തിരുവനന്തപുരം: തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ അനുജനും നാടുനീങ്ങിയ ഇളയ രാജാവുമായി ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയുടെ ബെൻസ് കാർ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫ‍ലിക്ക് കൈമാറാനൊരുങ്ങി രാജകുടുംബം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവർ തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെയും ആത്മബന്ധത്തി‍ന്റെയും അടയാളമാണ് കാൻ 42  എന്ന ഈ ബെൻസ് കാർ. കവടിയാർ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന 1955 മോഡൽ മെഴ്സിഡീസ് ബെൻസ് 180 T കാറാണ് യൂസഫ‍ലിക്ക് കൈമാറുന്നത്.


Also Read: ന്യൂ ജെൻ ബ്രെസ്സ മുതൽ 5 ഡോർ ജിംനി വരെ ; മാരുതി കാത്ത് വെച്ചിരിക്കുന്ന ഗംഭീര സർപ്രൈസുകൾ


ജർ‍മനിയിൽ നിർമിച്ച ഈ ബെൻസ് കാർ 1950 ൽ 12,000 രൂപ നൽകിയാണ് രാജകുടുംബം സ്വന്തമാക്കുന്നത്. കർ‍ണാടകയിൽ റജിസ്ട്രേഷൻ നടത്തിയ ഈ കാർ വാഹനപ്രേ‍മികൂടിയായ മാർത്താണ്ഡവർമ‍‍യുടെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. അദ്ദേഹം ബംഗളൂരുവി‍ൽ താമസിക്കുമ്പോൾ യാത്ര ചെയ്യാനായി ഈ കാറാണ് അധികവും ഉപയോഗിച്ചിരുന്നത്.  മാത്രമല്ല ഒരു മിനിറ്റിനുള്ളിൽ ഒരു മൈൽ വേഗത്തിൽ പാഞ്ഞിരുന്ന ഉത്രാടം തിരുനാളിന് 'മൈൽ എ മിനിട്ട്' എന്ന പേര് നേടിക്കൊടുത്തതും ഈ ബെൻസാണ്. 


38 മത്തെ വയസ് മുതൽ സ്വയം ഓടിച്ചും യാത്രക്കാ‍രനായും 40 ലക്ഷം മൈലുകൾ മാർത്താണ്ഡവർമ സഞ്ചരി‍ച്ചെന്നാണു കണക്ക്. അതിൽ 23 ലക്ഷം മൈലും ഈ ബെൻ‍സിൽ തന്നെയായിരുന്നു സഞ്ചാരം. ഇത്രയും മൈലുകൾ അദ്ദേഹം ഈ കാറിൽ സഞ്ചരിച്ചതിന് ബെൻസ് കമ്പനി അദ്ദേഹത്തിന് ഉപഹാരവും പ്രത്യേക മെഡലും  നൽകിയിരുന്നു ഇത് കാറിന്റെ മുന്നിൽ പതിച്ചിട്ടുമുണ്ട്. 85 മത്തെ വയസ്സിലും മാർത്താണ്ഡവർമ ഇതേ വാഹനം ഓടിച്ചിരുന്നു. 


Also Read: Viral Video: തന്റെ കഴിവുകൊണ്ട് ആനന്ദ് മഹീന്ദ്രയെ വിസ്മയിപ്പിച്ച് കുട്ടി!


ഇതിനിടയിൽ ഈ ബെൻസിന് മോഹവില നൽകി വാങ്ങാൻ പല പ്രമുഖരും  സമീപിച്ചിരുന്നുവെങ്കിലും അദ്ദേഹം നൽകിയില്ല.  എന്തിനേറെ റെക്കോർഡ് ദൂരം സഞ്ചരിച്ച ബെൻ‍സിനെ അഭിമാന ചിഹ്നമായി മാറ്റാൻ ബെൻസ് കമ്പനി തന്നെ ആഗ്രഹിക്കുകയും ഇതിനെ ഏറ്റെടുക്കാൻ തയ്യാറായ ഇതിന് പകരം 2 പുതിയ കാറുകൾ നൽകാമെന്ന വാഗ്ദാനവുമായി കമ്പനി മുന്നോട്ട് വന്നെങ്കിലും ഉത്രാടം തിരുനാൾ കുലുങ്ങിയില്ല.  ഒടുവിൽ തന്റെ ആത്മസുഹൃത്ത് എംഎ യൂസഫലിക്ക് കൈമാറാനാണ് അദ്ദേഹം തീരുമാനിച്ചത്.  


യൂസഫലിയുടെ അബുദാബിയിലെ വസതി സന്ദർശിച്ച മാർത്താണ്ഡവർമ്മ അദ്ദേഹത്തെ കവടിയാർ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.  2012 ൽ യൂസഫലി കൊട്ടാരത്തിലെത്തിയപ്പോൾ കാർ സമ്മാനിക്കാനുള്ള തന്റെ ആഗ്രഹം ഉത്രാടം തിരുനാൾ  യൂസഫലിയെ അറിയിച്ചു.  ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ വിടവാങ്ങിയതോടെ ഈ കാർ മകൻ പത്മനാഭവർമ്മയുടേയും ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഫൗണ്ടേഷന്റെയും സംരക്ഷണയിലാണ്. ഈ കാറാണ് ഇപ്പോൾ യൂസഫലിക്ക് കൈമാറാൻ കുടുംബം തീരുമാനിച്ചത്.


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക