കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ നടന്‍ ഉണ്ണി മുകുന്ദന് ആശ്വാസം. ഹൈക്കോടതി കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. പരാതി നൽകിയ യുവതിയുമായി കേസ് ഒത്തുതീർപ്പാക്കിയെന്ന് ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ അറിയിച്ചു. ഇതിനെതുടർന്നാണ് കോടതി കേസിലെ നടപടികൾക്ക് സ്റ്റേ നല്‍കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നൽകിയ ഹർജി ഹൈക്കോടതി മെയ് 23ന് തള്ളിയിരുന്നു. കേസിൽ വിചാരണ തുടരാമെന്ന് കേരളാ ഹൈക്കോടതി  ഉത്തരവിടുകയും ചെയ്തു. കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തി. 


ഈ സാഹചര്യത്തിൽ കോടതി നടപടികൾ തുടരാമെന്നും സിംഗിൾ ബെഞ്ച് അന്ന് വ്യക്തമാക്കി. കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും പരാതിക്കാരി തന്നെ ഒത്തുതീർപ്പിന് തയ്യാറല്ലെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ നടപടികൾക്കുള്ള സ്റ്റേ നീക്കിയ ശേഷം വിചാരണ തുടരാൻ കോടതി നിർദ്ദേശം നൽകിയത്.


ഉണ്ണി മുകുന്ദന്‍റെ ഫ്ലാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയുടെ പരാതി. സിനിമയുടെ കഥ പറയാൻ ക്ഷണിച്ചതിനെ തുടര്‍ന്ന് ഫ്ലാറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടന്‍ ശ്രമിക്കുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു.