Unni Mukundan Case: സ്ത്രീത്വത്തെ അപമാനിച്ച കേസ്; നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഇളവ് തേടി ഉണ്ണി മുകുന്ദൻ
വിദേശ മലയാളിയായ സ്ത്രീയാണ് നടൻ ഉണ്ണിമുകുന്ദനെതിരേ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി നൽകിയത്. കേസിൽ വ്യാജ സത്യവാങ്മൂലം നൽകി ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സ്റ്റേ വാങ്ങുകയായിരുന്നു.
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നേരിട്ട് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഇളവ് നൽകണമെന്ന് ഉണ്ണി മുകുന്ദൻ. നാളെ, ഫെബ്രുവരി 17ന് കേസിൽ വിശദമായ വാദം കേൾക്കാനിരിക്കെയാണ് ഉണ്ണി മുകുന്ദൻ ഇളവ് തേടിയത്. ഫെബ്രുവരി 9നായിരുന്നു കേസിൽ വിചാരണ തടഞ്ഞു കൊണ്ട് പുറത്തിറക്കിയ സ്റ്റേ ഹൈക്കോടതി നീക്കിയത്. പരാതിക്കാരിയുമായി വിഷയം ഒത്തുതീർപ്പായെന്ന് അറിയിച്ചായിരുന്നു സ്റ്റേ വാങ്ങിയത്. ഈ സത്യവാങ്മൂലം വ്യാജമാണെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി സ്റ്റേ നീക്കിയത്. കോടതിയിൽ വ്യാജസത്യവാങ്മൂലം നൽകിയത് എങ്ങനെയെന്ന് വിശദീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
വിദേശ മലയാളിയായ സ്ത്രീയാണ് നടൻ ഉണ്ണിമുകുന്ദനെതിരേ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയുമായി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണിമുകുന്ദൻ മജിസ്ട്രേറ്റ് കോടതിയിലും സെഷൻസ് കോടതിയിലും ഹർജികൾ നൽകിയെങ്കിലും ബന്ധപ്പെട്ട കോടതികൾ ഈ രണ്ട് ഹർജികളും തള്ളുകയായിരുന്നു. തുടർന്ന് ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയിൽ ഹാജരാവുകയും 2021 ൽ പരാതിക്കാരിയുമായി വിഷയം ഒത്തുതീർപ്പാക്കിയെന്ന് കോടതിയെ അറിയിച്ച് സ്റ്റേ വാങ്ങിക്കുകയുമായിരുന്നു. ഫെബ്രുവരി 9ന് കേസ് പരിഗണിച്ചപ്പോൾ വിഷയം ഒത്തുതീർപ്പാക്കിയെന്ന സത്യവാങ്മൂലത്തിൽ ഒപ്പിട്ടിരിക്കുന്നത് തന്റെ കക്ഷിയല്ലെന്ന് സ്ത്രീയുടെ അഭിഭാഷകൻ വ്യക്തമാക്കുകയായിരുന്നു.
ഇതേ തുടർന്നാണ് ജസ്റ്റിസ് കെ ബാബു സ്റ്റേ നീക്കുകയും വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതിയിൽ വിശദീകരണം നൽകാൻ നടൻ ഉണ്ണി മുകുന്ദനോട് ആവശ്യപ്പെടുകയും ചെയ്തത്. കോടതിയിൽ തട്ടിപ്പ് നടന്നിരിക്കുന്നുവെന്ന് ജസ്റ്റിസ് കെ. ബാബു ചൂണ്ടിക്കാണിച്ചു. വ്യാജ സത്യവാങ്മൂലം ഹാജരാക്കിയത് അതീവ ഗുരുതരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ കേസ് കോടതിക്ക് പുറത്തുവെച്ച് ഒത്തു തീർപ്പാക്കിയെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകൂല വിധി നേടിയത്. ഇത് അനുവദിക്കാൻ ആകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വ്യാജ രേഖ ചമയ്ക്കൽ, കോടതിയെ തെറ്റിദ്ധരിപ്പിക്കൽ എന്നിവ ഉണ്ടായെന്നും ഹൈക്കോടതി പരാമർശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...