നടി അക്രമിക്കപ്പെട്ട കേസിന്‍റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന ദിലീപ് ജാമ്യത്തിലിറങ്ങിയ സാഹചര്യത്തില്‍ നടിയ്ക്കുള്ള പിന്തുണ ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് സിനിമയിലെ വനിതാ കൂട്ടായ്മ. നിയമവും നീതി നിർവ്വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോൾ, സഹപ്രവർത്തകയ്ക്കു നൽകുന്ന പിന്തുണ പൂർവ്വാധികം ശക്തിപ്പെടുത്തുന്നതായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഫേസ്ബുക്കിലൂടെ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

"ആ പെൺകുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സിൽ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ. അവളുടെ ഇച്ഛാശക്തിയെ നിലനിർത്തേണ്ടത് പ്രബുദ്ധരായ നമ്മൾ ഒരോരുത്തരുടെയും കടമയാണ്," വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഫേസ്ബുക്കില്‍ കുറിച്ചു. 


നീതിക്കായുള്ള അവളുടെ പോരാട്ടത്തിൽ കൂടുതൽ ശക്തരായി അവൾക്കൊപ്പം മാത്രമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് വ്യക്തമാക്കി. 


നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ 85 ദിവസത്തെ റിമാന്‍ഡിന് ശേഷം നടന്‍ ദിലീപിന്  ഇന്നലെയാണ് ജാമ്യം ലഭിച്ചത്. ജാമ്യത്തിലിറങ്ങിയ ദിലീപിന് വന്‍ സ്വീകരണവുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആക്രമിക്കപ്പെട്ട നടിയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വിമന്‍ ഇന്‍ സിനിമ കളക്ടീവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: 
നിയമവും നീതി നിർവ്വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോൾ, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവർത്തകയ്ക്കു നൽകുന്ന പിന്തുണ പൂർവ്വാധികം ശക്തിപ്പെടുത്തുന്നു, ആ പെൺകുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സിൽ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ!


അവളുടെ ഇച്ഛാശക്തിയെ നിലനിർത്തേണ്ടത് പ്രബുദ്ധരായ നമ്മൾ ഒരോരുത്തരുടെയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തിൽ കൂടുതൽ ശക്തരായി അവൾക്കൊപ്പം!