തിരുവനന്തപുരം: ഇന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കിയതിനു പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയെയും യുഡിഎഫ് നേതാക്കളേയും വിമര്‍ശിച്ചുകൊണ്ട് വി. എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയും ബന്ധപ്പെട്ട യുഡിഎഫ് നേതാക്കളും പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് വിഎസ് അച്യുതാനന്ദന്‍ തന്‍റെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.  


അഴിമതി, സദാചാരവിരുദ്ധ പ്രവര്‍ത്തനം, അതുവഴി സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങി ഒരു സാധാരണ പൗരന്‍ പോലും നടത്താന്‍ പാടില്ലാത്ത കാര്യങ്ങള്‍ ആണ് ഇവര്‍ ചെയ്തിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്കൊപ്പം കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ നിരവധി അംഗങ്ങളും മുന്‍ കേന്ദ്ര മന്ത്രിമാരും എംപിമാരും എംഎല്‍എമാരുമൊക്കെയാണ് ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ വിവിധ വകുപ്പുകളുപയോഗിച്ച് കേസെടുക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പദവികള്‍ തുടരാനുള്ള അര്‍ഹത പോലും ഇവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ക്രിമിനല്‍ കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി കുറ്റക്കാരായ ഇക്കൂട്ടരെ കല്‍ത്തുറുങ്കിലടക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴിമതിയിലും സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട യുഡിഎഫ് നേതൃത്വം പൊതുപ്രവര്‍ത്തകരായി തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അതുകൊണ്ട് യുഡിഎഫ് പിരിച്ചുവിടാന്‍ തയ്യാറാവുകയാണ് വേണ്ടത്.  ഇനിയും തട്ടാമുട്ട് ന്യായങ്ങള്‍ പറഞ്ഞ് പൊതുരംഗത്ത് കടിച്ചുതൂങ്ങാന്‍ ഇവരെ കേരള സമൂഹം അനുവദിക്കാന്‍ പാടില്ലെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു. 


സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ഉത്തരവാദിയെന്നാണ് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. ജനങ്ങളെ കബിളിപ്പിക്കുന്നതിൽ യുഡിഎഫ് സർക്കാർ കൂട്ടുനിന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്നത്തെ ആഭ്യന്തര – വിജിലൻസ് വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊലീസിൽ സ്വാധീനം ചെലുത്തി ഉമ്മൻ ചാണ്ടിയെ രക്ഷപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.


ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണവും തിരുവഞ്ചൂരിനെതിരെ ക്രിമിനൽ കേസ് എടുക്കാനും ശുപാർശയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഊര്‍ജ്ജ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.