V D Satheesan: കേസെടുത്ത് പേടിപ്പിക്കേണ്ട, ജയിലിൽ പോകാനും തയ്യാർ: വെല്ലുവിളിച്ച് വി.ഡി സതീശൻ
V D Satheesan criticizes CM Pinarayi Vijayan: ഇന്നലെ വരേയും മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുകയായിരുന്നുവെന്ന് വി.ഡി സതീശൻ ആരോപിച്ചു.
കോഴിക്കോട്: നവകേരള സദസുമായി ബന്ധപ്പെട്ട് നടന്ന മുഴുവൻ അക്രമങ്ങളുടേയും ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഏത് കേസ് എടുത്താലും ഒന്നാം പ്രതിയാകേണ്ടയാളും മുഖ്യമന്ത്രിയാണ്. വധശ്രമത്തിന് പോലീസ് കേസെടുത്ത അക്രമ സംഭവം മാതൃകാ പ്രവർത്തനം ആയിരുെന്നന്നും അത് ഇനിയും തുടരണമെന്നും പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കലാപത്തിന് ആഹ്വാനം ചെയ്തതിന് കേസിൽ പ്രതിയാകേണ്ടയാളാണ് പിണറായി വിജയൻ. ഇന്നലെ വരേയും മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
കല്യാശ്ശേരി മുതൽ കൊല്ലം വരെ മുഖ്യമന്ത്രിക്കൊപ്പമുള്ള ക്രിമിനലുകൾ ഞങ്ങളുടെ കുട്ടികളെ ആക്രമിച്ചു. സഹികെട്ടപ്പോഴാണ് അടിച്ചാൽ തിരിച്ചടിക്കുമെന്ന് പറഞ്ഞത്. എസ്.എഫ്.ഐക്കാരോടുള്ള സമീപനമല്ല പോലീസിന് കെ.എസ്.യുവിനോട്. 2000 പോലീസുകാരുടേയും 150 വാഹനങ്ങളുടേയും പാർട്ടി ഗുണ്ടകളുടേയും ക്രിമിനലുകളുടേയും അകമ്പടിയിൽ നടക്കുന്ന മുഖ്യമന്ത്രി ഭീരുവാണെന്നാണ് ഞാൻ പറഞ്ഞത്. സുധാകരനോട് ചോദിക്കൂ എന്നാണ് അതിന് മുഖ്യമന്ത്രിയുടെ മറുപടി. പിണറായി വിജയൻ ഭീരുവാണെന്നാണ് കെ.സുധാകരനോട് ചോദിച്ചപ്പോൾ മറുപടി പറഞ്ഞത്.
ALSO READ: കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു; അതിർത്തികളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി കർണാടക
കെ.എസ്.യുക്കാരേയും യുത്ത് കോൺഗ്രസുകാരേയും അടിച്ചാൽ ആരും ചോദിക്കില്ലെന്നാണ് ധാരണയെങ്കിൽ ആ ധാരണ തെറ്റാണ്. അടിച്ചാൽ തിരിച്ചടിക്കുക തന്നെ ചെയ്യും. പോലീസ് നിഷ്പക്ഷമായി കേസെടുത്തില്ലെങ്കിൽ ഞങ്ങൾക്ക് വേറെ മാർഗമില്ല. ഇന്നലെ ഒരു പുരുക്ഷ എസ്.ഐയാണ് പെൺകുട്ടിയുടെ വസ്ത്രം വലിച്ചു കീറിയത്. പ്രതിപക്ഷ നേതാവിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പേടിപ്പിക്കാനൊന്നും മുഖ്യമന്ത്രി നോക്കണ്ട. ജയിലിൽ പോകാനും പേടിയില്ല. ഇല്ലാത്ത കേസിൽ കുട്ടികളെ ജയിലിലാക്കിയാൽ അവർക്കൊപ്പം പ്രതിപക്ഷ നേതാവും ഉണ്ടാകും.
പ്രതിപക്ഷ നേതാവിന് നിരാശ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ദിനംപ്രതി ജനങ്ങളാൽ വെറുക്കപ്പെട്ട സർക്കാരിനെകാണുമോർ എനിക്ക് നിരാശ എന്തിന്? കമ്യൂണിസ്റ്റ് പാർട്ടിയെ കേരളത്തിന്റെ മണ്ണിൽ കുഴിച്ചുമൂടാൻ നടത്തിയ യാത്രയാണെന്ന് ജനങ്ങൾ വഴിയരികിൽ നിന്ന് പറയുമ്പോൾ പ്രതിപക്ഷത്തിന് നിരാശ എന്തിനാണ്? കേരളത്തിൽ നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് കൃത്യമായ മുൻതൂക്കമുണ്ട്. പിന്നെ ഞങ്ങൾക്ക് എന്തിനാണ് നിരാശ.
