ദേ...മാമൻ വൈറലായി;സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞാടി മാമനും മോളും
സമൂഹമാധ്യമങ്ങളിൽ നിറഞ്ഞാടുകയാണ് ഒരു മാമനും അനന്തിരവളും. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വൈറൽ താരങ്ങളായി മാറിയ ഗുരുവായൂർ സ്വദേശി അരുൺ ആനയേടത്തും അനന്തിരവൾ ജസ്‌നിയയും വിശേഷങ്ങളുമായി സീ മലയാളം ന്യൂസിനൊപ്പം ചേർന്നപ്പോൾ...
സമൂഹമാധ്യമങ്ങളിൽ നിറഞ്ഞാടുകയാണ് ഒരു മാമനും അനന്തിരവളും. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വൈറൽ താരങ്ങളായി മാറിയ ഗുരുവായൂർ സ്വദേശി അരുൺ ആനയേടത്തും അനന്തിരവൾ ജസ്‌നിയയും വിശേഷങ്ങളുമായി സീ മലയാളം ന്യൂസിനൊപ്പം ചേർന്നപ്പോൾ...
'മാമാ മാമൻ വൈറൽ ആയി'...
ആദ്യ വീഡിയോ ചെയ്ത് കുറച്ചു ദിവസങ്ങൾക്ക് ശേഷം ജസ്‌നിയ വിളിച്ചു പറഞ്ഞതിങ്ങനെയാണെന്ന് അരുൺ പറയുന്നു. എല്ലാം അപ്രതീക്ഷിതമായിരുന്നു. മോളുടെ കൂടെ ഒരു കമ്പനിയ്ക്ക് ചെയ്തു തുടങ്ങിയതാണ്. അതിങ്ങനെ വൈറലാവുമെന്ന് ഒരിക്കലും ഓർത്തില്ല. അവളുടെ കൂടെ റീൽ ചെയ്യാൻ നിർബന്ധിക്കാറുണ്ടായിരുന്നു. പലപ്പോഴും ഞാൻ ഒഴിഞ്ഞു മാറി. ഒന്നരമാസം മുമ്പ് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ നിർബന്ധിച്ചു കൊണ്ടുപോയി ചെയ്യിച്ചതാണ് ആദ്യ വീഡിയോ. നാലഞ്ചു വീഡിയോ ചെയ്തു എല്ലാം ശ്രദ്ധ നേടിയതോടെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ നിൽക്കുകയാണെന്ന് അരുൺ പറയുന്നു.
മുമ്പ് കൊറിയോഗ്രാഫറായിരുന്ന അരുൺ പിന്നീട് ഡാൻസൊക്കെ വിട്ട് ഗൾഫിലേക്ക് പോയി. പ്രവാസം അവസാനിപ്പിച്ച് ഇപ്പോൾ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിൽ കോവിഡ് കൺട്രോൾ റൂമിൽ ജോലി ചെയ്യുകയാണ് അരുൺ. കല എന്നും ഉള്ളിൽ ഉണ്ടെന്നും 16 വർഷങ്ങൾക്കു ശേഷം ഇപ്പോൾ ആളുകൾ ശ്രദ്ധിക്കാൻ കാരണം നിയ മോൾ ആണെന്നും മാമൻ അഭിമാനത്തോടെ പറയുന്നു.
തൃശൂർ സെന്റ് തോമസ് കോളേജിൽ ക്രിമിനോളജി ആൻഡ് പോലീസ് സയൻസ് ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് ജസ്നിയ. മുമ്പ് ഡാൻസ് റിയാലിറ്റി ഷോയിൽ ടൈറ്റിൽ ജേതാവ് കൂടിയാണ് ജസ്‌നിയ എന്ന നിയക്കുട്ടി. സ്വർണ്ണമത്സ്യങ്ങൾ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ നിന്ന് പല ഓഫറുകളും ജസ്‌നിയക്ക് വരുന്നുണ്ട്. പഠനത്തിനൊപ്പം മോഡലിംഗും അഭിനയവും ഒരുമിച്ചു കൊണ്ടുപോകാനാണ് ജസ്‌നിയക്കിഷ്ടം. മാമൻ എന്നതിനേക്കാൾ നല്ലൊരു സുഹൃത്താണ് അരുൺ എന്നാണ് അനന്തിരവൾ പറയുന്നത്. അത് തന്നെയാണ് ഞങ്ങടെ കെമിസ്ട്രിയെന്നും ജസ്‌നിയ സീ മലയാളം ന്യൂസിനോട് പറഞ്ഞു.
മാമനേയും മോളേയും മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. വീഡിയോകളുമായി ഇനിയും എനർജറ്റിക്കായി ഉണ്ടാവുമെന്ന് വൈറൽ താരങ്ങളും ഉറപ്പ് നൽകുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.