Jebi Mather: ജെബി മേത്തറുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ എകെ? നോക്കുകുത്തികളായി സുധാകരനും സതീശനും!
സുധാകരനെയും വിഡി സതീശനെയും കടത്തിവെട്ടിയാണ് ജെബി മേത്തറിന് വേണ്ടി ആന്റണി ഇടപെട്ടത് എന്നാണ് വിവരം.
തിരുവനന്തപുരം: കോൺഗ്രസിൽ തർക്കങ്ങൾക്ക് ഇട നൽകാതെ പൊടുന്നനെ രാജ്യസഭാ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ ഇടപെട്ടത് മുതിർന്ന നേതാവ് ഏകെ ആന്റണിയെന്ന് സൂചന. സുധാകരനെയും വിഡി സതീശനെയും കടത്തിവെട്ടിയാണ് ജെബി മേത്തറിന് വേണ്ടി ആന്റണി ഇടപെട്ടത് എന്നാണ് വിവരം. പട്ടിക സമർപ്പിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ ഹൈക്കമാൻഡ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതോടെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നോക്കുകുത്തികളാക്കപ്പെട്ടു എന്നാണ് ആക്ഷേപം.
സ്ഥാനാർത്ഥി നിർണയ ഘട്ടത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നോമിനി എം ലിജു, പ്രിയങ്ക ഗാന്ധിയുടെ നോമിനി ശ്രീനിവാസൻ കൃഷ്‌ണൻ, ഷാനിമോൾ ഉസ്‌മാൻ, വിടി ബൽറാം, മുല്ലപ്പളളി രാമചന്ദ്രൻ, സതീശൻ പാച്ചേനി എന്നിവരുടെയെല്ലാം പേരുകൾ ചർച്ചയിൽ ഉയർന്നുവന്നിരുന്നു. പക്ഷെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ പട്ടികയിൽ ഇടം പിടിക്കാത്ത, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ സ്ഥാനാർത്ഥി ആവുകയും ചെയ്തത് നേതൃത്വത്തിൽ അമ്പരപ്പും അണികളിൽ ആവേശവും സൃഷ്ടിച്ചിട്ടുണ്ട്.
മഹാരാജാസ് കോളജിലെ വിദ്യാർത്ഥിയായിരുന്ന കാലഘട്ടം മുതൽ മേത്തർ കുടുംബവുമായി എകെ ആന്റണിയ്ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അത് ജെബി മേത്തറുടെ സ്ഥാനാർത്ഥിത്വത്തിന് ഏറെ ഗുണം ചെയ്യുകയും ചെയ്തു എന്നാണ് വിവരം. കെഎസ് യു പ്രവർത്തന കാലഘട്ടത്തിൽ എകെ ആന്റണി, വയലാർ രവി എന്നി നേതാക്കളുടെ പഠനത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനും കൈയ്യയച്ച സഹായം നൽകിയത് മേത്തർ കുടുംബമായിരുന്നു. ആ സഹായത്തിനുള്ള ഉപകാരസ്മരണയാണ് ജെബി മേത്തറുടെ സ്ഥാനാർത്ഥിത്വം എന്നാണ് വിലയിരുത്തൽ.
സംസ്ഥാന നേതൃത്വത്തിന്റെ വാക്കുകളേക്കാൾ, രാജ്യസഭാ സീറ്റൊഴിയുന്ന മുതിർന്ന നേതാവ് എകെ ആന്റണിയുടെ വാക്കുകൾക്കാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുൻഗണന കൊടുത്തത്. സിപിഎം - സിപിഐ സ്ഥാനാർത്ഥി പ്രഖ്യാപന നിലപാടുകൾക്കൊപ്പം ഒടുവിൽ കോൺഗ്രസിനും നീങ്ങേണ്ടി വന്നുവെന്നതാണ് യാഥാർത്ഥ്യം. സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസിലെ സ്ത്രീകൾക്കിടയിൽ ആവേശം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ അസ്വാരസ്യങ്ങൾക്കിടയാക്കിയിട്ടുണ്ട്. കേരളത്തിലെ പാർട്ടിയിൽ സ്ത്രീകൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപത്തിനുള്ള മറുപടിയാണ് ജെബി മേത്തറിന്റെ സ്ഥാനാർത്ഥിത്വം എന്ന ന്യായീകരണവുമായി ഇപ്പോൾ തന്നെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ, മേത്തർ കുടുംബത്തിൽ നിന്നുള്ള ആളായതിനാലാണ് സംസ്ഥാന നേതൃത്വത്തെ പോലും അമ്പരപ്പിച്ചുകൊണ്ട് രാജ്യസഭാ സ്ഥാനാർത്ഥിയായത് എന്ന വിമർശനം ശക്തമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...