Wild elephant: സുൽത്താൻ ബത്തേരിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടിവച്ചു
Wild elephant in Wayanad: തിങ്കളാഴ്ച രാവിലെ തിരച്ചിലിനിറങ്ങിയ സംഘമാണ് കുപ്പാടി വനമേഖലയിൽ കാട്ടാനയെ കണ്ടെത്തിയത്. കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടുന്നതിന് ഞായറാഴ്ച മണിക്കൂറുകളോളം ശ്രമം നടത്തിയെങ്കിലും ഫലംകാണാനാകാതെ ദൗത്യസംഘം മടങ്ങുകയായിരുന്നു.
വയനാട്: സുൽത്താൻ ബത്തേരിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന പി എം 2വിനെ ദൗത്യസംഘം മയക്കുവെടിവച്ചു. ഇന്ന് രാവിലെ തിരച്ചിലിനിറങ്ങിയ സംഘമാണ് കുപ്പാടി വനമേഖലയിൽ കാട്ടാനയെ കണ്ടെത്തിയത്. കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടുന്നതിന് ഞായറാഴ്ച മണിക്കൂറുകളോളം ശ്രമം നടത്തിയെങ്കിലും ഫലംകാണാനാകാതെ ദൗത്യസംഘം മടങ്ങുകയായിരുന്നു. പിഎം 2വിന് സമീപം മറ്റൊരു കാട്ടാന നിലയുറപ്പിച്ചതാണ് ദൗത്യസംഘത്തിന് തിരിച്ചടിയായത്. ആർആർടി സംഘത്തിനൊപ്പം രണ്ട് കുങ്കി ആനകളും സ്ഥലത്തുണ്ടായിരുന്നു. 150 പേരാണ് ദൗത്യസംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതിഷേധങ്ങൾക്കൊടുവിലാണ് നഗരത്തിലിറങ്ങി വഴിയാത്രക്കാരനെ ആക്രമിച്ച കാട്ടാനയെ വെടിവച്ച് പിടികൂടാൻ തീരുമാനമായത്. ഗൂഡല്ലൂരിൽ രണ്ടു പേരെ കൊലപ്പെടുത്തിയ പിഎം 2 എന്നറിയപ്പെടുന്ന കാട്ടാനയാണ് സുൽത്താൻ ബത്തേരിയിൽ ജനവാസ മേഖലയിൽ എത്തിയത്. ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങ്ങ് കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി മുത്തങ്ങ പന്തിയിലെ കൂട്ടിലടയ്ക്കാൻ ഉത്തരവിട്ടത്. അതേസമയം, ജനവാസന മേഖലയിൽ കാട്ടാന ഇറങ്ങി നാശനഷ്ടം വരുത്തിയ സംഭവത്തിൽ മയക്കുവെടിവയ്ക്കാൻ മന്ത്രി നിർദേശിച്ചിട്ടും ഉത്തരവിറക്കാത്തതിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങ്ങിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
മെമ്മോ ലഭിക്കുന്നതിന് മുൻപ് കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവുമിട്ടു. പ്രതിഷേധം ഉയരുകയും മുസ്‌ലിം യൂത്ത് ലീഗും നഗരസഭാ കൗൺസിലർമാരും വൈൽഡ് ലൈഫ് ഓഫിസിലേക്ക് മാർച്ച് നടത്തുകയും ചെയ്തതോടെയാണ് ആനയെ പിടികൂടുന്നതിനുള്ള നടപടികളിലേക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡൻ നീങ്ങിയത്. ഉത്തരവെത്താതെ പിൻവാങ്ങില്ലെന്നറിയിച്ച് നഗരസഭാ കൗൺസിലർമാർ വൈൽഡ് ലൈഫ് ഓഫിസിന് മുൻപിൽ കുത്തിയിരിക്കുകയും ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, നഗരസഭാ അധ്യക്ഷൻ ടി.കെ.രമേഷ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ വാർഡനെ ഉപരോധിക്കുകയും ചെയ്തതോടെയാണ് ആനയെ മയക്കുവെടിവച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് ഇറക്കിയത്.
ഉത്തരവ് ലഭ്യമായ ഉടൻ തന്നെ ആർആർടി സംഘം കാട്ടാന നിലയുറപ്പിച്ചിരിക്കുന്ന പഴുപ്പത്തൂർ വനാതിർത്തിയിൽ എത്തി, പിഎം ടുവിനെ പിടികൂടാനുള്ള ദൗത്യം തുടങ്ങി. ട്രക്കിങ് സംഘം, മയക്കുവെടി സംഘം, കുങ്കി ടീം എന്നിവർ വനാതിർത്തിയിലേക്ക് പുറപ്പെട്ടു. എന്നാൽ, പിഎം 2വിനൊപ്പം മറ്റൊരു കൊമ്പനും പിടിയും തുടരുന്നത് മയക്ക് വെടി വെക്കാൻ തസമായിരുന്നു. പിഎം 2 നിൽക്കാതെ സഞ്ചരിക്കുന്നതും ചതുപ്പ് വനഭാഗങ്ങളിലൂടെ സഞ്ചരിക്കുന്നതും പ്രതിസന്ധിയായിരുന്നു. ഇതേ തുടർന്നാണ് ഇന്ന് രാവിലെയും ദൗത്യം തുടർന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...