തിരുവനന്തപുരം/ദില്ലി: സുരേഷ് ഗോപിയെ ബിജെപിയുടെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ ധാരണയായി എന്ന വാർത്ത പുറത്ത് വന്നതുമുതൽ പാർട്ടിയ്ക്കുള്ളിലും പുറത്തും ചർച്ചകൾ സജീവമാണ്. സാധാരണഗതിയിൽ സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിമാരും മുൻ പ്രസിഡന്റുമാരും മാത്രം അംഗങ്ങളാകുന്ന കോർ കമ്മിറ്റിയിൽ സുരേഷ് ഗോപി എങ്ങനെ ഇടം പിടിക്കും എന്നായിരുന്നു പലരുടേയും ചോദ്യം. കഴിഞ്ഞ തവണ സമവായത്തിന്റെ ഭാഗമായി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സുരേഷ് ഗോപിയുടെ കാര്യത്തിൽ അങ്ങനെ ഒരു നീക്കം പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സുരേഷ് ഗോപിയെ അവരോധിക്കുന്നതിന്റെ ഭാഗമായാണോ ഇപ്പോഴത്തെ നീക്കം എന്നാണ് പലരും ഉറ്റുനോക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ താത്പര്യപ്രകാരം ആണ് സുരേഷ് ഗോപിയുടെ പേര് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത് എന്നാണ് വിവരം. കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തേണ്ടത് ദേശീയ നേതൃത്വമാണ്.


Read Also: 'സുരേഷ് ഗോപി ഭാവി മുഖ്യമന്ത്രി'; ജനങ്ങൾക്ക് താൽപര്യമുള്ള നേതാവെന്ന് രാമസിംഹൻ


പാർട്ടിയ്ക്കുള്ളിൽ സംശയങ്ങളും ചർച്ചകളും ഉയരാനുള്ള കാരണം ചില മുൻകാല സംഭവങ്ങൾ തന്നെയാണ്. ബിജെപി അംഗത്വം പോലും ഇല്ലാതിരുന്ന കുമ്മനം രാജശേഖരൻ ഒരു സുപ്രഭാതത്തിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിതനായത് തന്നെയാണ് ഉദാഹരണം. കുമ്മനം രാജശേഖരനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നു എന്ന് ദേശീയ നേതൃത്വം കേരള നേതൃത്വത്തെ അറിയിച്ചതിന് തൊട്ടുപിറകെ ആയിരുന്നു കുമ്മനത്തെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്. കേരളത്തിലെ നേതാക്കൾ ഒന്നടങ്കം ഞെട്ടിപ്പോയ ഒരു തീരുമാനം ആയിരുന്നു അത്. അടുത്ത കോർ കമ്മിറ്റിയിൽ ഉണ്ടാകും എന്ന് പറഞ്ഞ ആൾ സംസ്ഥാന അധ്യക്ഷ സ്ഥാനത്തെത്തുക! 


സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തുക എന്ന് പറയുമ്പോൾ അത് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് അവരോധിക്കുന്നതിന്റെ മുന്നോടിയാണെന്ന് കരുതാൻ മേൽപറഞ്ഞ ഒരൊറ്റ കാര്യം മാത്രം മതിയാകും. 2015 ൽ ആയിരുന്നു കുമ്മനം രാജശേഖരനെ ഇത്തരത്തിൽ സംസ്ഥാന അധ്യക്ഷ പദവിയിൽ ദേശീയ നേതൃത്വം അവരോധിക്കുന്നത്. അതിന് മുമ്പ് ബിജെപിയിൽ പ്രവർത്തിക്കാത്ത ഒരാൾ കൂടിയായിരുന്നു കുമ്മനം രാജശേഖരൻ. വി മുരളീധരൻ രണ്ട് ടേം തുടർച്ചയായി സംസ്ഥാന അധ്യക്ഷപദവിയിലിരിക്കെയാണ് കുമ്മനത്തെ കൊണ്ടുവരുന്നത്.


Read Also: സുരേഷ് ഗോപി സജീവരാഷ്ട്രീയം വിടുന്നില്ല; കോര്‍ കമ്മിറ്റിയിലേക്ക്, അതും കീഴ് വഴക്കങ്ങള്‍ അട്ടിമറിച്ച്! ലക്ഷ്യം ഒന്നുമാത്രം


സുരേഷ് ഗോപി എന്തായാലും ബിജെപിക്കാരൻ ആയി പ്രവർത്തിക്കുന്ന ഒരാളാണ്. സംസ്ഥാന സമിതി അംഗവും ആണ്. രണ്ട് തിരഞ്ഞെടുപ്പുകളിൽ ബിജെപി സ്ഥാനാർത്ഥിയായി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. 2015 ൽ വി മുരളീധരനിൽ നിന്നാണ് കുമ്മനം അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. 2022 ൽ മുരളീധരന്റെ ശിഷ്യനായ കെ സുരേന്ദ്രനിൽ നിന്ന് സുരേഷ് ഗോപി ആ ബാറ്റൺ ഏറ്റുവാങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്. 


തുടരെയുള്ള തോൽവികളും, തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ് അടക്കമുള്ള അഴിമതി ആരോപണങ്ങളും ഗ്രൂപ്പുവഴക്കുകളും എല്ലാം ചേർന്ന് വലിയൊരു പ്രതിസന്ധിയിൽ ആണ് ബിജെപി സംസ്ഥാന നേതൃത്വം ഇപ്പോഴുള്ളത്. അടുത്ത കാലത്തുള്ള സംസ്ഥാന അധ്യക്ഷൻമാരിൽ കെ സുരേന്ദ്രനോളം വിമർശനങ്ങൾ നേരിട്ട മറ്റൊരാൾ ഉണ്ടാവില്ല. എന്നിരുന്നാലും ദേശീയ നേതൃത്വം സുരേന്ദ്രനെ സംരക്ഷിച്ചുപോരുകയായിരുന്നു. പക്ഷേ, കേരളത്തിൽ ബിജെപിയ്ക്ക് മുന്നേറ്റമുണ്ടാകണമെങ്കിൽ നേതൃത്വനിരയിൽ ഒരു 'സർജിക്കൽ സ്‌ട്രൈക്ക്' തന്നെ വേണ്ടിവരുമെന്നാണ് പലരും വിലയിരുത്തുന്നത്. കേരളത്തിലെ പ്രകടനത്തിൽ ദേശീയ നേതൃത്വം തീരെ തൃപ്തരല്ല എന്നതും യാഥാർത്ഥ്യമാണ്. 2020 തദ്ദേശ തിരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ദയനീയ പ്രകടനം ആയിരുന്നു പാർട്ടി കാഴ്ചവച്ചത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.