തിരുവനന്തപുരം: സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുൻ മുഖ്യമന്ത്രിയും മുതിർന്ന പാർട്ടി നേതാവുമായ വിഎസ് അച്യുതാനന്ദൻ. വിഎസിന് വേണ്ടി മകൻ വിഎ അരുൺ കുമാറാണ് അനുശോചനം അറിയിച്ചത്. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് വിഎസ് വിശ്രമത്തിലാണ്. വിഎസ് മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഎ അരുൺ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്


''ഞെട്ടലും വേദനയും ഉളവാക്കുന്ന ആ വാർത്ത ശ്രവിച്ചുകഴിഞ്ഞു.  സ. കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു.  ആദ്യം ചെയ്തത് അച്ഛനോട് വിവരം പറയുകയാണ്.  ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളിൽ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി.  "അനുശോചനം അറിയിക്കണം" എന്നു മാത്രം പറയുകയും ചെയ്തു. അച്ഛന്റെ അനുശോചനം യശഃശരീരനായ കോടിയേരിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയല്ലാതെ മറ്റൊന്നും ഇത്തരുണത്തിൽ ചെയ്യാനില്ലല്ലോ എന്ന വേദന മനസ്സിൽ കനംതൂക്കുന്നു.  അച്ഛനോട് ഏറ്റവും ആദരവും സ്നേഹവും പുലർത്തിയ നേതാവായിരുന്നു, സ. കോടിയേരി ബാലകൃഷ്ണൻ.  പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായിരുന്ന കാലത്തും അച്ഛനുമായി സൂക്ഷ്മമായ ഹൃദയബന്ധം പുലർത്തിയിരുന്ന മഹാനായ കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗത്തിൽ എന്റെ അനുശോചനംകൂടി അറിയിക്കുകയാണ്.''


ALSO READ: Kodiyeri Balakrishnan: കോടിയേരിക്ക് വിട നൽകാൻ ഒരുങ്ങി കേരളം; തലശ്ശേരി ടൌൺ ഹാളിലും വീട്ടിലും പൊതുദർശനം, സംസ്കാരം നാളെ പയ്യാമ്പലത്ത്


അർബുദ ബാധിതമായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. കോടിയേരിയുടെ മൃതദേഹം രാവിലെ 10 മണിയോടെ ചെന്നൈയിൽനിന്ന് എയർ ആംബുലൻസിൽ കണ്ണൂരിലേക്ക് കൊണ്ടുപോകും. ഭാര്യ വിനോദിനിയും മകൻ ബിനോയ് കോടിയേരിയും ഒപ്പമുണ്ടാകും.11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തും. തുടർന്ന് വിലാപയാത്രയായി വാഹനങ്ങളുടെ അകമ്പടിയോടെ തലശേരിയിൽ എത്തും. ഇന്ന് രാത്രി വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും.


മാടപ്പീടികയിലെ വസതിയിൽ നാളെ രാവിലെ 10 വരെ പൊതുദർശനം ഉണ്ടാകും. തുടർന്ന് 11 മണി മുതൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. നാളെ മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഇന്ന് കണ്ണൂരിലെത്തും. കോടിയേരിയോടുള്ള ആദരസൂചകമായി തലശേരി, ധർമ്മടം, കണ്ണൂർ എന്നിവിടങ്ങളിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.