വിഴിഞ്ഞം സമരം: പള്ളികളിൽ ഇന്നും സർക്കുലർ വായിക്കും, പ്രദേശത്ത് സംഘർഷസാധ്യത; മദ്യശാലകൾ അടച്ചിടും
Vizhinjam strike: ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം ശക്തമാക്കാൻ ലത്തീൻ അതിരൂപതയുടെ തീരുമാനം. പള്ളികളിൽ ഇന്നും ബിഷപ്പിന്റെ സർക്കുലർ വായിക്കും. തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിലാണ് ആർച്ച് ബിഷപ്പിന്റെ സർക്കുലർ വായിക്കുക. തുടർച്ചയായ നാലാമത്തെ ഞായറാഴ്ചയാണ് വിഴിഞ്ഞം തുറമുഖത്തിനെതിരെ പള്ളികളിൽ സർക്കുലർ വായിക്കുന്നത്. തിരുവനന്തപുരത്ത് എത്തുന്ന ജനബോധന യാത്രയിൽ ഇടവകകളിൽ നിന്ന് കഴിയുന്നത്ര ആളുകളെ പങ്കെടുപ്പിക്കണമെന്നാണ് സർക്കുലറിൽ ആഹ്വാനം ചെയ്തിരിക്കുന്നത്. സമരസമിതിയുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ സമരം തുടരണമെന്നാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.
സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനിൽക്കുന്നതായി ജില്ലാ കളക്ടർ വ്യക്തമാക്കി. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ കളക്ടർ നടപടികൾക്ക് ഉത്തരവിട്ടിരുന്നു. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മദ്യവില്‍പനശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചതായും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. വിഴിഞ്ഞം സമരത്തിന്‍റെ ഭാഗമായി ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ജനബോധനയാത്രയും ഇതിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന ബൈക്ക് റാലിയും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്നത് കണക്കിലെടുത്താണ് നിരോധനമെന്നാണ് അറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ച് ആഘാത പഠനം നടത്തുക, പുനരധിവസം പൂർത്തിയാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക, സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നിങ്ങനെ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നത്. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാൻ കഴിയില്ലെന്നാണ് സമരസമിതിയുടെ നിലപാട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...