്തൊഴിലാളികളും ബോട്ടുകളും വള്ളങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. വളരെ വിലപിടിപ്പുള്ള ഈ ബോട്ടുകളും വള്ളങ്ങളും കണ്ടെത്താൻ നേവിയുടെയും നേവൽ എയർക്രാഫ്റ്റുകളുടെയും സഹായം തേടാൻ സർക്കാർ തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.