തിരുവനന്തപുരം: മലയാളികളുടെ പ്രാര്‍ത്ഥനകള്‍ ഫലം കാണുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. എന്നാല്‍ അദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, ബാലഭാസ‌്കറിന‌് എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട‌് ആരോഗ്യ മന്ത്രി കെ കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടു.


ബാലഭാസ്‌ക്കര്‍ ഇപ്പോഴും വെന്‍റിലേറ്ററില്‍ തന്നെയാണെങ്കിലും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നത് ആശ്വാസകരം തന്നെയാണെന്ന്  ഡോക്‌ടര്‍മാര്‍ പറയുന്നു. ബാലഭാസ്‌ക്കറിന്‍റെ കഴുത്തിനും സുഷുമ്‌നാനാഡിക്കും ശ്വാസകോശത്തിനും തകരാറുണ്ട്. കഴുത്തിലെ കശേരുക്കള്‍ക്ക് ക്ഷതമുണ്ടായതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. സുഷുമ്‌നാ നാഡിക്കുണ്ടായ ക്ഷതം പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ ഇനിയും നടത്തേണ്ടതുണ്ട്. 


ഭാര്യ ലക്ഷ്മിയുടെ നിലയിലും പുരോഗതിയുണ്ടെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. ഇവര്‍ അപകടനില പൂര്‍ണമായും തരണം ചെയ്തു.


വാഹനാപകടത്തില്‍ മരിച്ച മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്‌കരിച്ചിരുന്നു. അമ്മ ലക്ഷ്മിയുടെ തിട്ടമംഗലത്തെ വീട്ടിലാണ് സംസ്‌കാരം നടത്തിയത്.