Vadakkanchery Accident: വടക്കഞ്ചേരി അപകടം: രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ന്യൂഡൽഹി: വടക്കാഞ്ചേരി ബസ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്‌തുവെന്ന് പിഎം ഓഫീസ് ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പിഎംഎൻആർഎഫിൽ നിന്നാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. പരുക്കേറ്റവർക്ക് 50,000 രൂപയും നൽകും.
രാഷ്ട്രപതി ദ്രൗപദി മുർമുവും ദുഃഖം രേഖപ്പെടുത്തി. ‘‘സ്കൂൾ കുട്ടികളുടെയും മറ്റും വിലപ്പെട്ട ജീവനുകൾ നമുക്ക് നഷ്ടമായിരിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയാണ്. പരുക്കേറ്റവർ വേഗം സുഖംപ്രാപിക്കട്ടെ’’ – രാഷ്ട്രപതി ട്വീറ്റ് ചെയ്തു
വടക്കഞ്ചേരിയിൽ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് കുട്ടികളുമായി പോയ ബസ് അപകടത്തിൽ പെട്ടത്. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന് പിന്നിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ച് ചതുപ്പിലേക്ക് മറിഞ്ഞു. അഞ്ച് കുട്ടികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമാണ് മരിച്ചത്. ആകെ 60 പേർക്ക് പരുക്കേറ്റു. മണിക്കൂറിൽ 97.5 വേഗത്തിലായിരുന്നു ടൂറിസ്റ്റ് ബസ് സഞ്ചരിച്ചതെന്നാണ് റിപ്പോർട്ട്.
Also Read: Vadakkencherry Bus Accident: വടക്കഞ്ചേരി ബസ് അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു
സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ആരാണ് ബസ്സിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കോടതി ചോദിച്ചു. കോടതി നിരോധിച്ച ഫ്ലാഷ് ലൈറ്റുകളും ശബ്ദ സംവിധാനങ്ങളും വാഹനത്തിൽ ഉപയോഗിച്ചിരുന്നുവെന്ന് ചൂണ്ടികാട്ടി കൊണ്ടാണ് ഹൈക്കോടതിയുടെ ചോദ്യം. കൂടാതെ അപകടത്തെക്കുറിച്ച് പോലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകടത്തിന് കാരണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞിരുന്നു.
അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് കെഎസ്ആർടിസി ബസിന് പിന്നിൽ ഇടിച്ച് അപകടം സംഭവിച്ചത്. ഈ സമയം ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.5 കിലോമീറ്റര്‍ വേഗതയിലായിരുന്നുവെന്നാണ് വിവരം. സ്കൂള്‍ അധികൃതര്‍ക്കും വീഴ്ച സംഭവിച്ചിട്ടുണ്ട്. യാത്രയുടെ വിവരങ്ങള്‍ ആർടിഒയെ അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തും. സ്കൂളുകൾ വിനോദയാത്ര സംഘടിപ്പിക്കുമ്പോൾ വിവരം ഗതാഗത വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്ന് സ്ഥലം സന്ദര്‍ശിച്ച എംവിഡി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്.
അപകട സമയം ചാറ്റല്‍ മഴയുണ്ടായിരുന്നു. അപകടത്തിന്റെ വ്യാപ്തി വർധിക്കാൻ ഇതും കാരണമായെന്നാണ് വിലയിരുത്തൽ. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്‍റെ പുറകിലിടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിരങ്ങി നീങ്ങിയ ബസ് ചതുപ്പിലേക്ക് മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്‍റെ വലതുഭാഗം ടൂറിസ്റ്റ് ബസിനുളളിലായി. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികളാണ് വിനോദയാത്ര പോയത്. കെഎസ്ആർടിസി കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു. വാളയാര്‍ വടക്കഞ്ചേരി കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വടക്കഞ്ചേരി വാഹനാപകടം ആരെയും ഞെട്ടിക്കുന്നതാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. പരിക്കേറ്റവർക്ക് ആവശ്യമായ സഹായം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പും സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...