Vinu V John against AA Rahim: എഎ റഹീമിനെ അധിക്ഷേപിച്ച് വിനു വി ജോൺ; കുശുമ്പെന്ന് സൈബർ ലോകം, രൂക്ഷവിമർശനം
റഹീമിനെ `ലുട്ടാപ്പി` എന്ന് വിളിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ രാഷ്ട്രീയ എതിരാളികൾ ട്രോളാറുണ്ട്. ഇതുതന്നെയാണ് വിനു വി ജോണും ഇപ്പോൾ ചെയ്തിരിക്കുന്നത് എന്ന് ഏതൊരാൾക്കും മനസ്സിലാക്കാം
തിരുവനന്തപുരം: രാജ്യസഭയിലേക്ക് എഎ റഹീമിനെ അയയ്ക്കാനുള്ള സിപിഎം തീരുമാനത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകൻ വിനു വി ജോണിന്റെ ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ബാലരമയിലെ ലുട്ടാപ്പിയുടെ ചിത്രകഥ പങ്കുവച്ചുകൊണ്ടായിരുന്നു വിനുവിന്റെ ട്വീറ്റ്.
'ബാലരമ പുതിയ ലക്കം വായിച്ചു'- എന്ന കുറിപ്പോടെയാണ് വിനു ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. റഹീമിനെ 'ലുട്ടാപ്പി' എന്ന് വിളിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ രാഷ്ട്രീയ എതിരാളികൾ ട്രോളാറുണ്ട്. ഇതുതന്നെയാണ് വിനു വി ജോണും ഇപ്പോൾ ചെയ്തിരിക്കുന്നത് എന്ന് ഏതൊരാൾക്കും മനസ്സിലാക്കാം. റഹീമിന്റെ ചിത്രം ഉപയോഗിച്ചിട്ടില്ല എന്ന് മാത്രം.
വിനുവിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. മുൻ മാധ്യമപ്രവർത്തകൻകൂടിയായ റഹീമിന് നല്ല പദവി കിട്ടുന്നതിൽ ഒരു സാധാരണ മാധ്യമപ്രവർത്തകന്റെ കുശുമ്പ് എന്ന് പ്രതികരിക്കുന്നവരാണ് കൂടുതലും. നിലവാരം കുറഞ്ഞ പ്രതികരണമായിപ്പോയി എന്ന് ഉപദേശിക്കുന്നവരുമുണ്ട്. കൂടുതൽ കമന്റുകളിലും തെറി അഭിഷേകമാണ്. വിനുവിന്റേത് ആക്ഷേപഹാസ്യം മാത്രമാണെന്നും ട്വീറ്റ് ഒരു ട്രോൾ ആണെന്നും കരുതുന്നവരും ഉണ്ട്. ഇക്കാര്യത്തിൽ വിനു വി ജോണിനെ അഭിനന്ദിക്കുന്നവരും ഉണ്ട്.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവും ആണ് എഎ റഹീം. ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. നിയമ ബിരുദവും ഉണ്ട്. മാധ്യമ പ്രവർത്തനത്തിൽ ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്. ഭരണത്തിലുള്ളപ്പോൾ യുവജന സംഘടനകൾ നിർജ്ജീവമാകുന്നു എന്ന ആക്ഷേപം, തനത് ശൈലിയിലൂടെ മാറ്റിയെഴുതിയ നേതാവ് എന്ന നിലയിലാണ് എഎ റഹീം വിലയിരുത്തപ്പെടുന്നത്. പ്രളയ കാലത്തും കൊവിഡ് കാലത്തും മാതൃകാപരമായ പ്രവർത്തനങ്ങൾ റഹീമിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ നടപ്പിലാക്കിയിരുന്നു.