തിരുവനന്തപുരം: ദില്ലിയില്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിലായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ബീജാവാപം നടന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അണ്ണാ ഹസാരെയുടെ സമരത്തിന്റെ ഗുണഫലം ലഭിച്ചത് അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിയ്ക്കും ആയിരുന്നു. അങ്ങനെയാണ് അവര്‍ ദില്ലിയില്‍ അധികാരം പിടിക്കുന്നതും.


COMMERCIAL BREAK
SCROLL TO CONTINUE READING

മികച്ച ഭരണം എന്നത് തന്നെയായിരുന്നു അവരുടെ സന്ദേശവും വാഗ്ദാനവും. ദില്ലിയില്‍ അത് പ്രാവര്‍ത്തികമാക്കാനും ഒരു പരിധിവരെ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതിന്റെ പ്രതിഫലനം ആണ് ഇത്തവണ പഞ്ചാബില്‍ പ്രകടമായതും. എന്നാല്‍ ദില്ലിയ്ക്കും പഞ്ചാബിനും പിറകെ ആം ആദ്മി ലക്ഷ്യമിടുന്നത് കേരളമാണെങ്കില്‍, അത് എത്രത്തോളം വിജയിക്കുമെന്നത് ചോദ്യമാണ്.


Read Also: ത‍ൃക്കാക്കരയിൽ ട്വന്റി-20, എഎപി വോട്ടുകൾ ആർക്ക്, ആരെ പിന്തുണക്കണമെന്ന കാര്യത്തിൽ ധാരണയായെന്ന് സാബു എം. ജോക്കബ്


ദില്ലിയിലും പഞ്ചാബിലും നിലനിന്നിരുന്നതിന് സമാനമായ ഒരു സാഹചര്യമല്ല കേരളത്തില്‍ ഇന്നുള്ളത് എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. അത്തരമൊരു സാഹചര്യത്തില്‍ കേരളത്തില്‍ എന്ത് തരം രാഷ്ട്രീയ മുദ്രാവാക്യം ആയിരിക്കും കെജ്രിവാള്‍ മുന്നോട്ട് വയ്ക്കുക എന്നതും കാത്തിരുന്ന് കാണണം. കിറ്റക്‌സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഒരു രാഷ്ട്രീയ സംഘടന മാത്രമായ ട്വന്റി-20 യോടൊപ്പം ചേര്‍ന്നത് ഗുണകരമാകുമോ അതോ ദോഷകരമാകുമോ എന്നതും കാത്തിരുന്ന് കാണേണ്ട കാര്യമാണ്.


ദില്ലിയേയും പഞ്ചാബിനേയും അപേക്ഷിച്ച് നോക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും വികസനത്തിന്റെ കാര്യത്തിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും എല്ലാം കേരളം ഏറെ മുന്നിലാണ്. കൊവിഡ് പടര്‍ന്നു പിടിച്ച് ദില്ലി ആകെ തകിടം മറിഞ്ഞപ്പോഴും കേരളത്തിന്റെ പൊതുജനാരോഗ്യമേഖല പിടിച്ചുനിന്നിരുന്നു. അന്താരാഷ്ട്രതലത്തില്‍ തന്നെ ഇത് ചര്‍ച്ചയാവുകയും ചെയ്തു. ശിശുമരണ നിരക്കിലും സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അടിസ്ഥാന ശുചിത്വ സൗകര്യങ്ങളുടെ കാര്യത്തിലായാലും കേരളം ദില്ലിയേക്കാള്‍ മുന്നിലാണ്. മിനിമം വേതനത്തിന്റെ കാര്യത്തിലും കേരളം തന്നെയാണ് മുന്നില്‍. 


Read Also: 'ആം ആദ്മിയും ട്വന്റി-ട്വന്റിയും ചേർന്നാൽ ജനക്ഷേമ മുന്നണി'; കേരളത്തിൽ നാലാം മുന്നണി പ്രഖ്യാപിച്ച് കെജ്രിവാൾ


ഇക്കാര്യങ്ങളെ കുറിച്ച് ധാരണയുള്ളതുകൊണ്ടാകും കെജ്രിവാള്‍ മറ്റ് വാഗ്ദാനങ്ങളൊന്നും കേരളത്തില്‍ മുന്നോട്ടുവയ്ക്കാതിരുന്നത്. വൈദ്യുതി വിതരണത്തിന്റെ കാര്യത്തില്‍ മാത്രമാണ് ദില്ലി കേരളത്തേക്കാള്‍ അല്‍പമെങ്കിലും മുന്നിലുള്ളത്. അതുകൊണ്ട്, വൈദ്യുതിയെ കുറിച്ചായിരുന്നു കെജ്രിവാളിന്റെ വാഗ്ദാനം. സൗജന്യ വൈദ്യുതി എന്ന വാഗ്ദാനം കേരളത്തില്‍ എത്രത്തോളം നടപ്പിലാക്കാന്‍ പറ്റുമെന്നതും തര്‍ക്ക വിഷയമാണ്.


ആം ആദ്മിയുടെ ആദ്യ തരംഗ കാലം കേരളത്തില്‍ എങ്ങനെയാണ് പ്രതിഫലിച്ചത് എന്ന് കൂടി പരിശോധിക്കപ്പെടേണ്ടതാണ്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സാറാ ജോസഫിനേയും അനിത പ്രതാപിനേയും പോലുള്ള പ്രമുഖരെ രംഗത്തിറക്കിയിട്ടും ആം ആദ്മി പാര്‍ട്ടിയ്ക്ക് സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിന് പിറകെ നേതൃമാറ്റവും ആഭ്യന്തര തര്‍ക്കങ്ങളും എല്ലാം ചേര്‍ന്ന് പാര്‍ട്ടിയെ ഏറെക്കുറേ അപ്രസക്തമാക്കിയിരുന്നു. പഞ്ചാബ് തിരഞ്ഞെടുപ്പിലെ വിജയത്തിന് പിറകെയാണ് പിന്നീട് കേരളത്തില്‍ ആം ആദ്മിയ്ക്ക് ചെറിയൊരു ഉണര്‍വ്വുണ്ടായത്. 


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.