പെണ്‍കുട്ടികള്‍ക്ക് എന്നല്ല ആണ്‍കുട്ടികള്‍ക്ക് സംഭവിച്ചാലും മോശം-ചന്തുനാഥ് മനസ്സ് തുറക്കുന്നു
തുടക്കക്കാരൻ എന്ന നിലയിൽ അധികം അവസരങ്ങൾ ചോദിച്ചു പോകേണ്ടി വന്നിട്ടില്ല.ഭാഗ്യത്താൽ അവസരങ്ങൾ വന്നുചേരുന്നു.
(നിലപാടുകൾ കൊണ്ട് വ്യത്യസ്തനായ പുതുമുഖ നടൻമാരിലൊരാളാണ് ചന്തുനാഥ്, താരം സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ നിന്ന്)
കരിയറിന്റെ തുടക്കത്തിൽ തന്നെ മോഹൻലാൽ, സുരേഷ്ഗോപി, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ സാധിക്കുക എന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചും സ്വപനമാണ്. ആ നിലയ്ക്ക് ഇവർ മൂന്നുപേർക്കുമൊപ്പം അഭിനയിക്കാൻ സാധിച്ചു എന്നതാണ് പുതുമുഖ താരം ചന്തുനാഥിന്റെ ഭാഗ്യം.
അഭിനയിച്ച സിനിമകളിലൊക്കെ ശ്രദ്ധേയമായ മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ ചന്തുനാഥിന് സാധിച്ചിട്ടുണ്ട്. ഹിമാലയത്തിലെ കശ്മലന്‍, പതിനെട്ടാംപടി, മാലിക്, 21 ഗ്രാംസ്, ഡിവോഴ്‌സ്, സിബിഐ 5, ട്വൽത്ത് മാൻ, പാപ്പൻ തുടങ്ങി ഒട്ടേറെ സിനിമകളില്‍ ഇതിനോടകം വേഷമിട്ടു. പതിനെട്ടാംപടിയിലെ ജോയ് എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമാണ് ചന്തുനാഥിന്റേതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ALSO READ: ID Movie : ധ്യാൻ ശ്രീനിവാസൻ്റെ "ഐഡി " ആരംഭിച്ചു ; ദിവ്യ പിള്ളയാണ് നായിക
മൂന്ന് മഹാനടന്മാർക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും മൂന്നുപേരിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനായെന്നും ചന്തുനാഥ് സീ മലയാളം ന്യൂസിനോട് പറഞ്ഞു. മൂന്ന് പേർക്കും സിനിമയോട് അടങ്ങാത്ത പാഷനും സമർപ്പണമനോഭാവവുമാണ്. അത് തന്നെയാണ് അവരെ ഇത്രയും വർഷങ്ങളായിട്ടും സൂപ്പർ സ്റ്റാറുകളായി നിർത്തുന്നതെന്നും ചന്തുനാഥ് പറഞ്ഞു.
തുടക്കക്കാരൻ എന്ന നിലയിൽ അധികം അവസരങ്ങൾ ചോദിച്ചു പോകേണ്ടി വന്നിട്ടില്ല.ഭാഗ്യത്താൽ അവസരങ്ങൾ വന്നുചേരുന്നു. എത്തുന്ന അവസരങ്ങളെല്ലാം മികച്ചതാണെന്നുള്ളതും ഭാഗ്യം -ചന്തുനാഥ് പറയുന്നു.
സിനിമാ മേഖലയിലെ വിവാദങ്ങളോട് ചന്തുനാഥ് നടത്തിയ പ്രതികരണങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ മേഖലയിൽ സ്ത്രീകൾക്കെതിരായി പ്രശ്നങ്ങൾ നടക്കുന്നതായി തനിക്കറിയില്ലെന്നായിരുന്നു ചന്തുനാഥിന്റെ പ്രതികരണം. തനിക്ക് ധാരാളം നടിമാർ സുഹൃത്തുക്കളായുണ്ടെന്നും അവർക്കാർക്കും മോശം അനുഭവങ്ങൾ ഉണ്ടായതായി പറഞ്ഞിട്ടില്ലെന്നും ചന്തുനാഥ് സീ മലയാളം ന്യൂസിനോട് പറഞ്ഞു.
സിനിമയിൽ പുരുഷൻമാരും പലതരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും ചന്തുനാഥ് കൂട്ടിച്ചേർത്തു. ആര്‍ക്കെങ്കിലും ഇത്തരം അതിക്രമങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ മോശമാണ്. പെണ്‍കുട്ടികള്‍ക്ക് എന്നല്ല ആണ്‍കുട്ടികള്‍ക്ക് സംഭവിച്ചാലും മോശമാണെന്നും ചന്തുനാഥ് പറയുന്നു. സിനിമാ മേഖലയിലെ ഇത്തരം സംഭവങ്ങള്‍ പഠിക്കാന്‍ തനിക്ക് സമയം ആയിട്ടില്ല എന്നും ചന്തുനാഥ് പ്രതികരിക്കുന്നു. ഏതെങ്കിലും ഒരു കേസിന്റെ കാര്യത്തിലാണെങ്കില്‍, കോടതിയാണ് തീരുമാനം പറയേണ്ടത്. തെറ്റ് ചെയ്ത വ്യക്തിക്ക് ശിക്ഷ കിട്ടണം എന്നല്ലാതെ ഞാനെന്ത് പറയണം. ചന്തുനാഥ് നിലപാട് വ്യക്തമാക്കി.
കൊല്ലം സ്വദേശിയായ ചന്തുനാഥ് തിരുവനന്തപുരത്താണ് താമസം. തിരുവനന്തപുരത്തും ബാംഗ്ലൂരുമായിരുന്നു പഠനവും ജോലിയും. ചെറുപ്പം മുതല്‍ കലാരംഗത്ത് സജീവ സാന്നിധ്യമാണ്. സിനിമാ രംഗത്തേക്കുള്ള കടന്നുവരവിന്റെ തുടക്കം മുതൽ തന്നെ മികച്ച കഥാപാത്രങ്ങൾ ചന്തുനാഥിനെ തേടിയെത്തുന്നുണ്ട്. മുൻ നിര നടന്മാരോടും സംവിധായകരോടുമൊപ്പം പ്രവർത്തിക്കാനും ചന്തുനാഥിന് ഇതിനോടകം ഭാഗ്യം ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...