ബ്രഷ് കടിച്ചുപിടിച്ച് മോഹൻലാലിന്റെ ചിത്രം വരച്ച് വിശ്വപ്രതാപ്; അപൂർവനേട്ടം 3 മണിക്കൂർ 28 മിനിട്ടിൽ
മൂന്ന് മണിക്കൂറും 28 മിനിറ്റും കൊണ്ട് പൂർത്തിയാക്കിയ ചിത്രത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ഇനി പറയുന്നത്, തലസ്ഥാനത്തെ ഒരു മ്യൂറൽ ചിത്രകാരനെ കുറിച്ചാണ്. പേര് വി. വിശ്വപ്രതാപ്. അദ്ദേഹം മലയിൻകീഴ് സ്വദേശിയാണ്. ബ്രഷ് കടിച്ചുപിടിച്ച് മോഹൻലാലിൻ്റെ ചിത്രം വരച്ച് ശ്രദ്ധേയനായിരിക്കുകയാണ് വിശ്വപ്രതാപ്. അക്രിലിക് മീഡിയത്തിലാണ് വിശ്വൻ ചിത്രം വരച്ചിട്ടുള്ളത്.
മൂന്ന് മണിക്കൂറും 28മിനിറ്റും കൊണ്ട് പൂർത്തിയാക്കിയ ചിത്രത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ലഭിച്ചിട്ടുണ്ട്. ചിത്രം കണ്ട മോഹൻലാൽ വിശ്വനെ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രശസ്തനായ വിശ്വൻ്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ പ്രശസ്തമാണ്.
മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ബറോസ്. സിനിമയിലെ അദ്ദേഹത്തിന്റെ വേഷപ്പകര്‍ച്ച കടിച്ചുപിടിച്ച ബ്രഷുപയോഗിച്ചു വരച്ചാണ് മലയിൻകീഴ് സ്വദേശിയായ വി. വിശ്വപ്രതാപ് ശ്രദ്ധ നേടിയത്. ഇതിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരവും ലഭിച്ചിരിക്കുന്നത്. ഈ ചിത്രം വിശ്വൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
'പ്രിയപ്പെട്ട ലാലേട്ടാ', ''എന്റെ വലിയൊരു വര ശ്രമമാണ്'' എന്ന തലക്കെട്ടോടെ വരച്ച ചിത്രം വിശ്വ പ്രതാപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രം കണ്ട് ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ വിശ്വപ്രതാപിനെ ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തിരുന്നു. ശേഷം അഭിനന്ദനം അറിയിച്ച് മോഹൻലാൽ വിളിച്ചതിൻ്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം മോഹൻലാലിൻ്റെ ശ്രദ്ധയിൽപെടുമെന്ന് കരുതിയിരുന്നില്ല . ചിത്രരചനയിൽ ലഭിച്ച വലിയൊരു അംഗീകാരമാണ് ലാലേട്ടൻ തന്നെ നേരിട്ട് വിളിച്ചത്. അതൊരു അഭിമാനനിമിഷമായിരുന്നുവെന്നും വിശ്വപ്രതാപ് പറഞ്ഞു. മ്യൂറല്‍ ചിത്രകാരനായ വിശ്വപ്രതാപ് വര്‍ഷങ്ങളായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ബ്രഷ് കടിച്ചുപിടിച്ചു ചിത്രം വരയ്ക്കുന്നത് .
2021 ഏപ്രിലിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ ഇരുപത് മണിക്കൂറെടുത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും ചിത്രം വരച്ചു പൂർത്തിയാക്കിയത്. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ എം.വി ഗോവിന്ദൻ മാസ്റ്റർ, വി. ശിവൻകുട്ടി, വട്ടിയൂർക്കാവ് എംഎൽഎ അഡ്വ. വി.കെ പ്രശാന്ത് തുടങ്ങിയവരുടെ ചിത്രങ്ങളാണ് വരച്ചത്. ഇത്തരത്തിൽ 99 ചിത്രങ്ങളാണ് വിശ്വപ്രതാപ് വരച്ചു പൂർത്തിയാക്കിയത്.
കൊവിഡിന് മുന്‍പ് മലയിൻകീഴ് തച്ചോട്ടുകാവില്‍ ഗീതാലയം എന്ന ചിത്രകലാ പഠനകേന്ദ്രം വിശ്വൻ ആരംഭിച്ചിരുന്നു. കൊവിഡ് കാലത്ത് അടച്ചിടേണ്ടി വന്നെങ്കിലും ഇപ്പോൾ തുറന്നുപ്രവർത്തിക്കുന്നുണ്ട്. വീണ്ടും ഒമിക്രോൺ ഭീഷണി കൂടി വന്നതോടെ ഇനിയും അടച്ചിടേണ്ടി വരുമോയെന്ന ആശങ്കയും വിശ്വപ്രതാപ് പങ്കുവയ്ക്കുന്നുണ്ട്.
Also Read: Barroz | ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി മോഹൻലാൽ; ബാറോസിന്റെ പ്രൊമോ ടീസർ പുറത്ത് വിട്ടു
പുസ്തകങ്ങളിലൂടെയും സാമൂഹിക മാധ്യമ ചാനലുകളിലൂടെയുമാണ് ചുമര്‍ചിത്രകല അഭ്യസിച്ചത്. തിരുവനന്തപുരത്തെ കുണ്ടമണ്‍കടവ് ദേവീക്ഷേത്രം ഓഡിറ്റോറിയം, ശ്രീകാര്യം കല്ലംപള്ളി ദുര്‍ഗ്ഗാദേവീ ക്ഷേത്രം, ബേക്കറി ജംഗ്ഷനില്‍ ഹൈടക് ബസ് കാത്തിരിപ്പു കേന്ദ്രം എന്നിവിടങ്ങളില്‍ വിശ്വപ്രതാപ് വരച്ച ചുമര്‍ചിത്രങ്ങളുണ്ട്.
അതേസമയം, മോഹൻലാൽ സംവിധായകനാകുന്ന ത്രിഡി ചിത്രമാണ് ബറോസ്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ചിത്രത്തിൻ്റെ ഛായാഗ്രഹണം സന്തോഷ് ശിവനും പ്രൊഡക്‌ഷൻ ഡിസൈനിംഗ് നിർവഹിച്ചിരിക്കുന്നത് സന്തോഷ് രാമനുമാണ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിര്‍മ്മിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...