പറയാൻ ബാക്കി വെച്ചത് തുടരും! ; മാളികപ്പുറത്തിന് രണ്ടാം ഭാഗമോ?
മാളികപ്പുറത്തിന്റെ കഥയും കഥാപാത്രങ്ങളും കഴിഞ്ഞിട്ടില്ല പറയാൻ ബാക്കി വെച്ചത് ഇനിയും തുടരും’
തിരുവനന്തപുരം:ബോക്സോഫീസിൽ നിന്ന് മികച്ച പ്രതികരണവുമായി ഉണ്ണിമുകുന്ദൻ ചിത്രം മാളികപ്പുറം പ്രദർശനം തുടരുന്നു.
ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം വരുമെന്ന സൂചന നൽകിയിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.. മാളികപ്പുറത്തിന്റെ കഥയും കഥാപാത്രങ്ങളും കഴിഞ്ഞിട്ടില്ല പറയാൻ ബാക്കി വെച്ചത് ഇനിയും തുടരും എന്നാണ് അഭിലാഷ് പിള്ള ഫേയ്സ്ബുക്കിൽ കുറിച്ചത്. ഇതോടെ മാളികപ്പുറത്തിന് രണ്ടാം ഭാഗം വരുമെന്ന് ഉറപ്പായിരിക്കുകയാണ്.
‘സിനിമ കണ്ട പലരും ചോദിച്ച ചോദ്യം മാളികപ്പുറത്തിന്റെ കഥ യഥാർത്ഥ കഥയാണോ, കല്ലു യഥാർത്ഥ കഥാപാത്രം ആണോ എന്ന്. അതിനുള്ള ഉത്തരം, ഈ സിനിമ ഷൂട്ട് ചെയ്‌തിരിക്കുന്നത് ഞാൻ ജനിച്ചു വളർന്ന നാട്ടിലാണ് ( കോന്നി, പത്തനംതിട്ട ). ഇതിലെ കഥാപാത്രങ്ങൾ പലരും ജീവിച്ചിരിക്കുന്നവരാണ്. കാണാമറയത്ത് ഉണ്ട് അജയനും, കല്ലുവും, സൗമ്യയും, പീയുഷും, ഉണ്ണിയും, പട്ടടയും പിന്നെ അയ്യപ്പനും. Nb: മാളികപ്പുറത്തിന്റെ കഥയും കഥാപാത്രങ്ങളും കഴിഞ്ഞിട്ടില്ല പറയാൻ ബാക്കി വെച്ചത് ഇനിയും തുടരും’ എന്നാണ് അഭിലാഷ് പിള്ള ഫേയ്സ്ബുക്കിൽ കുറിച്ചത്..
2022 ഡിസംബർ 30-നാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്.കുടുംബ പ്രേക്ഷകർക്കാണ് ചിത്രം ഏറ്റവുമധികം ഇഷ്ടപ്പെട്ടതെന്ന് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്.കേരള ബോക്സോഫീസ് ട്വിറ്ററിൽ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം സിനിമയ്ക്ക് കേരളത്തിൽ നിന്നും 9 ദിവസത്തെ കളക്ഷൻ മാത്രം 8.1 കോടിയാണ്. വേൾഡ് വൈഡ് കളക്ഷനാകട്ടെ 10 കോടി കവിഞ്ഞു.
ചിത്രത്തിൻറെ ആദ്യ മൂന്ന് ദിവസത്തെ കേരളത്തിലെ കളക്ഷൻ 2.62 കോടിയാണ്.ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോസ് സ്വന്തമാക്കിയതായി റിപ്പോർട്ട്. തീയേറ്ററുകളിൽ പ്രദർശനം അവസാനിപ്പിച്ചതിന് ശേഷം ഉടൻ തന്നെ ഒടിടിയിലെത്തും. ഫെബ്രുവരിയിൽ ചിത്രത്തിന്റെ ഒടിടി റിലീസ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...