പാലാ: പാലാ നിയോജകമണ്ഡലത്തിന് "മാണി"യെ ഉപേക്ഷിക്കാന്‍ കഴിയില്ല!!


COMMERCIAL BREAK
SCROLL TO CONTINUE READING

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി. കാപ്പന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ ഇതായിരുന്നു പ്രതികരണം. പാലായ്ക്ക് വേണം മാണിയെ!!


കെ. എം. മാണിയുടെ നിര്യാണത്തോടെ അനാഥമായ പാലായ്ക്ക് ലഭിക്കുന്ന പുതിയ "മാണി" ആയിരിക്കുമോ മാണി സി. കാപ്പന്‍? അതേയെന്നുത്തരം നല്‍കുന്നവര്‍ ഏറെയാണ്‌ പാലയില്‍!!


പാലാ നിയോജക മണ്ഡലത്തില്‍ 3 മുന്നണികളും പോരാട്ടത്തിലാണെങ്കിലും മുഖ്യമായും ഈ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് - യുഡിഎഫ് പോരാട്ടമാണ്. 


അനുമാനമനുസരിച്ച് ബിജെപി സ്ഥാനാര്‍ഥി എന്‍. ഹരി മുന്‍ വര്‍ഷത്തെക്കാള്‍ നിലവാരം മെച്ചപ്പെടുത്തും. എങ്കിലും മണ്ഡലത്തില്‍ വിജയം നേടുക എളുപ്പമല്ല എന്ന് തന്നെ പറയാം....


മണ്ഡലത്തില്‍ മുഖ്യ മത്സരം നടക്കുന്നത് യുഡിഎഫിന്‍റെ ജോസ് ടോമും എല്‍ഡിഎഫിന്‍റെ മാണി സി കാപ്പനും തമ്മിലാണ്.


2006 മുതല്‍ കെ. എം മാണിയെ നേരിട്ട ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മാണി സി. കാപ്പന്‍. എല്‍ഡിഎഫ് പാലാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലേയ്ക്ക് സ്ഥാനാര്‍ഥിയെ പരിഗണിച്ചപ്പോള്‍ ആദ്യം നറുക്ക് വീണത്‌ മാണി സി കാപ്പനായിരുന്നു. അതിന് കാരണവുമുണ്ട്, കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളിലായി കെഎം മാണിയുടെ ഭൂരിപക്ഷം കുത്തനെ കുറയ്ക്കാന്‍ അദ്ദേഹത്തിന് സഹായമായി.


2006ല്‍ 7759 വോട്ടുകള്‍ക്കും 2011ല്‍ 5259 വോട്ടുകള്‍ക്കും 2016ല്‍ 4703 വോട്ടുകള്‍ക്കുമായിരുന്നു മാണി സി കാപ്പന്‍ കെ എം മാണിയോട് തോറ്റത്. എന്നാല്‍ 2001ല്‍ 22,000 വോട്ടുകള്‍ക്ക് വിജയിച്ച മാണിയുടെ ഭൂരിപക്ഷം ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കുറയ്ക്കാനായി എന്നത് മാണി സി കാപ്പന് മണ്ഡലത്തിലുള്ള വ്യക്തിപരമായ ബന്ധങ്ങളെയും എടുത്തുകാട്ടുന്നു. 


ഇത്തവണ ഈ വ്യക്തിബന്ധങ്ങള്‍ വോട്ടായി മാറ്റുന്നതോടൊപ്പം കോണ്‍ഗ്രസിലെ ഗ്രൂപ്പു വഴക്കുംകൂടി വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് മാണി സി. കാപ്പന്‍. കൂടാതെ, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ മുന്‍പിലായിരുന്നു മാണി സി. കാപ്പന്‍!! 


കെ.എം മാണിയുടെ അസാന്നിധ്യത്തില്‍ പാലാ മണ്ഡലത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ പാലാക്കാര്‍ക്കു സുപരിചിതനായ മാണി സി. കാപ്പനു കഴിയുമെന്നാണ് പാര്‍ട്ടിയുടെയും ഇടതുമുന്നണിയുടെയും പ്രതീക്ഷ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാനഘട്ടംവരെ പി. ജെ. ജോസഫ്‌ ഇടഞ്ഞു തന്നെ നിന്നത് ഇടതു പക്ഷ ക്യാമ്പില്‍ പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട്. 


പാലാ നിയമസഭാ മണ്ഡലം രൂപീകരിച്ചതിന് ശേഷം ഇതുവരെ പാലാക്കാക്ക് ഒരേയൊരു എംഎല്‍എയെ ഉണ്ടായിരുന്നുള്ളൂ. സാക്ഷാല്‍ കെ.എം മാണി. അദ്ദേഹത്തിന്‍റെ മരണത്തെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വന്നിരിക്കുന്നത്. പാലായ്ക്ക് ഇത്തവണയും മാണിയെ ലഭിക്കുമോ? 23ന് നടക്കുന്ന ജനവിധിയില്‍ പാലാക്കാര്‍ തീരുമാനിക്കും....