തിരുവനന്തപുരം: അഞ്ജു ബോബി ജോർജ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് സ്ഥാനം രാജി വെച്ചത് വളരെ നന്നായെന്ന് കായിക മന്ത്രി ഇ. പി ജയരാജൻ. അവരോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ല.  യുഡിഎഫ് സർക്കാർ നിയമിച്ച അഞ്ജുവിന് ബിജെപി സർക്കാർ കേന്ദ്രത്തിൽ എന്തെങ്കിലും ചുമതലകൾ നൽകുമോ എന്നു തനിക്ക് അറിയില്ലെന്നും ജയരാജൻ പറഞ്ഞു.അഴിമതി നടന്നെന്നു ബോധ്യപ്പെട്ടതിനാലാണ് അഞ്ജുവിന്റെ രാജി.


COMMERCIAL BREAK
SCROLL TO CONTINUE READING

മാധ്യമങ്ങളാണ് സ്പോർട്സ് കൗൺസിലിൽ നടക്കുന്ന കാര്യങ്ങൾ മുഴുവൻ പുറത്തുകൊണ്ടുവന്നത്. പുറത്തുവന്ന കാര്യങ്ങൾ കേട്ടു പിടിച്ചുനിൽക്കാൻ പറ്റാതെയാണ് അഞ്ജുവിന്റെ രാജി.വിജിലൻസ് അന്വേഷണം വേണോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ജയരാജൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.


കഴിഞ്ഞ 10 വർഷത്തെ അഴിമതി മാത്രമെന്തിന് അന്വേഷിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷം ഭരിച്ചത് യുഡിഎഫ് സർക്കാരായിരുന്നു. മുൻ എൽഡിഎഫ് സർക്കാർ അഴിമതി നടത്തിയിരുന്നെങ്കിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിന് അന്വേഷിക്കാമായിരുന്നില്ലോ. അഴിമതിക്കാർക്കെതിരെ നടപടി എടുക്കാനാണ് ജനങ്ങൾ ഞങ്ങളെ അധികാരത്തിലെത്തിച്ചത്. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുമെന്നും മന്ത്രി പറഞ്ഞു.


ഇന്ന്‍ ചേർന്ന സ്പോർട്സ് കൗൺസിൽ ഭരണസമിതി യോഗത്തിലാണ് അഞ്ജു രാജി പ്രഖ്യാപിച്ചത്. അഞ്ജുവിനെ കൂടാതെ വോളിബാൾ താരം ടോം ജോസഫ് അടക്കമുള്ള ഭരണസമിതിയിലെ 12 അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. അപമാനം സഹിച്ച് പ്രസിഡന്‍റ് പദവിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞിരുന്നു.