മുഖ്യമന്ത്രി സ്ഥാനത്തെ ഞാൻ ബഹുമാനിക്കുന്നു. വിജയൻ എന്ന് വിളിക്കാൻ അറിയാൻ പാടില്ലാഞ്ഞിട്ടല്ല, ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നാണ് ഞാൻ വിളിക്കുന്നത്. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്റെ പേരെടുത്ത് വിളിച്ചു എങ്കിൽ അത് അദേഹത്തിന്റെ ഔചിത്യം. എന്റെ പേര് അല്ലേ വിളിച്ചത്. ദേഷ്യം വരുമ്പോൾ പാർട്ടിക്കാരെ ഒക്കെ വിളിക്കുന്നത് പോലെ എന്നെ വിളിച്ചില്ലല്ലോ. എനിക്ക് ഒരു പരാതിയും ഇല്ല.
പൊതുമരാമത്ത് മന്ത്രിയുടെ നാവ് റെഡിയായി എന്നറിഞ്ഞതിൽ സന്തോഷം. മാസപ്പടി വിവാദം വന്നപ്പോൾ അദ്ദേഹം നാവ് ഉപ്പിലിട്ടു വച്ചിരിക്കുകയായിരുന്നു. കണ്ണാടി നോക്കിയാൽ പ്രതിപക്ഷ നേതാവ് ലജ്ജ കൊണ്ട് മുഖം കുനിക്കുമെന്നാണ് പൊതുമരാമത്ത് മന്ത്രി പറഞ്ഞത്. അഭിമാനത്തോടെ തല ഉയർത്തി നിൽക്കാവുന്ന കാര്യങ്ങളെ ഞാൻ ചെയ്തിട്ടുള്ളൂ. അത് ഓരോരുത്തരുടെയും ആത്മവിശ്വാസമാണ്. വിലയിരുത്തേണ്ടത് ജനങ്ങളാണ്. പൊതുമരാമത്ത് മന്ത്രി കണ്ണാടി നോക്കിയാൽ എങ്ങനെ ഈ സ്ഥാനത്ത് എത്തിയത് എന്നതിന്റെ പൂർവകാല കഥകൾ അറിയും. കോഴിക്കോട് മത്സരിക്കാനെത്തിയപ്പോൾ എം.പി. വിരേന്ദ്രകുമാർ പറഞ്ഞത് മുതൽ മാനേജ്മെന്റ് ക്വാട്ടയിൽ മാന്ത്രിയായത് വരെയുള്ള മുഴുവൻ കാര്യങ്ങളും കണ്ണാടി നോക്കിയാൽ തെളിയും. ആരാണ് നാണിച്ച് തലതാഴ്ത്തുകയെന്ന് അപ്പോൾ ബോധ്യമാകും.
മുഖ്യമന്ത്രിയെ വിമർശിച്ചാൽ പൊതുമരാമത്ത് മന്ത്രിക്ക് മാത്രമേ നോവുന്നുള്ളു. വേറെ ആർക്കും നോവുന്നില്ല. മറുപടി പറയാൾ ഇദ്ദേഹം മാത്രമേയുള്ളൂ. മുഖ്യമന്ത്രിയെ ഭീരു എന്ന് വിളിച്ചപ്പോൾ പൊട്ടിത്തെറിച്ചത് മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ആർക്കാണ്.
ഗവർണറും സർക്കാരും തമ്മിൽ നടക്കുന്നത് നാടകമാണ്. സെനറ്റിലേക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ലെറ്റർ പാഡിലും ആളുകളുടെ പേരുകൾ ശുപാർശ ചെയ്തിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എന്നെ കുറിച്ച് നല്ലത് പറഞ്ഞാലെ ഭയപ്പെടേണ്ടതുള്ളൂ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി ഏറ്റുമുട്ടുമ്പോൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന് മുഖ്യമന്ത്രിക്ക് ഒപ്പമേ നിൽക്കാനാകൂ. അതാണ് അവർ തമ്മിലുളള ബന്ധമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.