വര്‍ക്കല തീപിടിത്തം; തീ പടർന്നത് കാർപോർച്ചിൽ നിന്ന്, സിസിടിവി ദൃശ്യങ്ങൾ പുറത്ത് - പോലീസ് അന്വേഷണം തുടങ്ങി
വർക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് പ്രത്യേക സംഘം സംഭവത്തിൽ അന്വേഷണം തുടങ്ങി.
തിരുവനന്തപുരം: വർക്കല ദളവാപുരത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിൽ അട്ടിമറി സാധ്യത തള്ളി പോലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കാർപോർച്ചിൽ നിന്നാണ് വീട്ടിലേക്ക് തീ പടർന്നതെന്നാണ് പോലീസ് പറയുന്നത്. കാര്‍ പോര്‍ച്ചിലെ എല്‍ഇഡി ബള്‍ബിന്റെ വയർ ഷോര്‍ട്ടായതാണ് തീപിടിത്തത്തിന് കാരണം. തീപ്പൊരി പോര്‍ച്ചിലെ ബൈക്കില്‍ വീഴുകയും പടർന്ന് പിടിക്കുകയുമായിരുന്നു. പിന്നാലെ പൊട്ടിത്തെറിയുണ്ടായി. തുടര്‍ന്ന് തീപ്പൊരി ജനല്‍ ഭാഗത്ത് കൂടി ഹാളിലും പടര്‍ന്നു.
അതിനിടെ, വർക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് പ്രത്യേക സംഘം സംഭവത്തിൽ അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിക്ക് അയൽവാസികളാണ് വീടിന് തീപിടിച്ചത് പോലീസിനെയും അഗ്നിരക്ഷാ സേനയെയും അറിയിക്കുന്നത്. പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
രാവിലെ ഇലക്ട്രിക് പരിശോധനാ വിഭാഗം ഉദ്യോഗസ്ഥ സംഘം തീപിടിത്തമുണ്ടായ വീട്ടിലെത്തി മീറ്റർ ബോക്സും വയറിംഗും വിശദമായി പരിശോധിച്ചിരുന്നു. സർക്യൂട്ട് ബ്രേക്കറിന് കാര്യമായി നാശം സംഭവിച്ചിട്ടുണ്ട്. കാരണം വ്യക്തമായി പറയാറായിട്ടില്ലെന്ന് ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് വിഭാഗം അധികൃതർ പറഞ്ഞു. ഇന്നലെ ഫോറൻസിക് വിഭാഗം പരിശോധന നടത്തിയിരുന്നു. ഫോറൻസിക് പരിശോധന ഫലവും തീപിടിത്തത്തിൽ കേടുപാടുകൾ സംഭവിച്ച വീടിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ നിർണ്ണായകമാണ്.
അതിനിടെ, തീപിടിത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ നിഹുലിന്‍റെ ആരോഗ്യ നില മെച്ചപ്പെട്ട് വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ കഴിയുന്ന നിഹുലിന്‍റെ മൊഴിയും നിർണ്ണായകമാകും. മരിച്ച അഞ്ച് പേരുടെയും സംസ്കാരം നാളെ നടത്താനാണ് കുടുംബം ആലോചിക്കുന്നത്. അഭിരാമിയുടെ അച്ഛൻ വിദേശത്ത് നിന്ന് നാട്ടിൽ എത്തിയതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും.
അതേസമയം, തീപ്പിടിത്തമുണ്ടായ വീടിന് ചുറ്റമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്. അസ്വഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിട്ടില്ലെന്നാണ് നിഗമനം. രാത്രി ഒന്നേകാലോടെ തീപിടിത്തമുണ്ടാകുന്നത് കണ്ട നാട്ടുകാർക്ക് വീട്ടിനുള്ളിലേക്ക് കയറാൻ കഴിഞ്ഞില്ല. വീടിന്റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയിരുന്നു. വളർത്തു നായെയും അഴിച്ചുവിട്ടിരുന്നു. പിന്നീട്, നാട്ടുകാർ ബഹളുമുണ്ടാക്കിയിട്ടും വീട്ടിലുള്ളവർ ഉണരാത്തതിനാൽ നിഹുലിനെ അയൽവാസി ഫോണിൽ വിളിച്ചുണർത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...