പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലെസി ഒരുക്കുന്ന ചിത്രമാണ് ആടുജീവിതം. പ്രേക്ഷകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ സ്വപ്ന പദ്ധതി എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ചിത്രത്തിന്റെ വിശേഷങ്ങൾ പലപ്പോഴായി സംവിധായകൻ ബ്ലെസിയും പൃഥ്വിരാജും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം അറിയിക്കുകയാണ് പൃഥ്വിരാജ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

'14 വർഷം, ഒരായിരം തടസങ്ങൾ, അതിലേറെ വെല്ലുവിളികൾ, മഹാമാരിയുടെ മൂന്ന് തരം​ഗങ്ങൾ, ബ്ലെസിയുടെ ആടുജീവിതം പാക്കപ്പ് ആയി'. ഇങ്ങനെയാണ് പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചത്. ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രവും ബ്ലെസിയുടെ ഒരു ചിത്രവും കുറിപ്പിനൊപ്പം പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്. മിനിറ്റുകൾക്കുള്ളിൽ തന്നെ പൃഥ്വിരാജിന്റെ പോസ്റ്റ് വൈറലായി കഴിഞ്ഞു. ആടുജീവിതത്തിനായി കട്ട് വെയ്റ്റിം​ഗ് എന്നാണ് ആരാധകർ കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനായി പോലും കാത്തിരിക്കുകയാണ് ഞങ്ങൾ എന്നും ആരാധകർ പറയുന്നു. ചിത്രത്തിന് ദേശീയ പുരസ്കാരങ്ങൾ ലഭിക്കട്ടെ എന്നും ചിലർ ആശംസിക്കുന്നു. 



അഞ്ച് വർഷങ്ങൾക്ക് മുൻപ് 2017-ൽ ആയിരുന്നു ചിത്രം ഔദ്യോഗികമായി കേരളത്തിൽ ചിത്രീകരണമാരംഭിച്ചത്. ഇത്രയും നീളമേറിയ ചിത്രീകരണ കാലഘട്ടം നേരിട്ട ഒരു ഇന്ത്യൻ ചിത്രം അപൂർവമാണ്. കോവിഡ് അനുബന്ധ സാഹചര്യങ്ങൾ ചിത്രീകരണത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു.


Also Read: ആടുജീവിതത്തെ നേരിട്ടറിയാൻ ജോർദാൻ മരുഭൂമിയിൽ എ.ആർ റഹ്മാൻ;റഹ്മാൻ്റെ വീഡിയോ പുറത്ത്


2021 ജൂൺ മാസമായിരുന്നു ചിത്രത്തിൻ്റെ നാല് വർഷത്തിലധികം നീണ്ടുനിന്ന ഏറെ പ്രതിസന്ധികൾ നിറഞ്ഞ ആഫ്രിക്കൻ ചിത്രീകരണം അവസാനിപ്പിച്ച് ആടുജീവിതം ടീം തിരിച്ചെത്തിയത്. ചിത്രീകരണ സ്ഥലത്തെ അതികഠിനമായ ചൂട് അണിയറ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെ ആയിരുന്നു. അൽജീരിയയിലും ജോർദ്ദാനിലുമുള്ള ഷൂട്ടിംഗിന് ശേഷവും രണ്ട് ദിനങ്ങൾ കേരളത്തിലെ പത്തനംതിട്ടയിൽ ഏതാനും രംഗങ്ങൾ ചിത്രീകരണം തുടർന്നിരുന്നു.


ബെന്യാമിന്റെ അന്തർദേശിയ തലത്തിൽ തന്നെ പ്രശസ്തമായ ആട് ജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നജീബ് എന്ന കേന്ദ്രകഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിനായി സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. അമല പോൾ ആണ് ചിത്രത്തിലെ നായിക. മുപ്പത് വർഷങ്ങൾക്ക് ശേഷം ആദ്യമായി എ. ആർ. റഹ്മാൻ മലയാളത്തിൽ സംഗീതം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി ആടുജീവിതത്തിനുണ്ട്. 1992-ൽ പുറത്തിറങ്ങിയ മോഹൻലാൽ - സംഗീത് ശിവൻ ടീമിൻ്റെ 'യോദ്ധ' എന്ന ചിത്രത്തിനുവേണ്ടിയാണ് അവസാനമായി എ.ആർ. റഹ്മാൻ മലയാളത്തിൽ സംഗീതസംവിധാനം നിർവ്വഹിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.