തിരുവനന്തപുരം: കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ വിധി ഇന്ന്. ആറു പൊലീസുകാർ പ്രതിയായ കേസിലാണ് തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധി പറയുന്നത്. 13 വർഷം മുമ്പ് നടന്ന കസ്റ്റഡി കൊലപാതകത്തിലാണ് നിര്‍ണായക വിധി. 


COMMERCIAL BREAK
SCROLL TO CONTINUE READING

മോഷണ കുറ്റം ആരോപിച്ച് ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് ഫോർട്ട് സിഐയുടെ സ്ക്വാഡിലുള്ള പൊലീസുകാർ കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ സ്റ്റേഷനിൽ വച്ച് ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2016 ഒക്ടോബറിലാണ്‌ വിചാരണ ആരംഭിച്ചത്‌. ഫോർട്ട്‌ പോലീസ്‌ കസ്റ്റഡിയിൽ ഉദയകുമാർ കൊല്ലപ്പെട്ട കൊലക്കേസിലായിരുന്നു വിചാരണ.


കൊലപ്പെടുത്തിയ പൊലീസുകാരെ രക്ഷിക്കാൻ വ്യാജ രേഖകള്‍ ചമച്ച് ഉദയകുമാറിനെതിരെ മോഷണ കേസുമുണ്ടാക്കി. കൊലപാതകം, വ്യാജ രേഖ ചമയ്ക്കൽ എന്നിവയ്ക്ക് നൽകിയ രണ്ടു കുറ്റപത്രങ്ങള്‍ ഒരുമിച്ച് പരിഗണിച്ചായിരുന്നു വിചാരണ. രണ്ടു കേസുകളിലായി ആറു പൊലീസുകാരാണ് വിചാരണ നേരിട്ടത്.


പൊലീസുകാരായ കെ. ജിതകുമാർ, എസ്.വി. ശ്രീകുമാ‍ർ, എഎസ്ഐ കെ.വി. സോമൻ, ഫോർട്ട് എസ്ഐയായിരുന്ന ടി. അജിത് കുമാർ, ഫോർട്ട് സിഐയായിരുന്ന ടി.കെ. സാബു, ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണറായിരുന്ന ഹരിദാസ് എന്നിവരാണ് പ്രതികള്‍. വിചാരണക്കിടെ സോമൻ മരിച്ചു. കൊലപാതക കേസിൽ സിബിഐ പ്രതിയാക്കിയിരുന്ന മോഹനെന്ന പൊലീസുകാരനെ കോടതി ഒഴിവാക്കി.


സിബിഐ പ്രതിയാക്കിയിരുന്ന ആറു പൊലീസുകാരെ മാപ്പു സാക്ഷിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. ആദ്യം കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ വിചാരണ തുടങ്ങിയപ്പോള്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറി.


ഇതേ തുടർന്ന് ഉദയകുമാറിന്‍റെ അമ്മ ഹൈക്കോടതിയിൽ സമീപിച്ചപ്പോഴാണ് കേസ് സിബിഐക്ക് കൈമാറിയത്. ഉദയകുമാറിനൊടൊപ്പം കസ്റ്റഡിയിലെടുത്ത സുരേഷ് ഉള്‍പ്പെട അഞ്ചുസാക്ഷികളാണ് കൂറുമാറിയത്. 2005 സെപ്റ്റംബർ 27ന് ഫോർട്ട്‌ പോലീസ്‌ സി.ഐ. ഇ.കെ.സാബുവിന്‍റെ ക്രൈംസ്‌ക്വാഡ്‌ ഉദയകുമാറിനെ പിടികൂടിയത്‌. ഉദയകുമാറിന്‍റെ കൈവശം ഉണ്ടായിരുന്ന പണത്തെചൊല്ലിയുള്ള ചോദ്യം ചെയ്യലിനെ തുടര്‍ന്നായിരുന്നു ഉദയകുമാർ കൊല്ലപ്പെട്ടത്.