തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും സംസ്ഥാന സർക്കാർ ഉടൻ നഷ്ടപരിഹാരം അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തിൽ മരിച്ചവർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും അനുവദിച്ചത് ആശ്വാസകരമാണ്. കേന്ദ്രസർക്കാരിനെ മാതൃകയാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. സംസ്ഥാനത്ത് റോഡ് അപകടങ്ങൾ തടയാൻ സർക്കാർ കർശനമായി ഇടപെടണമെന്നും സുരേന്ദ്രൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അപകടത്തിൽപ്പെട്ട ബസിനെതിരെ മുമ്പ് അഞ്ച് കേസുകൾ എടുത്തിരുന്നുവെന്നത് ഞെട്ടിക്കുന്നതാണ്. കുപ്രസിദ്ധമായ ബസിനെതിരെ മോട്ടോർവാഹന വകുപ്പ് ജാഗ്രത പാലിച്ചിരുന്നെങ്കിൽ വൻ അപകടം ഒഴിവാക്കാമായിരുന്നു. ടൂറിസ്റ്റ് ബസുകളുടെയും ദീർഘദൂര ബസുകളുടെയും അമിതവേഗം നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പും പൊലീസും തയ്യാറാവണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.


ALSO READ: വടക്കഞ്ചേരി അപകടം: രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി  


സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്‌തുവെന്ന് പിഎം ഓഫീസ് ട്വീറ്റ് ചെയ്തു. പിഎംഎൻആർഎഫിൽ നിന്നാണ് മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ധനസഹായം അനുവദിച്ചിരിക്കുന്നത്.  രാഷ്ട്രപതി ദ്രൗപദി മുർമുവും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.  ‘‘സ്കൂൾ കുട്ടികളുടെയും മറ്റും വിലപ്പെട്ട ജീവനുകൾ നമുക്ക് നഷ്ടമായിരിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയാണ്. പരുക്കേറ്റവർ വേഗം സുഖംപ്രാപിക്കട്ടെ’’ – രാഷ്ട്രപതി ട്വീറ്റ് ചെയ്തു


സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ആരാണ് ബസ്സിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കോടതി ചോദിച്ചു. കോടതി നിരോധിച്ച ഫ്ലാഷ് ലൈറ്റുകളും ശബ്ദ സംവിധാനങ്ങളും വാഹനത്തിൽ ഉപയോഗിച്ചിരുന്നുവെന്ന് ചൂണ്ടികാട്ടി കൊണ്ടാണ് ഹൈക്കോടതിയുടെ ചോദ്യം. കൂടാതെ അപകടത്തെക്കുറിച്ച് പോലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകടത്തിന് കാരണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞിരുന്നു.


വടക്കഞ്ചേരിയിൽ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് കുട്ടികളുമായി പോയ ബസ് അപകടത്തിൽ പെട്ടത്. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന് പിന്നിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ച് ചതുപ്പിലേക്ക് മറിഞ്ഞു. അഞ്ച് കുട്ടികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമാണ് മരിച്ചത്. ആകെ 60 പേർക്ക് പരുക്കേറ്റു. മണിക്കൂറിൽ 97.5 വേഗത്തിലായിരുന്നു ടൂറിസ്റ്റ് ബസ് സഞ്ചരിച്ചതെന്നാണ് റിപ്പോർട്ട്.


അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് കെഎസ്ആർടിസി ബസിന് പിന്നിൽ ഇടിച്ച് അപകടം സംഭവിച്ചത്. ഈ സമയം ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.5 കിലോമീറ്റര്‍ വേഗതയിലായിരുന്നുവെന്നാണ് വിവരം. സ്കൂള്‍ അധികൃതര്‍ക്കും വീഴ്ച സംഭവിച്ചിട്ടുണ്ട്. യാത്രയുടെ വിവരങ്ങള്‍ ആർടിഒയെ അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ സമ​ഗ്ര അന്വേഷണം നടത്തും. സ്കൂളുകൾ വിനോദയാത്ര സംഘടിപ്പിക്കുമ്പോൾ വിവരം ​ഗതാ​ഗത വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്ന് സ്ഥലം സന്ദര്‍ശിച്ച എംവിഡി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. 


അപകട സമയം ചാറ്റല്‍ മഴയുണ്ടായിരുന്നു. അപകടത്തിന്റെ വ്യാപ്തി വർധിക്കാൻ ഇതും കാരണമായെന്നാണ് വിലയിരുത്തൽ. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്‍റെ പുറകിലിടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിരങ്ങി നീങ്ങിയ ബസ് ചതുപ്പിലേക്ക് മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്‍റെ വലതുഭാഗം ടൂറിസ്റ്റ് ബസിനുളളിലായി. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികളാണ് വിനോദയാത്ര പോയത്. കെഎസ്ആർടിസി ബസ് കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു. വാളയാര്‍ വടക്കഞ്ചേരി കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.