Aadujeevitham: `ആടുജീവിതം` സിനിമയായത് ഇങ്ങനെ.. ബ്ലെസിയുടെ സ്വപ്ന ചിത്രം വന്ന വഴിയെ കുറിച്ച്; വീഡിയോ
കഴിഞ്ഞ വർഷം ജൂലൈയിൽ തന്നെ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ സ്വപ്ന ചിത്രമാണ് ആടുജീവിതം.
പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലെസി ഒരുക്കുന്ന ചിത്രമാണ് ആടുജീവിതം. പ്രേക്ഷകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ സ്വപ്ന ചിത്രം എന്ന് തന്നെ ആടുജീവിതത്തെ വിശേഷിപ്പിക്കാം. ചിത്രത്തെ സംബന്ധിച്ചുള്ള വിശേഷങ്ങൾ ബ്ലെസിയും പൃഥ്വിരാജും അടക്കമുള്ളവർ സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത ചിത്രത്തിന്റെ പൂജ ചടങ്ങളുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. 2018 മാർച്ച് 1നാണ് ചിത്രത്തിന്റെ പൂജ നടന്നത്. അതിന്റെ 5 വർഷം തികയുമ്പോഴാണ് വീഡിയോ അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം 2022 ജൂലൈയിൽ പൂർത്തിയായിരുന്നു.
ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ സിനിമ ആയത് എങ്ങനെയെന്ന് വിവരിക്കുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ പൂജ ചടങ്ങുകളുടെ ഭാഗവും വീഡിയോയിലുണ്ട്.
വീഡിയോ പങ്കുവെച്ച് കൊണ്ട് യൂട്യൂബിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ...
''2009 ലാണ് ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിക്കപ്പെടുന്നത്.
2009 ലെ ആദ്യവായനയിൽ തന്നെ ദൃശ്യഭാഷ ചമയ്ക്കാൻ കൊതിപ്പിച്ച കൃതികളിലൊന്നായി അത് മാറി.
പ്രസിദ്ധീകരിച്ച് 15 ആം വർഷത്തിലേക്കെത്തുമ്പോൾ മലയാള സാഹിത്യ ചരിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ നോവലുകളിൽ ഒന്നായി കഴിഞ്ഞ 'ആടുജീവിത'ത്തെ ഒരു സംവിധായകൻ എന്ന നിലയിൽ, അഭ്രപാളിയിൽ ജീവസുറ്റതാക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തതും വ്യക്തി പരമായി ഒരു മരുയാത്ര മുന്നിൽകണ്ട് തന്നെയായിരുന്നു.
നാന്ദി കുറിച്ചിടം തൊട്ടിന്നുവരെ ഈ യാത്രയിലുടനീളം എന്നെ പിന്തുണച്ച എല്ലാവർക്കും വാക്കിന്റെ പരിമിതികളിൽ ഒതുങ്ങാത്തത്ര നന്ദി!
അതിജീവിച്ചു കഴിഞ്ഞ പ്രതിസന്ധികൾ സമ്മാനിക്കുന്നത് നനവുള്ള ഓർമകളും പുത്തൻ തിരിച്ചറിവുകളും ഒപ്പം അപ്രതീക്ഷിതമായ ചില മരുപ്പച്ചകളുമാണ്, നജീബിനെപ്പോലെ... എനിക്കും..! നമ്മൾക്കും!
ഒരു വ്യാഴവട്ടക്കാലത്തിലേറെ മനസ്സിൽ പേറിയ സ്വപ്നം സാക്ഷാൽകരിക്കുന്നതിലെ ചാരിതാർഥ്യത്തോടെ''
ഇത്രയും നീളമേറിയ ചിത്രീകരണ കാലഘട്ടം നേരിട്ട ഒരു ഇന്ത്യൻ ചിത്രം അപൂർവമാണ്. കോവിഡ് അനുബന്ധ സാഹചര്യങ്ങൾ ചിത്രീകരണത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു. 2021 ജൂൺ മാസമായിരുന്നു ചിത്രത്തിൻ്റെ നാല് വർഷത്തിലധികം നീണ്ടുനിന്ന ഏറെ പ്രതിസന്ധികൾ നിറഞ്ഞ ആഫ്രിക്കൻ ചിത്രീകരണം അവസാനിപ്പിച്ച് ആടുജീവിതം ടീം തിരിച്ചെത്തിയത്. ചിത്രീകരണ സ്ഥലത്തെ അതികഠിനമായ ചൂട് അണിയറ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെ ആയിരുന്നു. അൽജീരിയയിലും ജോർദ്ദാനിലുമുള്ള ഷൂട്ടിംഗിന് ശേഷവും രണ്ട് ദിനങ്ങൾ കേരളത്തിലെ പത്തനംതിട്ടയിൽ ഏതാനും രംഗങ്ങൾ ചിത്രീകരണം തുടർന്നിരുന്നു.
Also Read: Secret Home: സീക്രട്ട് ഹോം ചിത്രീകരണം തുടങ്ങി; ശിവദ-ചന്തുനാഥ് വീണ്ടും ഒന്നിക്കുന്നു
നജീബ് എന്ന കേന്ദ്രകഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിനായി സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. അമല പോൾ ആണ് ചിത്രത്തിലെ നായിക. എ. ആർ. റഹ്മാൻ ആണ് സംഗീതം സംവിധാനം നിർവഹിക്കുന്നത്.
ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചതിന് ശേഷം മാത്രമെ ആടുജീവിതം തിയേറ്ററുകളിലേക്ക് എത്തുകയുള്ളൂ. സിനിമയ്ക്കായി വളരെ അനാരോഗ്യകരമായ ഡയറ്റിങ് രീതിയാണ് പാലിച്ചതെന്ന് പൃഥ്വിരാജ് മുൻപ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് വേണ്ടി ശരീരഭാരം 98 കിലോയായി ഉയർത്തിയതായും എന്നാൽ അതിന് ശേഷം ബാക്കി ഭാഗത്തിനായി അത് 67 കിലോയായി കുറയ്ക്കുകയും ചെയ്‌തെന്ന് പൃഥ്വിരാജ് പറഞ്ഞു. ഷൂട്ടിങ്ങിനിടയിൽ ബോധംകെടുന്ന അവസ്ഥ വരെ വന്നു. എന്നാൽ ഈ പ്രയത്‌നത്തിന് ഫലം ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും പൃഥ്വിരാജ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...