പ്രതിസന്ധികളെ ചവിട്ടുപടികളാക്കി അനീഷ്...
ഏതൊരു പ്രതിസന്ധിയിലും അവസരങ്ങളുടെ വിത്ത് കിടപ്പുണ്ട് എന്ന് വിശ്വസിക്കുന്ന അനീഷ്, കോവിഡ് മഹാമാരി കാലത്തും ഓൺലൈൻ ക്ലാസ്സുകളിലൂടെ സാദ്ധ്യതകൾ കണ്ടെത്തുകയും അത് കോവിഡ് മുഖാന്തിരം തൊഴിൽ നഷ്ടപ്പെട്ടവരടക്കം നിരവധി വ്യക്തികൾക്ക് അവസരങ്ങളായി പകർന്നു നൽകുകയും ചെയ്തു.
21ാം വയസ്സിൽ സ്വപ്നങ്ങളുടെ പുറകെ ചിറകടിച്ചു പറക്കുവാൻ കൊതിക്കുന്ന പ്രായത്തിലാണ് കോട്ടയം ആർപ്പൂക്കര സ്വദേശിയായ അനീഷ് മോഹനെ തേടി ആ ദുരന്തം വരുന്നത്. 2009 ഒക്ടോബർ 17ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് പിടിക്കാനായി പാളം മുറിച്ചു കടക്കവേ കാലിൽ ചുറ്റിയിരുന്ന ബാൻഡേജ് പാളത്തിലുടക്കി തലയിടിച്ച് വീണ് ബോധം പോയ അനീഷിൻ്റെ മുകളിലൂടെ ട്രെയിൻ പാഞ്ഞുകയറി. വലത് കൈപ്പത്തിയും ഇടതു കാൽമുട്ടിനു താഴെയും വച്ച് മുറിച്ച് മാറ്റപ്പെട്ടു, ഇടതു കൈയ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു.
ഈ യുവാവിൻ്റെ ജീവിതം അവസാനിച്ചു എന്ന് എല്ലാവരും ചിന്തിച്ചു. എന്നാൽ അവിടെ നിന്ന് അനീഷ് എല്ലാം തുടങ്ങുകയായിരുന്നു. കൃത്രിമ കൈകാലുകളുടെ സഹായത്തോടുകൂടി നടക്കുവാനും സ്വന്തം കാര്യങ്ങൾ ചെയ്യുവാനും പ്രാപ്തനായി. ശേഷം സൈക്കിൾ ചവിട്ടാനും സ്കൂട്ടർ ഓടിക്കാനും കാറോടിക്കാനുമൊക്കെ പരിശീലിച്ചു.
ഡോ.മാത്യു കണമലയുടെ ശിഷ്യത്തം സ്വീകരിച്ചത് ജീവിതത്തിലെ വഴിത്തിരിവായി. തുടർന്ന് മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (MSW) പഠിച്ച് കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇപ്കായ് (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്സൺ സെൻ്റർഡ് അപ്രോച്ചസ് ഇൻ ഇന്ത്യ ) എന്ന പരിശീലന സംഘടനയുടെ പ്രചോദക പരിശീലകനായി മാറി. ഇതിനോടകം 2200ലധികം വേദികളിലായി 7 ലക്ഷത്തിലധികം വ്യക്തികൾക്ക് ക്ലാസ് നയിച്ചിട്ടുണ്ട്. എന്നും പഠനത്തിന് പ്രാധാന്യം കൊടുത്തിരുന്ന അനീഷ് പി. എസ്. സി പരീക്ഷ പാസായി 2017ൽ സർക്കാർ ജോലിയിൽ പ്രവേശിച്ചു. ആർപ്പൂക്കര ഗ്രാമപഞ്ചായത്തിലാണ് ജോലി ചെയ്യുന്നത്. 2018 മെയ് 13ന് വിവാഹിതനായി. ഭാര്യ നിധി സുകുമാരൻ, കോട്ടയം ഗിരിദീപം സീനിയർ സെക്കൻഡറി സ്കൂൾ ഫിസിക്സ് അധ്യാപികയാണ്. അനീഷിനോടൊപ്പം പരിശീലന രംഗത്ത് വളരെ സജീവമാണ്. മകൻ ലോകനാഥ് രണ്ടര വയസ്സ്.
ഏതൊരു പ്രതിസന്ധിയിലും അവസരങ്ങളുടെ വിത്ത് കിടപ്പുണ്ട് എന്ന് വിശ്വസിക്കുന്ന അനീഷ്, കോവിഡ് മഹാമാരി കാലത്തും ഓൺലൈൻ ക്ലാസ്സുകളിലൂടെ സാദ്ധ്യതകൾ കണ്ടെത്തുകയും അത് കോവിഡ് മുഖാന്തിരം തൊഴിൽ നഷ്ടപ്പെട്ടവരടക്കം നിരവധി വ്യക്തികൾക്ക് അവസരങ്ങളായി പകർന്നു നൽകുകയും ചെയ്തു. 2020 മാർച്ച് 24ന് ഇന്ത്യയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ, പരിശീലന മേഖല ക്ലാസ്സുകൾ എടുക്കാനാകാതെ സ്‌തംഭിച്ചു നിന്ന സമയം. അനീഷ് അവിടെയും അവസരം കണ്ടെത്തി. ഇപ്കായ് യുടെ നേതൃത്വത്തിൽ മാർച്ച് 27 മുതൽ ഓൺലൈൻ ക്ലാസുകൾ എടുക്കുവാൻ ആരംഭിച്ചു. പൊതുവേ ബോറിങ്ങായ ഓൺലൈൻ ക്ലാസുകൾ മെച്ചപ്പെടുത്തുവാനായി കൂടുതൽ പഠിക്കാനായി സമയം കണ്ടത്തി. അപ്രകാരം പരിശീലനം നൽകുന്നതിൽ കൂടുതൽ സജീവമായി. വിവിധ ആനുകാലിക വിഷയങ്ങളിൽ ഇതിനോടകം എഴുനൂറിലധികം ഓൺലൈൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഇന്ന് ഇരുപത്തിയഞ്ചിലധികം രാജ്യങ്ങളിൽ വിദ്യാർത്ഥികളുണ്ട്.
