മരിക്കാത്ത സംഗീത സംവിധായകന് സ്മരണാഞ്ജലി അർപ്പിച്ച റേഡിയോ; ജീവനോടെ പരിപാടി കേട്ട അദ്ദേഹം
ചെന്നൈയിൽ നിന്ന് റെക്കോർഡിംഗുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയതായിരുന്നു രഘുവേട്ടൻ. ഒരു സുഹൃത്തിന്റെ വീട്ടിൽ വെച്ച് യാദൃച്ഛികമായി റേഡിയോയിലെ ചലച്ചിത്ര ഗാന ഫോൺ --ഇൻ പരിപാടി കേൾക്കാനിടവരുന്നു അദ്ദേഹം.
ജീവിച്ചിരിക്കുന്ന സംഗീത സംവിധായകന് സ്മരണാഞ്ജലി അർപ്പിച്ച് ഒരു റേഡിയോ നിലയം നടത്തിയ പരിപാടിയിലേക്ക് വിളിച്ച ശ്രോതാവിൻറെ കഥ പങ്ക് വെക്കുകയാണ് രവി മേനോൻ തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ. സംഗീത സംവിധായകൻ രഘുകുമാർ പങ്കുവെച്ച വിചിത്രമായ ഒരനുഭവമാണ് സംഭവത്തിന് ആധാരം
രവിമേനോൻ പങ്ക് വെച്ച പോസ്റ്റിൻറെ പൂർണ രൂപം
കെ ജെ ജോയ് ഇപ്പോഴുമില്ലേ ചേട്ടാ?''
ഉണ്ടല്ലോ'' -- എന്റെ മറുപടി. ``ആരോഗ്യപ്രശ്നങ്ങൾ കാരണം വർഷങ്ങളായി വിശ്രമജീവിതത്തിലാണ് എന്നറിയാം.''
ഫോണിന്റെ മറുതലയ്ക്കൽ മൗനം. മൗനത്തിനൊടുവിൽ രോഷവും ദുഃഖവും ഇടകലർന്ന വാക്കുകൾ: ``അപ്പോൾപ്പിന്നെ ഈ സ്മരണികയുടെ ഉദ്ദേശ്യം? ജീവിച്ചിരിക്കുന്നവർക്ക് ആരെങ്കിലും സ്മൃതിപൂജ നടത്തുമോ? ശുദ്ധ വിവരക്കേടല്ലേ ചേട്ടാ റേഡിയോക്കാർ കാണിച്ചത് ?''
ഉത്തരമില്ലായിരുന്നു എനിക്ക്. സത്യമാകരുതേ ആ അറിവ് എന്ന് പ്രാർത്ഥിക്കുക മാത്രം ചെയ്തു മനസ്സ്.പിന്നെയും വന്നു ഒന്നുരണ്ടു ഫോൺ കോളുകൾ കൂടി. പരാതിപ്പെട്ടവരോടെല്ലാം പറയാനുണ്ടായിരുന്നത് സുഹൃത്ത് കൂടിയായ പ്രശസ്ത സംഗീത സംവിധായകൻ രഘുകുമാർ പങ്കുവെച്ച വിചിത്രമായ ഒരനുഭവമാണ്.
ചെന്നൈയിൽ നിന്ന് റെക്കോർഡിംഗുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയതായിരുന്നു രഘുവേട്ടൻ. ഒരു സുഹൃത്തിന്റെ വീട്ടിൽ വെച്ച് യാദൃച്ഛികമായി റേഡിയോയിലെ ചലച്ചിത്ര ഗാന ഫോൺ --ഇൻ പരിപാടി കേൾക്കാനിടവരുന്നു അദ്ദേഹം.
വിളിച്ചവരിൽ ഒരാൾക്ക് വേണ്ടത് മായാമയൂരത്തിലെ ``കൈക്കുടന്ന നിറയെ'' എന്ന പാട്ട്. ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനം എന്ന മുഖവുരയോടെ പാട്ട് ആവശ്യപ്പെട്ട ശ്രോതാവിന് മനസ്സുകൊണ്ട് നന്ദി പറഞ്ഞു രഘുവേട്ടൻ. നീണ്ട ഇടവേളക്ക് ശേഷം ചെയ്ത പാട്ട് മലയാളികൾ ഇഷ്ടപ്പെടുന്നു എന്ന അറിവ് ആരെയാണ് ആഹ്‌ളാദിപ്പിക്കാത്തത്?
അവതാരകയുടെ ഊഴമാണിനി: ``എത്ര മനോഹരമായ ഗാനം. എന്തു ചെയ്യാം.
ആ പാട്ട് സൃഷ്ടിച്ച സംഗീത സംവിധായകൻ ഇന്ന് നമുക്കൊപ്പം ഇല്ലാതെ പോയി.''പന്തികേടൊന്നും തോന്നിയില്ല രഘുവേട്ടന്. സത്യമാണല്ലോ. ചെന്നൈയിലാണല്ലോ ഇപ്പോൾ കുടുംബസമേതം താമസം.എന്നാൽ, തൊട്ടു പിന്നാലെ വന്ന അവതാരകയുടെ ``പഞ്ച് ലൈൻ'' രഘുവേട്ടനെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. ``യശഃശരീരനായ ആ സംഗീതസംവിധായകന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് നമുക്കീ പാട്ട് കേൾക്കാം.''
ചിരിക്കണോ അതോ കരയണോ? വല്ലാത്തൊരു ആശയക്കുഴപ്പത്തിലായിപ്പോയി താനെന്ന് രഘുവേട്ടൻ.
തമാശയായാണ് പറഞ്ഞതെങ്കിലും രഘുവേട്ടന്റെ വാക്കുകളിൽ ആത്മവേദനയുടെ അംശമുണ്ടായിരുന്നു. നിശ്ശബ്ദമായ ഒരു ഗദ്ഗദം.
ലഭിച്ച ഫോൺ കോളുകളിൽ വല്ല സത്യവുമുണ്ടെങ്കിൽ അനവസരത്തിലുള്ള സ്മരണാഞ്ജലിക്ക് ആ സംഗീതസംവിധായകനോടും ശ്രോതാക്കളോടും ക്ഷമാപണം നടത്താൻ റേഡിയോ നിലയം തയ്യാറാകണം. അതാണ് അന്തസ്സ്. അതാണ് ചരിത്രത്തോടുള്ള നീതിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...