Veena George: മാർച്ച് 3 ലോക കേൾവി ദിനം: കേൾവിക്കുറവ് ഉണ്ടോ...? ചികിത്സ എത്രയും പെട്ടെന്ന് ആരംഭിക്കേണ്ടതാണ്
Veena George: കേൾവിക്കുറവുള്ളവർക്ക് ശ്രവണ സഹായി മുതൽ അതിനൂതന ചികിത്സാ സംവിധാനമായ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള പുനരധിവാസ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഉടനീളം സൗജന്യമായി നൽകി വരുന്നതായും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: കേൾവിക്കുറവുണ്ടെങ്കിൽ അത് എത്രയും നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം കേൾവി പരിശോധിക്കാനും ചികിത്സിക്കാനുമുള്ള സൗകര്യമുണ്ട്. കേരളത്തിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളേയും ആശുപത്രി വിടും മുൻപ് തന്നെ കേൾവിക്കുറവുണ്ടോ എന്ന് മനസ്സിലാക്കുന്നതിനുള്ള പ്രാഥമിക പരിശോധനയ്ക്ക് (newborn hearing screening ശലഭം) വിധേയരാക്കി വരുന്നു.
കേൾവിക്കുറവുള്ളവർക്ക് ശ്രവണ സഹായി മുതൽ അതിനൂതന ചികിത്സാ സംവിധാനമായ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള പുനരധിവാസ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഉടനീളം സൗജന്യമായി നൽകി വരുന്നതായും മന്ത്രി വ്യക്തമാക്കി. എല്ലാ വർഷവും മാർച്ച് 3ന് ലോക കേൾവി ദിനം ആചരിക്കുന്നു. 'മാറ്റാം ചിന്താഗതികൾ, യാഥാർത്ഥ്യമാക്കാം കർണ്ണ-ശ്രവണ പരിചരണം എല്ലാവരിലും' എന്നതാണ് ഈ വർഷത്തെ സന്ദേശം.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങൾ കേൾവിക്കുറവ് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. നാഷണൽ സാമ്പിൾ സർവേയുടെ കണക്കുപ്രകാരം കേരളത്തിൽ ഒരു ലക്ഷത്തിൽ 453 പേർ സാരമായ കേൾവി വൈകല്യത്തിന്റെ കഷ്ടതകൾ അനുഭവിക്കുന്നു. ദേശീയ ബധിരതാ നിയന്ത്രണ പദ്ധതിയുടെ മാർഗ നിർദ്ദേശമനുസരിച്ച് ഓരോ ജില്ലയിലും ഓരോ സമ്പൂർണ്ണ കർണ്ണരോഗ നിർണയ ചികിത്സാ കേന്ദ്രങ്ങൾ വേണമെന്നിരിക്കെ, നമ്മുടെ സംസ്ഥാനത്ത് അത്തരത്തിലുള്ള അഞ്ച് കേന്ദ്രങ്ങളാണ് ഓരോ ജില്ലയിലും പ്രവർത്തിച്ചു വരുന്നത്. കേൾവി സംബന്ധമായ രോഗങ്ങളുടെ എല്ലാ പരിശോധനകളും ചികിത്സകളും ഈ കേന്ദ്രങ്ങളിൽ ലഭ്യവുമാണ്.
കർണ സംബന്ധമായ രോഗാവസ്ഥകളെ വളരെ നേരത്തെ കണ്ടുപിടിക്കുന്നതിനുള്ള ഉപകരണങ്ങൾ സംസ്ഥാനത്തെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. കേൾവിക്കുറവിന്റെ പുനരധിവാസ പ്രവർത്തനത്തിലെ മുഖ്യഘടകമായ ശ്രവണ സഹായി സർക്കാരിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി സൗജന്യമായി ജനങ്ങൾക്ക് നൽകുന്നു. ശ്രവണ വൈകല്യം നേരിടുന്ന 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സർക്കാർ ശ്രുതിതരംഗം പദ്ധതി നടപ്പിലാക്കി വരുന്നു. ശ്രുതി തരംഗം പദ്ധതി വഴി ഇതുവരെ 1200 ൽ അധികം കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്.
ശ്രുതിതരംഗം പദ്ധതിയിൽ പുതുതായി ലഭിച്ച എല്ലാ അപേക്ഷകൾക്കും അനുമതി നൽകിയിട്ടുണ്ട്. ശ്രുതിതരംഗം പദ്ധതിയിലുൾപ്പെട്ട 554 അപേക്ഷകൾക്ക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് അനുമതി നൽകിയതിൽ 265 പേരുടെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചിട്ടുണ്ട്. 202 പേരുടെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ ആശുപത്രികളിൽ പുരോഗമിക്കുന്നു. ബാക്കിയുള്ളവയിൽ നടപടി സ്വീകരിച്ചു വരുന്നു. കോക്ലിയർ ഇംപ്ലാന്റേഷന് വേണ്ടി ടെക്‌നിക്കൽ കമ്മിറ്റി അംഗീകാരം നൽകിയ 102 കുട്ടികളിൽ 38 പേരുടെ ശസ്ത്രക്രിയകൾ പൂർത്തിയായി. 32 പേരുടെ ശസ്ത്രക്രിയയ്ക്കുള്ള പ്രവർത്തനങ്ങൾ അതത് ആശുപത്രികളിൽ ആരംഭിച്ചിട്ടുണ്ട്.
ഉപകരണങ്ങളുടെ പ്രോസസർ അപ്ഗ്രഡേഷന് വേണ്ടിയുള്ള 117 കുട്ടികളിൽ 15 പേരുടെ പ്രോസസർ അപ്ഗ്രഡേഷൻ നടത്തി. 96 പേരുടെ പ്രോസസർ അപ്ഗ്രഡേഷന് വേണ്ടിയുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. കേൾവി സംരക്ഷണത്തിലും കേൾവിക്കുറവിന്റെ പുനരധിവാസ പ്രവർത്തനങ്ങളിലും സംസ്ഥാനത്തെ ദേശീയ ബധിരതാ നിയന്ത്രണ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ലോകാരോഗ്യ സംഘടനയുടെ വേൾഡ് ഹിയറിങ് ഫോറത്തിൽ കേരള ബധിരതാ നിയന്ത്രണ പദ്ധതിക്ക് അംഗത്വം നൽകിയിട്ടുണ്ട്. ഇത് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയാത്ത നേട്ടവുമാണ്.
കേൾവിക്കുറവിനെക്കുറിച്ചും കേൾവി സംബന്ധമായ രോഗങ്ങളെക്കുറിച്ചും സമൂഹത്തിൽ പല തെറ്റായ ധാരണകളും നിലവിലുണ്ട്. ഇത് മാറ്റേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്. കേൾവിക്കുറവിനെക്കുറിച്ചും കർണ്ണ സംബന്ധമായ അസുഖങ്ങളെക്കുറിച്ചും സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയും അതോടൊപ്പം ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന കേൾവിക്കുറവിനെ ചികിത്സിക്കുകയും പ്രതിരോധിക്കാൻ കഴിയുന്ന കേൾവിക്കുറവിനെ യഥാസമയം പ്രതിരോധിക്കുകയും ചെയ്യാൻ നമുക്ക് ഒരുമിച്ച് പ്രയത്‌നിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.