ജൂഡ് ആന്റണി ജോസഫ് സംവിധാനം നിർവഹിച്ച “2018” ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. മെയ് അഞ്ചിന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ച ചിത്രം നിരൂപക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. വാണിജ്യപരമായും സിനിമ വലിയ നേട്ടം കൊയ്തു. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെ "2018" ചിത്രത്തിന്റെ നിർമാതാക്കൾ ഇപ്പോൾ ചിത്രത്തിന്റെ പാൻ ഇന്ത്യൻ റിലീസിന് തയ്യാറെടുക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ടൊവിനോ തോമസ്, ഇന്ദ്രൻസ്, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ലാൽ, നരേൻ, തൻവി റാം, ശിവദ, കലൈയരശൻ, അജു വർഗീസ്, സിദ്ദിഖ്, ജോയ് മാത്യു, സുധീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന '2018' വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ഈ അവസരത്തിലാണ് ചിത്രം പാൻ ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്യാൻ നിർമാതാക്കൾ തയ്യാറെടുക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി മെയ് 26 വെള്ളിയാഴ്ച ചിത്രം പാൻ-ഇന്ത്യ റിലീസ് ആകും.


ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇ4 എന്റർടെയ്ൻമെന്റ് വഴിയാണ് പുറത്തിറങ്ങുകയെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. മെയ് അഞ്ചിന് പ്രദർശനം ആരംഭിച്ച ചിത്രം ലോകമെമ്പാടും 137.6 കോടിയാണ് ഇതുവരെ കളക്ഷൻ നേടിയത്. പൊതുജനങ്ങളുടെ ആവശ്യത്തെത്തുടർന്ന്, കേരള സർക്കാർ സിനിമ ഹാളുകളിൽ ചിത്രത്തിന്റെ ആറ് ഷോകൾ വരെ നിശ്ചയിച്ചു. "2018" ഏകദേശം 65.25 കോടി രൂപയാണ് കേരളത്തിൽ നേടിയത്.


ALSO READ: 2018 Movie Box Office : ഏഴ് വർഷത്തിന് ശേഷം മലയാളത്തിൽ ഒരു ഇൻഡസ്ട്രി ഹിറ്റ് പിറന്നു; പുലിമുരുകനെ മറികടന്ന് 2018


ചിത്രം പാൻ ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്യുന്നതായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ് സ്ഥിരീകരിച്ചു. 2018 ചിത്രത്തെക്കുറിച്ച് അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഇതുവരെ ചിത്രത്തിന് ലഭിച്ച പ്രതികരണത്തിൽ സന്തോഷിക്കുന്നുവെന്നും ജൂഡ് ആന്റണി പറഞ്ഞു. ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും സ്വീകാര്യതയും കണക്കിലെടുത്ത് രാജ്യവ്യാപകമായി പ്രേക്ഷകർക്കായി “2018” റിലീസ് ചെയ്യാൻ തീരുമാനിച്ചു. എല്ലാ സംസ്ഥാനങ്ങളിലും ചിത്രം പ്രദർശിപ്പിക്കുമെന്നും ജൂഡ് ആന്റണി പറഞ്ഞു.


ചിത്രത്തിലെ നായകൻ ടൊവിനോ തോമസും പ്രേക്ഷകരോടുള്ള നന്ദി പങ്കുവെച്ചു, “ഒരു ടീമെന്ന നിലയിൽ, “2018”ന് ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹത്തിലും നല്ല പ്രതികരണത്തിലും ഞങ്ങൾ വളരെയധികം സന്തോഷിക്കുന്നു, അതുകൊണ്ടാണ് പാൻ ഇന്ത്യൻ തലത്തിൽ സിനിമ പ്രദർശിപ്പിക്കുന്നതിൽ ഞങ്ങൾ കൂടുതൽ ആവേശഭരിതരാണ്. ബോക്‌സ് ഓഫീസ് നമ്പറുകളേക്കാൾ, എനിക്കും മുഴുവൻ ടീമിനും ലഭിക്കുന്ന അഭിനന്ദന വാക്ക്, അത് വളരെ സംതൃപ്തി നൽകുന്നതാണെന്ന് ടൊവിനോ പറഞ്ഞു.


“2018” സിനിമയുടെ സഹനിർമാതാവ് വേണു കുന്നപ്പിള്ളിയും ചിത്രത്തിന്റെ പാൻ-ഇന്ത്യ റിലീസിനെക്കുറിച്ച് പറഞ്ഞു. “ഞങ്ങൾക്കെല്ലാവർക്കും ഈ സിനിമ ഒരു പ്രത്യേകതയുള്ള യാത്രയാണ്. കേരളത്തിലെ പ്രളയത്തെ സ്ക്രീനിലേക്ക് കൊണ്ടുവരുന്നത് വലിയ യാത്രയായിരുന്നു, ഞങ്ങളുടെ പ്രയത്‌നങ്ങൾക്ക് ഫലമുണ്ടായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നിരൂപകരും പ്രേക്ഷകരും ഞങ്ങളുടെ സിനിമയ്ക്ക് വളരെയധികം സ്നേഹവും അഭിനന്ദനവും നൽകി, അതാണ് ഞങ്ങൾക്കുള്ള ഏറ്റവും വലിയ പ്രതിഫലം. ഇത് കണക്കിലെടുത്ത്, നിർമ്മാതാക്കളെന്ന നിലയിൽ ഞങ്ങൾ ഇപ്പോൾ "2018" രാജ്യം മുഴുവനുമായും അവതരിപ്പിക്കാൻ തീരുമാനിച്ചു. ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു.


2018ൽ മഹാപ്രളയത്തെ അതിജീവിക്കാൻ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഒത്തുചേർന്നപ്പോൾ ഉണ്ടായ കേരളത്തിലെ കഥയാണ് "2018" എന്ന ചിത്രം പ്രതിപാദിക്കുന്നത്. പ്രതിസന്ധികളെ മറികടക്കാൻ മനുഷ്യത്വത്തിന് കഴിയും എന്ന സന്ദേശം സിനിമ മുന്നോട്ട് വയ്ക്കുന്നു. ‌വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രം കാവ്യ ഫിലിം കമ്പനിയാണ് വിതരണം ചെയ്യുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.