തിരുവനന്തപുരം: വിഴിഞ്ഞം സമരം ശക്തമാക്കാൻ തീരുമാനിച്ച് ലത്തീൻ അതിരൂപത. രൂപതയ്ക്ക് കീഴിലെ പള്ളികളിൽ തുടർച്ചയായ മൂന്നാമത്തെ ഞായറാഴ്ചയും സർക്കുലർ വായിച്ചു. പതിനാലിന് ആരംഭിക്കുന്ന ബഹുജന മാർച്ചിൽ സഭാ അംഗങ്ങൾ പങ്കാളികളാകണമെന്നാണ് സർക്കുലറിൽ ആഹ്വാനം ചെയ്തിരിക്കുന്നത്. അതിനിടെ, വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യതൊഴിലാളികളുടെ സമരം ഇന്ന് ഇരുപത്തിയേഴാം ദിവസത്തിലേക്ക് കടന്നു.
സമരജാഥയ്ക്ക് ഐക്യദാർഢ്യം തേടിയാണ് പള്ളികളിൽ സർക്കുലർ വായിച്ചത്. ജാഥയിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കണമെന്ന് സർക്കുലറിൽ ആഹ്വാനം ചെയ്യുന്നു. ജാഥയിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കാൻ ഇടവകകളും ഫെറോന സമര സമിതികളും മുൻകൈയ്യെടുക്കണമെന്നാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയാണ് സർക്കുലർ പുറത്തിറക്കിയത്. കൊച്ചി മൂലമ്പള്ളിയിൽ നിന്ന് ഈ മാസം പതിനാലിന് തുടങ്ങുന്ന ജാഥ പതിനെട്ടിന് വിഴിഞ്ഞത്ത് സമാപിക്കും.
വിഴിഞ്ഞം സമരം ശക്തമാക്കാനാണ് ലത്തീന്‍ അതിരൂപത മുൻപ് ചേർന്ന യോഗത്തില്‍ തീരുമാനം ഉണ്ടായത്. ഏഴ് ആവശ്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വൈദികരുടെ യോഗത്തില്‍ വ്യക്തമാക്കി. സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകും. ഭൂരിപക്ഷ പരാതികളിലും തീരുമാനമായി എന്ന പ്രചാരണം ശരിയല്ല. തീരുമാനമാകുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പ്രസിദ്ധീകരിക്കണം. അഞ്ച് സെന്‍റ് സ്ഥലവും വീടും നല്‍കുന്ന തരത്തിൽ മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ നിർമ്മിക്കണമെന്നും വൈദികരുടെ യോഗം ആവശ്യപ്പെട്ടു.
സമരവേദി മാറ്റേണ്ട ആവശ്യമില്ലെന്നാണ് യോഗത്തിൽ തീരുമാനമായത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. പൊലീസിന് സംരക്ഷണം നൽകാനായില്ലെങ്കിൽ കേന്ദ്ര സേനയുടെ സഹായം തേടാമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. തുറമുഖ നിർമാണ പ്രവർത്തനം തടസ്സപ്പെടുത്തി പ്രതിഷേധിക്കാൻ സമരക്കാർക്ക് അവകാശമില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...