വാളയാര്‍ കേസ്: പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രിയെ കണ്ടു
വാളയാറിൽ മരണപ്പെട്ട പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.
തിരുവനന്തപുരം: വാളയാറിൽ മരണപ്പെട്ട പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.
കെ.പി.എം.എസ് ചെയര്‍മാന്‍ പുന്നല ശ്രീകുമാറിനൊപ്പം നിയമസഭയിലെ ഓഫീസിലെത്തിയാണ് ഇരുവരും മുഖ്യമന്ത്രിയെ കണ്ടത്. പത്ത് മിനിട്ടോളം ഇവർ കൂടിക്കാഴ്ച നടത്തി.
എന്നാല്‍, കേസ് കോടതിയുടെ പരിഗണനയിലാണെന്നും സിബിഐ അന്വേഷണത്തെ കോടതിയില്‍ സർക്കാർ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.
എല്ലാ സഹായങ്ങളും ചെയ്തുതരാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയില്‍ ഉറച്ച വിശ്വാസമുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക്ശേഷം പെൺകുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
വാളയാര്‍ കേസില്‍ അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പെണ്‍കുട്ടികളുടെ അമ്മ നേരത്തെ രംഗത്ത് വന്നിരുന്നു. അപ്പീല്‍ പോകാന്‍ താത്പര്യമില്ലെന്നും സിബിഐ കേസ് അന്വേഷിക്കണമെന്നും പറഞ്ഞിരുന്നു. കൂടാതെ,
കേരളാ പൊലീസിനെക്കൊണ്ട് കേസ് അന്വേഷിപ്പിക്കാന്‍ തങ്ങള്‍ക്കു താല്‍പര്യമില്ലെന്നും അമ്മ വ്യക്തമാക്കിയിരുന്നു.
അതേസമയം, വാളയാര്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചിരുന്നു. കേസിന്‍റെ വിധി വന്ന സാഹചര്യത്തില്‍ ഹൈക്കോടതിയുടെ അനുമതിയില്ലാതെ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.