ഓൺലൈൻ ക്ലാസുകളുടെയും, മാർക്കറ്റിങ്ങിൻ്റെയും സാധ്യതകൾ മറ്റുള്ളവരെ പരിശീലിപ്പിക്കാനായി സുഹൃത്തും പരിശീലകനുമായ അഭിലാഷ് ജോസഫിൻ്റെ നേതൃത്വത്തിൽ ലൈഫ് ടെക് സൊല്യൂഷൻസ് ( Life Tech Solutions) എന്ന പ്രസ്ഥാനം ഈ സമയം ആരംഭിച്ചു. ഇന്ത്യക്കകത്തും പുറത്തുമുള്ള ആയിരത്തിലധികം അദ്ധ്യാപകരും, പരിശീലകരും ഇതിനോടകം ഈ പരിശീലനത്തിൻ്റെ ഭാഗമായിട്ടുണ്ട്. എങ്ങനെ ഓൺലൈൻ ക്ലാസ്സുകൾ ഇഫക്ടീവായി എടുക്കാം, ഡിജിറ്റൽ മാർക്കറ്റിംഗ്, മൊബൈൽ അഡിക്ഷൻ തരണം ചെയ്യാം, സോഷ്യൽ സെക്യൂരിറ്റി എന്നീ വിഷയങ്ങളിലാണ് പ്രധാനമായും പരീശീലനങ്ങൾ നൽകുന്നത്. ഇന്ന് കേരളത്തിൽ ഓൺലൈനിൽ ഏറ്റവും രസകരവും ഫലപ്രദവുമായി ക്ലാസുകൾ നയിക്കുന്ന വ്യക്തികളിൽ ഒരാളായി അനീഷ് മാറിയത് അങ്ങനെയാണ്.
കോവിഡ് കാലഘട്ടത്തിൽ എഴുത്തുകാരൻ്റെ വേഷം കൂടിയണിഞ്ഞ അനീഷ്, 'രക്ഷിതാക്കളറിഞ്ഞിരിക്കേണ്ട 7 ചിന്തകൾ' എന്ന ശീർഷകത്തിൽ ഒരു പുസ്തകം എഴുതി ഇ-ബുക്കായി പബ്ലിഷ് ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്റെ ആശയങ്ങൾ സമൂഹത്തിൽ പോസിറ്റീവ് ചിന്തകൾ നിറയ്ക്കുന്നതിനായി നൂറോളം ഉദ്ധരണികൾ (quotes) എഴുതുകയും, അത് Anish Mohan Quotes എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നു.
ലോകത്ത് മനുഷ്യർ വിജയിക്കുന്നത് 2 വിഭവങ്ങൾ (resources ) ഉപയോഗിച്ചിട്ടാണ്, ഒന്ന് സമയം, രണ്ട് പണം. പണം എല്ലാവർക്കും തുല്യമല്ല എന്നാൽ സമയം തുല്യമാണ്. ആ സമയത്തെ എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് നമ്മുടെ വിജയപരാജയങ്ങൾ തീരുമാനിക്കുന്നത്. ഈ ചിന്തയാണ് സമയത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുവാൻ അനീഷിനെ പ്രാപ്തനാക്കുന്നത്.
നിരവധി ദേശീയ-അന്തർദേശീയ അവാർഡുകളും അംഗീകാരങ്ങളും അനീഷിനെ തേടിയെത്തിയിട്ടുണ്ട്. 2019ൽ ജൂനിയർ ചേമ്പർ ഇൻറർനാഷണൽ ലോകത്തെ മികച്ച 10 യുവ പ്രതിഭകളെ തിരഞ്ഞെടുത്തപ്പോൾ അതിലെ ഏക ഇന്ത്യക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. കേരള സംസ്ഥാന സർക്കാരിൻ്റേതടക്കം നിരവധി സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.
സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായ അനീഷ് ‘ടീൻ ഇപ്കായ്’(TEEN IPCAI) എന്ന പേരിൽ ഭിന്നശേഷിയുള്ളതും സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്ന നാൽപതോളം കുട്ടികളുടെ സമഗ്ര വികസനത്തിനായുള്ള ഒരു പ്രൊജക്റ്റ് നടത്തിവരുന്നു.
പ്രധാനമായും സ്കൂൾ/കോളേജ് വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും, അദ്ധ്യാപകർക്കും ക്ലാസ്സുകൾ നയിക്കുന്ന അനീഷ് ഇപ്പോൾ കോവിഡ് കാലഘട്ടത്തിൽ ഇവർ നേരിടുന്ന പ്രധാന പ്രതിസന്ധികളായ പരീക്ഷാ പേടി, സമയക്കുറവ്, മൊബൈൽ അഡിക്ഷൻ, മടി തുടങ്ങിയവയ്ക്കുള്ള പരിഹാരം പരിശീലനങ്ങളിലൂടെ നൽകുന്ന തിരക്കിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...