യൂട്യൂബ് രംഗത്തെ ഒറ്റയാൾ പോരാട്ടം; വിജയ കഥ പറഞ്ഞ് നീതു


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യത്യസ്തമായ ആശയങ്ങളിലൂടെയും അവതരണ ശൈലിയിലൂടെയും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരെ സൃഷ്ട്ടിക്കുകയാണ് നീതു എന്ന വീട്ടമ്മ. സ്വന്തം ശബ്ദത്തിൽ സ്വതസിദ്ധമായ അഭിനയത്തിലൂടെയും നർമ്മത്തലൂടെയുമാണ് നീതു ആരാധകരെ സ്വന്തമാക്കുന്നത്. ടിക് ടോക്കിലൂടെ തുടങ്ങിയ അഭിനയമാണ് നീതുവിന് പ്രശസ്തിക്കൊപ്പം സ്വന്തം കാലിൽ നിൽക്കാനും പ്രാപ്തയാക്കിയത്. 


യൂട്യൂബ് രംഗത്ത് നീതുവിന്‍റേത് ശരിക്കും ഒരു ഒറ്റയാൾ പോരാട്ടം തന്നെയാണ്.  അഭിനയം, എഡിറ്റിംഗ്, കണ്ടന്‍റ് ക്രിയേഷൻ തുടങ്ങിയ എല്ലാ ജോലികളും നീതു ഒറ്റയ്ക്കാണ് ചെയ്യുന്നത്. ഒരു സാധാരണ വീട്ടമ്മയിൽ നിന്ന് യൂട്യൂബറായ വിശേഷങ്ങൾ സീ മലയാളം ന്യൂസിനോട് പങ്കുവയ്ക്കുകയാണ് നീതു...


ക്ലിക്ക് ആയ ആദ്യ വീഡിയോ


അപ്രതീക്ഷിതമായിട്ടായിരുന്നു നീതു യൂട്യൂബ് വ്ളോഗിങ്ങിലേക്ക് കടന്നു വരുന്നത്.  എം എസ് സി ബയോകെമിസ്ട്രിയായിരുന്നു പഠിച്ചത്. പഠനം കഴിഞ്ഞ്  കുറച്ചുനാൾ ജോലി നോക്കി. വിവാഹ ശേഷം ഭർത്താവിനൊപ്പം പഞ്ചാബിൽ പോയി. വീട്ടമ്മയായി തുടരുന്നതിനിടയിൽ  2020 ഓഗസ്റ്റ് 13 ആണ് യുട്യൂബ് ആരംഭിക്കുന്നത്. അതിനു മുൻപ് ടിക് ടോക് ചെയ്യുമായിരുന്നു. ആദ്യം  ലിപ് സിങ്കിംഗ്  വീഡിയോകളായിരുന്നു ചെയ്തിരുന്നത്. അങ്ങനെയിരിക്കെയാണ്  ഒരു ദിവസം ഓൺ വോയ്സ് വീഡിയോ പരീക്ഷിച്ചത്. അത് പെട്ടന്നുതന്നെ ക്ലിക്ക് ആയി ഒരു ലക്ഷം വ്യൂസ്  കിട്ടുകയായിരുന്നു. സ്വന്തം ശബ്ദത്തിൽ തന്നെ വീഡിയോകൾ ചെയ്യുന്നതാണ് പ്രേക്ഷകർ സ്വീകരിക്കുക എന്ന് അതിലൂടെ മനസിലാക്കിയതായും നീതു പറയുന്നു. 


സന്തുഷ്ട്ട കുടുംബം


ഭ‍ര്‍ത്താവും നാലു വയസുകാരനായ മകൻ ശിവനന്ദും അടങ്ങുന്ന സന്തുഷ്ട്ട കുടുംബമാണ് നീതുവിന്‍റേത്. എയർ ഫോഴ്സ് ഉദ്യോഗസ്ഥനാണ് നീതുവിന്‍റെ ഭർത്താവ് ജിതേഷ്. തന്നെ ഏറ്റവുമധികം പിൻതുണയ്ക്കുന്നത് വീട്ടുകാരാണെന്ന് നീതു പറയുന്നു. ഭർത്താവും അമ്മായി അമ്മയും കട്ട സപ്പോർട്ടുമായി ഒപ്പമുണ്ടെന്നും നീതു പറയുന്നു. 


