VD Satheeshan: സ്റ്റാലിനെ പോലുള്ള ഏകാധിപതികളുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻ സി.പി.എം തയാറാകണമെന്ന് വിഡി സതീശൻ
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ജനാധിപത്യത്തിന്റെ മൂല്യം തിരിച്ചറിയാൻ കഴിയുന്നുവെങ്കിൽ സ്റ്റാലിനെ പോലെയുള്ള ഏകാധിപതിയുടെ ചിത്രങ്ങൾ ഓഫീസിൽ നിന്ന് നീക്കം ചെയ്യാനെങ്കിലും സിപിഎം തയ്യാറാവണമെന്ന് VD Satheeshan.
തിരുവനന്തപുരം: സ്റ്റാലിനെ (Stalin) പോലുള്ള ഏകാധിപതികളുടെ ചിത്രങ്ങൾ പാർട്ടി ഓഫീസുകളിൽ നിന്ന് നീക്കം ചെയ്യാൻ സിപിഎം (CPM) തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (Opposition Leader VD Satheeshan). ഫേസ്ബുക്കിലൂടെയാണ് സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്. സോവിയറ്റ് യൂണിയനിലെ (Soviet Union) കമ്യൂണിസ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിന്റെ (Joseph Stalin) ഭരണകാലത്ത് വധിക്കപ്പെട്ടവരുടേതെന്ന് കരുതുന്ന ആയിരക്കണക്കിന് അസ്ഥികൂടങ്ങൾ കണ്ടെടുത്തതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
മനുഷ്യാവകാശങ്ങളെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും ബോധവാന്മാരായ ഇന്നത്തെ സമൂഹത്തെ അദ്‌ഭുതപ്പെടുത്തുന്നതാണ് ഈ സംഭവം എന്നാണ് സതീശൻ ഫേസ്ബുക്കിൽ കുറിച്ചത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ജനാധിപത്യത്തിന്റെ മൂല്യം തിരിച്ചറിയാൻ കഴിയുന്നുവെങ്കിൽ സ്റ്റാലിനെ പോലെയുള്ള ഏകാധിപതിയുടെ ചിത്രങ്ങൾ ഓഫീസിൽ നിന്ന് നീക്കം ചെയ്യാനെങ്കിലും അവർ തയ്യാറാവണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് :
മനുഷ്യാവകാശങ്ങളെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും ബോധവാന്മാരായ ഇന്നത്തെ സമൂഹത്തെ അദ്‌ഭുതപ്പെടുത്തുന്നതാണ് പഴയ സോവിയേറ്റ് യൂണിയനിലെ യുക്രയിനിൽ കമ്മ്യൂണിസ്റ്റ് ഏകാധിപതി സ്റ്റാലിന്റെ ഭരണകാലത്ത് വധിക്കപ്പെട്ടവരുടെ ആയിരക്കണക്കിന് അസ്ഥികൂടങ്ങൾ കണ്ടെടുത്ത വാർത്ത. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം ഏകാധിപത്യത്തിന്റെയും നരഹത്യകളുടെയും കഥകൾ തന്നെയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊന്നൊടുക്കിയത് കമ്പോഡിയയിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരി പോൾ പോട്ട് ആയിരുന്നു. നരഹത്യയിൽ രണ്ടാം സ്ഥാനം ചരിത്രത്തിൽ ജോസഫ് സ്റ്റാലിൻ ആണ്, അഡോൾഫ് ഹിറ്റ്ലർ പോലും മൂന്നാമതാണ്. കഴിഞ്ഞ ദിവസം യുക്രെയിനിൽ കണ്ടെടുത്ത അസ്ഥികൂടങ്ങൾ ജനാധിപത്യ വിരുദ്ധവും ഏകാധിപത്യത്തിലും അധിഷ്ഠിതമായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ചരിത്രത്തിന്റെ ഭീകരമുഖത്തിന്റെ ശേഷിപ്പുകളാണ്. എതിർശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന സ്റ്റാലിനിസ്റ്റ് ശൈലി അതിൽ ആഴത്തിൽ കൊത്തിവച്ചിട്ടുള്ളതാണ്.
പതിനഞ്ച് ലക്ഷത്തോളം പേരെ കൂട്ടക്കുരുതി നടത്തിയ സ്റ്റാലിന്റെ ചിത്രം ഇന്നും തങ്ങളുടെ ഓഫീസുകളിൽ വച്ച് ആരാധിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ. ആ ചിത്രത്തിന് മുന്നിൽ നിന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുമ്പോൾ തങ്ങളുടെ പിൽക്കാലം ഏകാധിപത്യത്തിന്റെയും നരഹത്യകളുടേതും ആണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വസിക്കുന്ന പുതുതലമുറയെങ്കിലും അറിയണം. തങ്ങൾ ജനാധിപത്യവാദികളാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴും പ്രവർത്തനങ്ങളിൽ ഏകാധിപത്യ സ്വഭാവം നിഴലിക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിന്റെ ശേഷിപ്പുകളാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ജനാധിപത്യത്തിന്റെ മൂല്യം തിരിച്ചറിയാൻ കഴിയുന്നുവെങ്കിൽ സ്റ്റാലിനെ പോലെയുള്ള ഏകാധിപതിയുടെ ചിത്രങ്ങൾ ഓഫീസിൽ നിന്ന് നീക്കം ചെയ്യാനെങ്കിലും അവർ തയ്യാറാവണം. അടുത്ത ഒരു തലമുറയിൽ പെട്ട അനുഭാവികളെയെങ്കിലും ജനാധിപത്യത്തിന്റെ വഴിയേ ഇരട്ടത്താപ്പുകൾ ഇല്ലാതെ സഞ്ചരിക്കാൻ അത് പ്രേരിപ്പിക്കട്ടെ!!
സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിന്റെ ഭരണകാലത്ത് വധിക്കപ്പെട്ടവരുടേതെന്ന് കരുതുന്ന ആയിരക്കണക്കിന് അസ്ഥികൂടങ്ങൾ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. യുക്രെയ്നിലെ ഒഡേസ നഗരത്തിലെ വിമാനത്താവളത്തിന് സമീപമാണ് 1937– 39 കാലത്ത് കൊല്ലപ്പെട്ടെന്നു കരുതപ്പെടുന്ന 5000 മുതൽ 8000 വരെ ആളുകളുടെ അസ്ഥികൾ കണ്ടെത്തിയത്. യുക്രെയ്നിൽ ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ കൂട്ടശ്മശാനങ്ങളിലൊന്നാണിത്.
Also Read: Quarry minimum distance: ക്വാറി ദൂരപരിധി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി കേരളം
വിമാനത്താവള വികസനത്തിന് മണ്ണ് നീക്കിയപ്പോഴാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തത്. ഖനനം തുടരുന്നതിനാൽ സംഖ്യ ഇനിയും ഉയർന്നേക്കും. ഈ ഭാഗത്ത് നിന്ന് മുൻപും ഇത്തരത്തിൽ അസ്ഥികൂടങ്ങൾ കണ്ടെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...