കൊച്ചി: ഇടപ്പള്ളിയില്‍ തിരക്കേറിയ റോഡില്‍ അഞ്ചുവയസുകാരിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ അവസരം കൊടുത്ത പിതാവിന്‍റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്‍റെതാണ് നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

പളളുരുത്തി സ്വദേശി ഷിബു ഫ്രാന്‍സിസിനെതിരെയാണ് എറണാകുളം ആര്‍ടിഒ നടപടിയെടുത്തത്. ഞായറാഴ്ച രാവിലെ ഭാര്യയേയും രണ്ട് മക്കളെയും കയറ്റി സ്‌കൂട്ടറില്‍ ഇടപ്പള്ളിയിലൂടെ പോവുകയായിരുന്ന ഇയാള്‍ ഇടയ്ക്ക് വച്ച് മുന്നിലിരുന്ന മകളെ വാഹനം ഓടിക്കാന്‍ അനുവദിക്കുകയായിരുന്നു. 



പിന്നാലെ വന്ന യാത്രികന്‍ ഇത് കാണുകയും ചിത്രീകരിക്കുകയും ചെയ്തു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ട് നടപടിയെടുത്തു.


വാഹനത്തിന്‍റെ നമ്പര്‍ പരിശോധിച്ച് അതു ഷിബുവിന്‍റെതാണെന്ന് ഉറപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി എടുത്തത്. ഷിബു ഫ്രാൻസിസിന്‍റെ ലൈസൻസ് ഒരു വർഷത്തേക്കാണ് സസ്‌പെൻഡ്‌ ചെയ്തിരിക്കുന്നതെന്ന് ജോയിന്‍റ് ആർ.ടി.ഒ. ഷാജി മാധവൻ പറഞ്ഞു. ഇടപ്പള്ളി പോലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.