Sriram Venkitaraman: ശ്രീറാം വെങ്കിട്ടരാമന് ഇനി കളക്ടറല്ല; അപ്രതീക്ഷിത നീക്കവുമായി സര്‍ക്കാര്‍, കൃഷ്ണ തേജ ആലപ്പുഴ കളക്ടര്‍
Sriram Venkitaraman: ശ്രീറാമിന് സപ്ലൈകോയില്‍ ജനറല്‍ മാനേജര്‍ ആയാണ് പുതിയ നിയമനം. ശ്രീറാമിനെ ജില്ലാ കളക്ടർ ആയി നിയമിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനം ഇടിച്ച് കൊന്ന കേസിലെ പ്രതിയായ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് സംസ്ഥാന സര്‍ക്കാര്‍ നീക്കി. വിആര്‍ കൃഷ്ണ തേജയെ പുതിയ കളക്ടര്‍ ആയി നിയമിച്ച് ഉത്തരവ് പുറത്തിറങ്ങി. ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടര്‍ ആയി നിയമിച്ച നടപടി വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ചിരുന്നു.
ശ്രീറാമിന് സപ്ലൈകോയില്‍ ജനറല്‍ മാനേജര്‍ ആയാണ് പുതിയ നിയമനം. കെഎം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ കടുത്ത നിയമലംഘനങ്ങള്‍ നടത്തിയെന്ന് ആരോപണം നിലനില്‍ക്കുന്ന ആളാണ് ശ്രീറാം. ഔദ്യോഗിക സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ അട്ടിമറിച്ചു എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ശ്രീറാം തിരികെ എത്തിയപ്പോള്‍ ആദ്യം നല്‍കിയ പദവിയും ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കൊവിഡ് വ്യാപന ഘട്ടത്തില്‍ കൊവിഡ് 19 സ്‌പെഷ്യല്‍ ഓഫീസര്‍ ആയിട്ടായിരുന്നു അന്ന് നിയമനം.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ ആയി നിയമിക്കുന്നതിനെതിരെ പത്രപ്രവര്‍ത്തക യൂണിയനും പ്രതിപക്ഷവും വലിയ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. സംസ്ഥാന വ്യാപകമായ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. ശ്രീറാമിനെ സ്ഥാനത്ത് നിന്ന് മറ്റുന്നത് സംബന്ധിച്ച് അനുകൂലമായ ഒരു സൂചനയും രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നല്‍കുകയും ചെയ്തിരുന്നില്ല. എന്നാല്‍, അപ്രതീക്ഷിതമായി ഓഗസ്റ്റ് 1 ന് വൈകീട്ട് പുതിയ ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...