വൈറലായ അമ്മായിയമ്മ 


ടിക്ക് ടോക്ക് വീഡിയോകൾ ക്ലിക്ക് ആയി വന്നിരുന്ന സമയത്താണ് അപ്രതീക്ഷിതമായി ടിക്ക് ടോക്ക് നിരോധിക്കുന്നത്. അതോടെ കഷ്ട്ടപ്പെട്ട് ചെയ്ത വീഡിയോകൾ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള മാർഗ്ഗമെന്ന നിലയിലാണ് യൂട്യൂബിലേക്ക് എത്തുന്നത്. യൂട്യൂബിൽ വീഡിയോകൾ ഇട്ടു തുടങ്ങിയ ശേഷം ഒരു മാസത്തോളം കാഴ്ചക്കാർ കുറവായിരുന്നു. ഒരു മാസത്തിന് ശേഷമാണ് പെട്ടെന്ന് ഒരു വീഡിയോ വൈറലാകുന്നത്. അമ്മായിയമ്മയെ വിഷയമാക്കി ചെയ്ത ഒരു വീഡിയോ ആയിരുന്നു ആദ്യമായി വൈറൽ ആയത്. അന്ന് ഇരുന്നൂറും മുന്നൂറും വ്യൂസ് കിട്ടിയിരുന്ന സ്ഥാനത്താണ് പെട്ടെന്ന് ഒറ്റ ദിവസം കൊണ്ട് ആയിരം വ്യൂസ് കിട്ടുന്നത്. പിന്നാലെ മറ്റു വീഡിയോകൾക്കും കാഴ്ചക്കാരെ കിട്ടി തുടങ്ങിയതായി നീതു പറയുന്നു. 


ചുറ്റുമുള്ള കഥാപാത്രങ്ങൾ


അമ്മായിയമ്മ, മരുമകൾ, കുശുമ്പി നാത്തൂൻ, തുടങ്ങി ദിവസവും നമുക്ക് മുന്നിലൂടെ കടന്നു പോകുന്നവരാണ് നീതുവിന്‍റെ വീഡിയോകളിലെ കഥാപാത്രങ്ങളായി പിറക്കുന്നത്. വീഡിയോകളിലെ സ്വാഭാവിക അഭിനയമാണ് നീതുവിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്.  നമുക്ക് ചുറ്റുമുള്ള വ്യക്തികളെ നിരീക്ഷിക്കുക, അവരുടെ പെരുമാറ്റ രീതികൾ ശ്രദ്ധിക്കുക എന്നിവയൊക്കെയാണ് നീതു ഇതിനായി നടത്തുന്ന തയ്യാറെടുപ്പുകൾ. 


സ്വന്തമായി തിരഞ്ഞെടുക്കുന്ന കണ്ടന്റുകൾ


ഓരോ വീഡിയോയിലെയും കണ്ടന്റുകൾ നീതു സ്വയം തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ആശങ്ങൾ ആലോചിച്ച് കുറിച്ച് വയ്ക്കുന്ന പതിവ് ഉണ്ട്. ഇതിൽ നിന്നാണ് ആശയങ്ങൾ തിരഞ്ഞെടുക്കാറുള്ളത്. ആദ്യമൊക്കെ ഒറ്റയ്ക്കായിരുന്നു ഷൂട്ട് ഒക്കെ ചെയ്തിരുന്നത്. പിന്നീട് സഹായത്തിന് അമ്മായിയമ്മയും കൂടി. വീഡിയോ എടുക്കാൻ സഹായിക്കുന്നതും എന്തിനും നല്ല പിൻതുണ നൽകുന്നതും അമ്മായിയമ്മയാണെന്നും നീതു പറയുന്നു. 


അമ്മായിയമ്മ കട്ട സപ്പോർട്ട് 


നീതുവിന്‍റെ വീഡിയോകളിൽ മിക്കപ്പോഴും പ്രധാന കഥാപാത്രമാകുന്നത് അമ്മായിയമ്മയാണ്. 29 തരത്തിലുള്ള അമ്മായിയമ്മമാർ എന്നതാണ് ഏറ്റവുമധികം വൈറലായ വീഡിയോകളിൽ ഒന്ന്. അതുരകൊണ്ട് തന്നെ എല്ലാവർക്കും അറിയേണ്ടത് നീതുവിന്റെ റിയൽ അമ്മായിയമ്മയെ കുറിച്ചാണ്. തനിക്ക് മറ്റാരേക്കാളും സപ്പോ‍ർട്ട് നൽകുന്നത് അമ്മായിയമ്മ ജയ പത്മനാഭനാണെന്നാണ് ഇതിന് നീതുവിന്‍റെ മറുപടി. വീട്ടിലെ ജോലികൾ ഒന്നും ചെയ്തില്ലെങ്കിലും വീഡിയോ ചെയ്താൽ മതിയെന്നാണ് അമ്മായിയമ്മ പറയാറുള്ളതെന്നും നീതു പറയുന്നു.



 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.