കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും...  


COMMERCIAL BREAK
SCROLL TO CONTINUE READING

ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നുവെന്നാരോപിച്ചാണ്  ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. 


ദിലീപിനെതിരായ പ്രോസിക്യൂഷന്‍ സാക്ഷികള്‍ മൊഴി മാറ്റിയത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് അന്വേഷണ സംഘം  കോടതിയെ സമീപിച്ചത്. ദിലീപും മുഖ്യപ്രതി സുനില്‍ കുമാറും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാനുള്ള പ്രോസിക്യൂഷന്‍റെ സാക്ഷിയടക്കം  മൊഴി മാറ്റിയെന്നാണ് സൂചന.


തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.


സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നതടക്കം കര്‍ശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ഈ ഉപാധികള്‍ താരം ലംഘിച്ചെന്നാണ് അന്വേഷണ സംഘം ആരോപിക്കുന്നത്. കേസില്‍ 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കേണ്ടത്. ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ 44 സാക്ഷികളുടെ വിസ്താരമാണ് പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായിരിക്കുന്നത്. ജനുവരിയ്ക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി പറയാനാണ് സുപ്രീം കോടതി സമയം അനുവദിച്ചിരിക്കുന്നത്. 


അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം സുപ്രീംകോടതി അനുവദിച്ചിരുന്നു.  വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 


Also read: ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നു, ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍


നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ  നീണ്ട  ഇടവേളയ്ക്ക് ശേഷം ജൂൺ അവസാനത്തോടെയാണ് പുനഃരാരംഭിച്ചത്. കോവിഡ് വ്യാപനം കാരണം കോടതി നടപടികൾ നിർത്തിവെച്ചതിനാലാണ്  വിചാരണ തടസ്സപ്പെട്ടത്.