വിജിലൻസ് ഡയറക്ടറെ മാറ്റിയതിൽ ദുരൂഹത... സർക്കാരിന് ഭീതിയും വെപ്രാളവുമെന്ന് വി.ഡി.സതീശൻ
പ്രതിപക്ഷം പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി
തിരുവനന്തപുരം : സ്വപ്നയുടെ ആരോപണങ്ങൾക്ക് തൊട്ടു പിന്നാലെ വിജിലൻസ് ഡയറക്ടറെ മാറ്റിയത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിജിലൻസ് ഡയറക്ടറെ തിടുക്കത്തിൽ മാറ്റിയതിൽ ദുരൂഹതയുണ്ട്. കോടതിയിൽ സ്വപ്ന സുരേഷ് നൽകിയ മൊഴിയുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ഏറെയുണ്ടെന്ന ആരോപണം ശരിവയ്ക്കുന്നതാണ് സർക്കാർ നീക്കം. ആരോപണങ്ങളിൽ സർക്കാരിന് ഭീതിയും വെപ്രാളവുമാണ് ഗൗരവമുള്ള എന്തോ സംഭവിച്ചിട്ടുണ്ടെന്നും കേന്ദ്ര ഏജൻസികൾ വരെ മൗനം പാലിക്കുന്നതായും വി.ഡി സതീശൻ ആരോപിച്ചു.
കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മുൻ മാധ്യമ പ്രവർത്തകൻ പോലീസിന്‍റെ ഉപകരണമായി പ്രവർത്തിക്കുന്നു. മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ അറിയാതെ ഒന്നും നടക്കില്ല. പ്രതിപക്ഷം പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി. ഇടനിലക്കാരനായ മുൻ മാധ്യമ പ്രവർത്തകനെ ചോദ്യം ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. സർക്കാരിനും സർക്കാരുമായി ബന്ധപ്പെട്ട ആളുകൾക്കും സമനില തെറ്റിയിരിക്കുകയാണ് .
മുഖ്യമന്ത്രി ഇനിയും മൗനം തുടരരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്. ഇത്രയും വലിയ സുരക്ഷ ഒരുക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഊരി പിടിച്ച വാളുകൾക്ക് ഇടയിലൂടെ നടന്നു നീങ്ങിയ പിണറായി വിജയന് ഇപ്പോൾ എന്താണ് ഭയമെന്നും എന്തിനാണ് ഈ വെപ്രാളമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...